വാർത്തകൾ
🗞🏵 *ഓര്‍ത്തഡോക്സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ.* സുപ്രീംകോടതി വിധി കണക്കിലെടുക്കണമെന്നും സഭാനേതൃത്വം ഗവര്‍ണറെ കണ്ട് ആവശ്യപ്പെടും.ഇടവകാംഗങ്ങളുടെ മൃതദേഹങ്ങള്‍ അതാത് പള്ളി സെമിത്തേരികളില്ത്തന്നെ സംസ്കരിക്കുന്നത് അവകാശമാക്കിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കിയത്. കരട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇത് നിയമവകുപ്പ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കാനിരിക്കേയാണ് ഓര്‍ത്തഡോക്സ് സഭയുടെ നീക്കം. സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടെന്നും ഓര്‍ഡിന്‍സ് ഇതിനെതിരാണെന്നും സഭാനേതൃത്വം ഗവര്‍ണറെ അറിയിക്കും. കോടതിവിധി അട്ടിമറിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെടും.
🗞🏵 *ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ ജീവന് നഷ്ടമായത് അന്പതുകോടി വന്യജീവികള്‍ക്ക്.* ജൈവവിധ്യത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മുന്നില്‍നില്‍ക്കുന്ന ഓസ്ട്രേലിയയില്‍നിന്ന് കരളലിയിക്കുന്ന കാഴ്ചകളാണ് ഓരോദിനവും പുറത്തുവരുന്നത്.
🗞🏵 *പൗരത്വ റജിസ്റ്ററിെനക്കുറിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ബിനോയ് വിശ്വം അവകാശലംഘന നോട്ടിസ് നല്കി.* രാജ്യസഭ സെക്രട്ടറി ജനറലിനാണ് നോട്ടിസ് നല്‍കിയത്. ദേശീയ പൗരത്വ റജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് പാര്‍ലമെന്റില്‍ ഒന്‍പത് തവണ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
🗞🏵 *അമേരിക്കയെ വെല്ലുവിളിച്ച് ഡ്രോൺ ആക്രമണത്തിലൂടെ യുഎസ് വധിച്ച ഖുദ് സേന തലവൻ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനി.* പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കി യുഎസിനെതിരായ സൈനബിന്റെ ഭീഷണി.
🗞🏵 *ലഹരിമരുന്ന് നൽകി നൂറിലധികം പുരുഷൻമാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തൊനീഷ്യൻ വിദ്യാർഥിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.* ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ഇന്തൊനീഷ്യൻ സ്വദേശിയായ റെയ്ൻഹാർഡ് സിനാഗ (36)യ്ക്ക് ശിക്ഷ വിധിച്ചത്. ഇയാൾ 195 ഓളം പേരെ ആക്രമിച്ചിരിക്കാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. താമസിക്കാനോ മദ്യം കഴിക്കാനോ സ്ഥലം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആളുകളെ പീഡിപ്പിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
🗞🏵 *ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.* ഒന്പതംഗബഞ്ചില് ജസ്റ്റിസ് ആർ.എഫ്.നരിമാന്, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഇല്ല. വിശാലബഞ്ചിന് വിടുന്നതിനെ ജ. നരിമാനും ജ.ചന്ദ്രചൂഢും എതിര്‍ത്തിരുന്നു. ശബരിമല കേസില്‍ വിധിയെഴുതിയ ജഡ്ജിമാര്‍ ആരും ഒന്പതംഗബഞ്ചില് ഇല്ല.
🗞🏵 *വാളയാര്‍ പെൺകുട്ടികളുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം തുടങ്ങി.* പൊലീസ് അന്വേഷണത്തിലും പ്രോസിക്യൂഷന്റെ ഭാഗത്തും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. . കേസിനെക്കുറിച്ചുളള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ െപാലീസ് മേധാവി ഉള്‍പ്പെടെയുളളവര്‍ക്ക് കമ്മിഷൻ നോട്ടീസ് അയച്ചു.
