പ്രണയം ക്രൂരതയായി മാറുന്പോൾ അതു യഥാർഥ പ്രണയമായിരുന്നില്ലെന്നു വ്യക്തം. പ്രണയനിരാസത്തിനു മറുമരുന്നായി അതിക്രൂര കൊലപാതകങ്ങൾ വർധിച്ചുവരുന്നതു നമ്മുടെ കൗമാര-യുവ തലമുറയുടെ മാനസികാരോഗ്യത്തിന്റെ പ്രശ്നം കൂടിയായി കാണേണ്ടിയിരിക്കുന്നു. പ്രണയാഭ്യർഥന നിരസിച്ചാൽ പെൺകുട്ടികളുടെ ജീവനെടുക്കുന്ന പ്രവണത കേരളത്തിൽ വർധിച്ചുവരുന്നതു വലിയ ആശങ്കയുളവാക്കുന്നു. ഇതു കാടത്തമാണെന്നു പറയുന്നതു കാട്ടുമൃഗങ്ങൾക്കുപോലും അപമാനമാകും. കാരണം കാട്ടുമൃഗങ്ങൾക്ക് ഇക്കാര്യത്തിൽ ഇതിനേക്കാൾ ഭേദപ്പെട്ട ചില ശൈലികളുണ്ട്.പ്രണയം നിരസിക്കപ്പെട്ടതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നവരും ഇരകളാകുന്നവരും കൂടുതലും ഇരുപതു വയസിൽ താഴെയുള്ളവരാണെന്നതും പ്രത്യേക പഠനം അർഹിക്കുന്നു. കഴിഞ്ഞ വർഷം മേയ് 19നു തിരുവല്ല പട്ടണമധ്യത്തിൽ പട്ടാപ്പകൽ യുവാവ് പെട്രോളൊഴിച്ചു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വർഷംതന്നെ ഒക്ടോബർ പത്തിന് കൊച്ചി കാക്കനാട്ട് പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ ഇരുപത്തിയാ റുകാരൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവമുണ്ടായി.യുവാവും തീകൊളുത്തി ജീവനൊടുക്കി. തിരുവല്ല കുന്പനാട്ട് കൗമാരക്കാരൻ സഹപാഠിയെ തീകൊളുത്തിയതിനു പിന്നിലും പ്രണയമായിരുന്നു വിഷയം. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലും സമാനമായൊരു സംഭവമുണ്ടായി.പ്രണയം നിരസിക്കുന്നവരെ പെട്രോളൊഴിച്ച് അപായപ്പെടുത്തുകയോ ആസിഡൊഴിച്ചു മുഖം വികൃതമാക്കുകയോ ചെയ്ത സംഭവങ്ങൾ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.
മലയാളത്തിൽ “ഉയരെ’’ എന്ന സിനിമയുടെ ഇതിവൃത്തം ഇത്തരമൊരു പകപോക്കലിന്റെയും വികലമായ മനസിനുടമയായ യുവാവിന്റെയും അതിനെ അതിജീവിച്ച പെൺകുട്ടിയുടെയും കഥയായിരുന്നു. നടി പാർവതിയുടെ അഭിനയമികവിലൂടെ ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത “ഛപാക്’’ എന്ന ഹിന്ദി ചിത്രം ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ ജീവിതകഥ പറയുന്നു.പ്രശസ്ത ബോളിവുഡ് താരം ദീപിക പദുക്കോണാണ് ഈ വേഷം ചെയ്തിരിക്കുന്നത്. ഇത്തരം സിനിമകളും മറ്റും ക്രൂരമായ പ്രതികാരങ്ങൾ ചെയ്തവരുടെ വികലമായ മാനസികാവസ്ഥയെയും ക്രിമിനൽ മനോഭാവത്തെയും ചിത്രീകരിക്കുന്നുണ്ടെങ്കിലും കൗമാര കുതൂഹലങ്ങളെ ഇത്തരം ചിത്രങ്ങൾ എപ്രകാരമാണു സ്വാധീനിക്കുകയെന്നു പറയാനാവില്ല.പ്രണയം പാവനമായൊരു സ്നേഹബന്ധത്തിന്റെ രൂപമായാണു ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ പല തരത്തിലുള്ള പ്രായോഗിക താത്പര്യങ്ങളും കടന്നുവന്നു. പ്രണയത്തെ കെണിയാക്കി മാറ്റുന്ന നിരവധി സംഭവങ്ങളാണിപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മതതീവ്രവാദത്തിനും മറ്റുമായി പെൺകുട്ടികളെ വശീകരിച്ചു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അപക്വമായ ബന്ധങ്ങളും ആത്മാർഥതയില്ലാത്ത സൗഹൃദങ്ങളും പുതിയ തലമുറയിൽ വർധിച്ചുവരുന്നുവെന്നതു വലിയ അപകടസൂചനയാണ്. ഇത്തരം കെണികളിൽ കൂടുതലായി വീഴുന്നതു കൗമാരക്കാരായ പെൺകുട്ടികളാണ്. മറിച്ചുള്ള സംഭവങ്ങളും വിരളമല്ല. കൊച്ചി കലൂർ സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ഈയടുത്ത ദിവസമാണുണ്ടായത്. പ്രണയാഭ്യർഥന നിരസിച്ചതിലെ പകയായിരുന്നു കാരണം.