ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ആക്രമണം ആസൂത്രണം ചെയ്തെന്നു സംശയിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളെ വിളിച്ചുവരുത്തി അവരുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ്, യൂണിറ്റി എഗനസ്റ്റ് ലെഫ്റ്റ് എന്നീ വാട്സ് ആപ്പ് കൂട്ടായ്മകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആവശ്യപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും നല്‍കണമെന്നും ഗൂഗിളിനോടും വാട്സ്ആപ്പിനോടും കോടതി നിര്‍ദേശിച്ചു. പോലീസ് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണമെന്ന് ജെഎന്‍യു രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നല്കിയ നോട്ടീസിനോട് സര്‍വകലാശാല പ്രതികരിച്ചില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം.
മുഖംമൂടി ആക്രമണത്തിന്റെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്ട്സ് ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യുവിലെ മൂന്ന് അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.