🗞🏵 *മുത്തൂറ്റ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാന്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി.* ജീവനക്കാര്‍ യാത്രാവിവരങ്ങള്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ജീവനക്കാരുടെ യാത്രാവിവരങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സൗകര്യപ്രദമായ ഒരു നടപടി ക്രമം ഒരുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ബാനര്‍ജി റോഡിലെ പ്രധാന ഓഫീസിലെയും കടവന്ത്ര മേഖലാ ഓഫീസിലേയും ജീവനക്കാര്‍ക്കാണ് ജോലിക്കു കയറാന്‍ സംരക്ഷണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. സമരക്കാര്‍ ജീവനക്കാരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
🗞🏵 *കേരളബാങ്കിന്റ ഭാഗമാകാതെ മാറിനിന്ന മലപ്പുറം ജില്ലാ സഹകരണബാങ്കിനെതിരെ നടപടിയുമായി സര്‍ക്കാര്‍.* ബാങ്കിന് കീഴിലുള്ള പ്രാഥമിക സഹകരണസംഘങ്ങളെ കേരളബാങ്കിന്റ ഭാഗമാക്കാന്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു.
🗞🏵 *കേരള കോണ്‍ഗ്രസിൽനിന്നു കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോണ്‍ഗ്രസിൽ ആലോചന.* പകരം പുനലൂർ സീറ്റുനൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുന്‍പ് മൽസരിച്ചിരുന്ന സീറ്റാണ് പുനലൂർ.
🗞🏵 *മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്.* കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു കല്ലേറ്.
🗞🏵 *ബൈക്കിലെത്തി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഓടിരക്ഷപ്പെട്ട യുവാവ് പിടിയിൽ.* പടമുഗൾ താണപാടം അമലിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
🗞🏵 *സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്.* ആലപ്പുഴയിൽ വരയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ജൂഡിന് പരിക്കേറ്റത്.ബോട്ടിൽനിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെ ജൂഡിനു പരിക്കേൽക്കുകയായിരുന്നു എന്നാണു വിവരം. പരിക്കേറ്റ ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🗞🏵 *കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ ചൊവ്വാഴ്ച അർധരാത്രി മുതൽ തുടങ്ങുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.* ബുധനാഴ്ച കടകളെല്ലാം തുറന്നു പ്രവർത്തിക്കും. കടകൾ തുറക്കാൻ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസുറുദ്ദീൻ വ്യക്തമാക്കി.
🗞🏵 *മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരത്തിൽ മാനേജ്മെന്റിനെ കുറ്റപ്പെടുത്തി തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ.* മാനേജ്മെന്റാണു പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നതെന്നും മാനേജ്മെന്റ് നിലപാടു മാറ്റിയാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
🗞🏵 *ഇറാൻ വിദേശകാര്യമന്ത്രിക്ക് വീസ നിഷേധിച്ച് അമേരിക്ക.* യുഎൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്റെ അപേക്ഷയാണ് ട്രംപ് ഭരണകൂടം നിരസിച്ചത്. ഇതോടെ സരിഫിനു യോഗത്തിൽ പങ്കെടുക്കാനാകില്ല.
🗞🏵 *ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദുരക്ഷാദൾ.* സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമർ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഉത്തരവാദിത്തമേറ്റുകൊണ്ടുള്ള വീഡിയോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
🗞🏵 *അവധി കഴിഞ്ഞ് സൂപ്രീം കോടതി തിങ്കളാഴ്ച വീണ്ടും ചേർന്നതോടെ ഒട്ടേറെ സുപ്രധാന വിധികളാണ് വരാനിരിക്കുന്നത്.* പൗരത്വ നിയമം, ശബരിമലയിലെ യുവതിപ്രവേശനം, ജമ്മുകാഷ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയ വിവാദ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ വിധി ഏറെ പ്രാധാന്യമർഹക്കുന്നതാവും.
🗞🏵 *ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നേർക്കുണ്ടായ ആക്രമണങ്ങളിൽ പങ്കുണ്ടെന്നു തുറന്നുസമ്മതിച്ച് എബിവിപി നേതാവ്.* സംഘടനയുടെ ഡൽഹി ജോയിന്റ് സെക്രട്ടറി അനിമ സൊൻകറാണ് ഒരു ദേശീയ ചാനലിൽ ചർച്ചയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
🗞🏵 *ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തനിച്ചു മൽസരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോ.* വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡൽഹിയുടെ ചുമതലയുള്ള ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.ആം ആദ്മി പാർട്ടിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും കോൺഗ്രസ് ഇല്ല. ശക്തമായ പ്രചരണത്തിന് പാർട്ടി ഒരുങ്ങുകയാണ്. മികച്ച ഭൂരിപക്ഷം പാർട്ടിക്കു ലഭിക്കുമെന്നും ചാക്കോ പ്രതീക്ഷ പ്രകടിപ്പിച്ചു.
