ന്യൂഡല്‍ഹി: ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ ആക്രമണം നടത്തിയ നാലു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണു പോലീസ് പറയുന്നത്. ആരെയൊക്കെ ആക്രമിക്കണം എന്ന കാര്യത്തില്‍ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നെന്നും കാന്പസിനകത്തുനിന്ന് ഇവര്‍ക്കു സഹായം ലഭിച്ചിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയാണ് എന്നതു സംബന്ധിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
അക്രമികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണു പോലീസ് നല്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര് വിവരങ്ങള്‍ കൈമാറിയെന്നും പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പോലീസിനു കൈമാറിയിട്ടുള്ളത് എന്നാണു സൂചന.
ഞായറാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 34 പേര്‍ക്കാണു പരിക്കേറ്റത്. അക്രമികളെ ഇതേവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെങ്കിലും, ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്ഥികള്ക്കെതിരേ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജഐന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 26 പേര്‍ക്കെതിരേ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എബിവിപി പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.