പ്രണയം നിരസിച്ച യുവാവുമായുള്ള വീഡിയോ കോളിനിടെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം പീരുമേട്ടിലുണ്ടായതു കഴിഞ്ഞ ദിവസമാണ്. മരണദൃശ്യങ്ങൾ ഫോണിൽ കണ്ട യുവാവ് ഇതിന്റെ സ്ക്രീൻ ഷോട്ടുമായി പീരുമേട് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചതിനെത്തുടർന്നു പോലീസ് വീട്ടിലെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. അമ്മ ജോലിക്കു പോയിരിക്കുകയുമായിരുന്നു.പ്രണയം നിരസിക്കപ്പെട്ടാൽ പിന്നെ ജീവിക്കേണ്ടെന്നു തീരുമാനിക്കുന്നവരും ജീവിക്കാൻ അനുവദിക്കില്ലെന്നു തീരുമാനിക്കുന്നവരും കേരളീയ സമൂഹത്തിലും ഏറിവരുന്നുവെന്നതു നിസാരമായി കാണാനാവില്ല. അതിലും ഭീകരമാണ് പ്രണയത്തിന്റെ പേരിലുള്ള കൊടുംചതികൾ. പ്രണയം നിരസിച്ചാൽ പെൺകുട്ടിയെ ഇല്ലാതാക്കണമെന്നോ വിരൂപയാക്കണമെന്നോ ചിന്തിക്കുന്നവരുടെ മാനസികാവസ്ഥ ചികിത്സ ആവശ്യമുള്ളതാണ്. ആധുനിക ജീവിത സാഹചര്യങ്ങളും കുടുംബബന്ധങ്ങളിലെ ഇഴചേർച്ചയില്ലായ്മയുമൊക്കെ ഇതിനു വഴിയൊരുക്കുന്നുണ്ട്. ജീവിതപങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ തന്റെ ഇഷ്ടമനുസരിച്ചു മാത്രമേ പെരുമാറാവൂ എന്ന നിർബന്ധം ഏതു ഭാഗത്തുനിന്നുണ്ടായാലും അതു അതിരുകടന്ന സ്വാർഥതയുടെ പ്രകടനമാണ്.മൊബൈൽ ഫോണുകളുടെ ഉപയോഗവും നവ സമൂഹമാധ്യമങ്ങളുടെ പ്രചാരവും വർധിച്ചതോടെ ബന്ധങ്ങൾക്കു കൂടുതൽ സൗകര്യവും ആശയവിനിമയത്തിനു കൂടുതൽ അവസരങ്ങളുമൊരുങ്ങി. അതോടൊപ്പം അതിന്റെ ദുരുപയോഗവും പെരുകി. കെണിയിൽ പെടുത്താനുള്ള വഴികൾ നിരവധിയായി. ഇത്തരം കെണികളിൽ പെൺകുട്ടികളാണു കൂടുതലും വീഴാറുള്ളത്. സെൽഫി മാത്രമല്ല, മോർഫ് ചെയ്ത ചിത്രങ്ങളും പലരുടെയും ഭാവി അപകടത്തിലാക്കും. ഇത്തരം അപക്വവും അവസരവാദപരവും ആക്രമണസ്വഭാവമുള്ളതുമായ പ്രണയം തിരിച്ചറിയാൻ പെൺകുട്ടികൾക്കു കഴിയണം. അതിനുള്ള ബോധവത്കരണം പല തലങ്ങളിൽ നടക്കേണ്ടിയിരിക്കുന്നു.ആരോഗ്യകരമായ സൗഹൃദങ്ങളും ലൈംഗിക വിദ്യാഭ്യാസവും ഇനിയും നമ്മുടെ പാഠ്യപദ്ധതികളിൽ ശാസ്ത്രീയമായി ഉൾപ്പെടുത്തിയിട്ടില്ല. അധ്യാപകർക്കും ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ചെയ്യാനാവും. കുട്ടികളുമായി വ്യക്തിബന്ധം പുലർത്തുന്ന അധ്യാപകർക്ക് അവരുടെ സ്വഭാവത്തിലെ മാറ്റങ്ങൾ പെട്ടെന്നു മനസിലാക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനും കഴിയും. പരിധിവിടുന്ന ബന്ധങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം. മാതാപിതാക്കളാകട്ടെ കുട്ടികളെ ന്യായീകരിക്കാൻ വ്യഗ്രത കാട്ടാതെ കാര്യങ്ങൾ മനസിലാക്കി തിരുത്തലുകൾക്കു പ്രേരിപ്പിക്കുക. ചില കാര്യങ്ങളോടു ധൈര്യമായി പ്രതികരിക്കാനും വേണ്ടെന്നു പറയേണ്ടിടത്ത് അതു പറയാനും പെൺകുട്ടികൾക്കു കഴിയണം. അപകടകരമായ സാഹചര്യങ്ങൾ കുട്ടികൾക്കു മനസിലാക്കിക്കൊടുക്കാനുള്ള പരിശീലനം കുടുംബത്തിൽനിന്നുതന്നെ ലഭിക്കുകയും വേണം.