🗞🏵 *കേരളാ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.* പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.
🗞🏵 *മൂത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ.* തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് തരത്തിലുള്ള ആക്രമണത്തെയും സർക്കാർ എതിർക്കും. സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശനമായ നടപടിയെടുക്കും. ജീവനക്കാരെ പിരിച്ചുവിട്ടതിന് തൊഴിലാളി സംഘടനകൾ നടത്തുന്ന സമരത്തെ മോശമാക്കാൻ വേണ്ടി ബോധപൂർവം നടത്തിയ ആക്രമണമാണോ എന്ന സംശയവും മന്ത്രി പ്രകടിപ്പിച്ചു.
🗞🏵 *നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും കോടതിക്ക് മുന്നിൽ ഹർജിയുമായി നടൻ ദിലീപ്.* കേസിലെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു.
🗞🏵 *ബിജെപി നേതാക്കളുടെ “തുക്ടേ തുക്ടേ ഗാംഗ്’ പരാമർശം കടമെടുത്ത് കേന്ദ്രമന്ത്രി എസ്. ജയശങ്കർ.* താൻ ജെഎന്‍യുവിൽ പഠിക്കുന്ന കാലത്ത് അവിടെ തുക്ടേ തുക്ടേ ഗാംഗ് ഇല്ലായിരുന്നെന്നായിരുന്നു സർവകലാലയിലെ പൂർവവിദ്യാർഥി കൂടിയായ ജയശങ്കറിന്റെ പരാമർശം.
🗞🏵 *ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു.* അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എംസി (72)യാണ് മരിച്ചത്.
🗞🏵 *മോദി സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റിയിൽനിന്ന് മലയാളി ഉദ്യോഗസ്ഥൻ സി.പി. ചന്ദ്രശേഖർ രാജിവച്ചു.* ജെഎന്‍യുവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ ആക്രമണത്തിലും സമിതിയിലെ രാഷ്ട്രീയ ഇടപെടലിലും പ്രതിഷേധിച്ചാണ് ജെഎന്‍യു അധ്യാപകൻ കൂടിയായിരുന്ന ചന്ദ്രശേഖറിന്റെ രാജി.
🗞🏵 *ഫോബ്സ് മാഗസിന്റെ ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയിൽ കനയ്യകുമാറും.* ജെഎന്‍യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റും സിപിഐ നേതാവുമാണ് കനയ്യകുമാർ.
🗞🏵 *അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ.* ചൊവ്വാഴ്ച ചേർന്ന പാർലമെന്റ് സമ്മേളനമാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. യുഎസ് പ്രതിരോധ വിഭാഗമായി പെന്റഗണിനെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെ സഹായിക്കുന്നത് ഭീകരപ്രവർത്തനമായി കണക്കാക്കും.
🗞🏵 *ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരേ പോലീസ് രജിസ്റ്റർ ചെയ്തത് രണ്ടു കേസുകൾ.* ഞായറാഴ്ച വൈകിട്ട് നാലു മിനിറ്റിന്റെ ഇടവേളയിലാണ് ഡൽഹി പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്. ജഐൻയു കാന്പസിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ തലപൊട്ടി ചോരയൊലിക്കവെയാണ് ഐഷിക്കെതിരേ ഈ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് എന്നതാണു ശ്രദ്ധേയം.
🗞🏵 *ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയിൽ ചേർന്ന 10 ഇന്ത്യാക്കാർ അഫ്ഗാനിസ്ഥാൻ ജയിലിലുണ്ടെന്നു സ്ഥിരീകരിച്ചു കേന്ദ്രസർക്കാർ.* കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത് എന്നിവരാണ് കാബുൾ ജയിലിലുള്ള മലയാളികൾ. ഐഎസിൽ ചേർന്ന നഫീസ, റുക്സാന അഹംഗീർ, സാബിറ, റുഹൈല തുടങ്ങിയവരും ജയിലിലുണ്ടെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.
🗞🏵 *കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം.* പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കേരളത്തിന് കത്തയച്ചു. കോർപറേഷൻ വഴി അനുവദിച്ച അരിയുടെ വിലയായ 205.81 കോടി രൂപ നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
🗞🏵 *ജവഹർലാൽ നെഹ്റു സർവകലാശാലയിലുണ്ടായ ആക്രമണം നിർഭാഗ്യകരവും വേദനിപ്പിക്കുന്നതുമാണെന്ന് വൈസ് ചാൻസലർ ജഗദീഷ് എം. കുമാർ.* ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുന്പോഴാണ് വിസി ഒരു മിനിറ്റിൽ പ്രതികരണം ഒതുക്കിയത്. അക്രമങ്ങൾക്കു വിസി മൗനപിന്തുണ നൽകി എന്ന തരത്തിൽ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിസി മാധ്യമങ്ങളെ കാണുന്നത്.
🗞🏵 *യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്.* ഇറാനിയൻ നഗരമായ കെർമനിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്.
🗞🏵 *വിദ്യാർഥികൾക്കും അധ്യാപകർക്കും കൂട്ടമായി പനി പിടിച്ചതോടെ സ്കൂൾ രണ്ടു ദിവസത്തേയ്ക്ക് അടച്ചു.* കോഴിക്കോട് ആനയാംകുന്ന് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് കൂട്ടമായി പനിബാധയുണ്ടായത്.
🗞🏵 *നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് പുലർച്ചെ ഏഴിന് നടപ്പാക്കാൻ കോടതി ഉത്തരവിട്ടു.* കേസിലെ നാല് പ്രതികൾക്കും ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. കേസിലെ പ്രതികൾക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
🗞🏵 *പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാന ചിന്തയുള്ള രാഷ്ട്രീയ പാർട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്താൻ കോണ്‍ഗ്രസ് തയാറാണെന്ന് കെ.സി.വേണുഗോപാൽ.* സിപിഎമ്മുമായി ചേർന്ന് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ തള്ളിയാണ് വേണുഗോപാലിന്റെ നിലപാട് പ്രഖ്യാപനം.
🗞🏵 *മകൾക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി.* നിർഭയ കേസ് പ്രതികൾക്ക് സുപ്രീം കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. നാല് പ്രതികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഇടയാക്കുമെന്ന് അവർ പറഞ്ഞു. ജുഡീഷൽ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം ഈ തീരുമാനത്തോടെ വർധിച്ചു- ആശാ ദേവി കൂട്ടിച്ചേർത്തു.
🗞🏵 *കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.* പണിമുടക്കിൽ പങ്കെടുക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.
🗞🏵 *ചൈനയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതപീഡനം രൂക്ഷമാകുന്നു.* ഫുജിയാന്‍ പ്രവിശ്യയുടെ ഭാഗമായ ഫൂജു അതിരൂപതയിലെ നൂറിലധികം കത്തോലിക്ക പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരാന്‍ വിസമ്മതിച്ചു നില്ക്കുന്ന വൈദികര്‍ നടത്തുന്ന പ്രാര്‍ത്ഥന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്.
🗞🏵 *കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായി തീർന്നത് ഭ്രൂണഹത്യ വഴിയാണെന്ന് ട്രാക്കിംഗ് സേവന ദാതാവായ വേൾഡോ മീറ്ററിന്റെ കണക്ക്* . നാലു കോടി ഇരുപതുലക്ഷം ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞവർഷം അമ്മമാരുടെ ഉദരത്തിൽവച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മറ്റ് കാരണങ്ങൾ മൂലം മരിച്ചവരുടെ എണ്ണത്തേക്കാൾ അധികമായി ഭ്രൂണഹത്യയിലൂടെ മനുഷ്യ ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
🗞🏵 *ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളെ ചുട്ടെരിച്ചുകൊണ്ട് സംഹാര താണ്ഡവമാടിയ കാട്ടുതീയും, വരള്‍ച്ചയും അവസാനിക്കുന്നതിനും മഴ ലഭിക്കുന്നതിനും പ്രത്യേക പ്രാര്‍ത്ഥനയുമായി സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍.* സിഡ്നിയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി മഴക്ക് വേണ്ടിയുള്ള ഈ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.
🗞🏵 *കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി* . ആദ്യം സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ സെപ്തംബറില്‍ സുപ്രീം കോടതി തള്ളി കളഞ്ഞെങ്കിലും പരാതിക്കാരന് പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരിന്നു. വിധി ന്യായം അന്തിമമാണെന്നും ഇനി പുനഃപരിശോധന ഉണ്ടാകില്ലായെന്നും സുപ്രീം കോടതി വ്യക്തമാക്കി.
🗞🏵 *ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മൊഴി ശ്രീലങ്കന്‍ പോലീസ് രേഖപ്പെടുത്തും.* രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും നൂറു കണക്കിന് ക്രൈസ്തവരുടെ മരണത്തിനിടയാക്കിയ ആക്രമണം തടയുന്നതില്‍ അന്നത്തെ പോലീസ് തലവനും പ്രതിരോധ സെക്രട്ടറിയും പരാജയപ്പെട്ടുവെന്ന ആരോപണമാണ് കേസിനാധാരം. കോടതി നിര്‍ദേശപ്രകാരം ലങ്കന്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണു മൊഴി രേഖപ്പെടുത്തുക.
🗞🏵 ഒ *രു പെണ് കുട്ടിയ്ക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുത്, തേങ്ങിക്കരഞ്ഞ് കേന്ദ്രസര്‍ക്കാറിനോട് അപേക്ഷയുമായി ഐ.എസ് സംഘത്തിലെ നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു.* അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ള തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവാണ് മകളെ കാബൂളിലെ ജയില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മകള്‍ കാബൂളിലെ ജയിലിലാണെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
🗞🏵 *വിധി നടപ്പാക്കും മുമ്പ് നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ട് .* ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ അവസാന ആഗ്രഹം ജയില്‍ അധികൃതര്‍ ചോദിക്കുന്നത് പല ചിത്രങ്ങളിലുമുണ്ടെന്നും , എന്നാല്‍ ജയില്‍ നിയമ പ്രകാരം തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് കുറ്റവാളിയുടെ അവസാന ആഗ്രഹം ചോദിക്കേണ്ട ആവശ്യമില്ലെന്നും തിഹാര്‍ ജയില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അജയ് കശ്യപ് ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
*ഇന്നത്തെ വചനം*
യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി.
കാള, ആട്, പ്രാവ് എന്നിവ വില്ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന് കണ്ടു.
അവന് കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു.
പ്രാവുകളെ വില്ക്കുന്നവരോട് അവന് കല്പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്‍െറ പിതാവിന്‍െറ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.
അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്‍െറ ശിഷ്യന്മാര് അനുസ്മരിച്ചു.
യോഹന്നാന് 2 : 13-17
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
*വചന വിചിന്തനം*
പിതാവിന്റെ ആലയം കച്ചവട സ്ഥലമാക്കരുത്
വീട് ചന്തയാക്കരുത് എന്നാണ് യേശുവിന്റെ നിര്‍ദ്ദേശം (2:16). കാരണം, വീടിന്റെയും ചന്തയുടെയും സ്വഭാവരീതികള്‍ വിരുദ്ധമാണ്.
എനിക്ക് എങ്ങനെ ലാഭമുണ്ടാക്കാം എന്നതാണ് കച്ചവടസ്ഥലത്തെ ചിന്ത. മറ്റേയാള്‍ക്ക് എത്രമാത്രം കൊടുക്കാനാവും എന്നതാണ് വീട്ടിലെ പ്രധാനചിന്ത. മക്കള്‍ക്ക് എങ്ങനെ നല്ല ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കാനാവും എന്നാണ് മാതാപിതാക്കള്‍ ചിന്തിക്കുന്നത്.
നിന്റെ സ്നേഹബന്ധങ്ങളിലും സുഹൃദ്വലയങ്ങളിലും നീ ചിന്തിക്കേണ്ടത് എത്രമാത്രം നിനക്ക് കൊടുക്കാനാവും എന്നതാണ്. സൗഹൃദത്തിന്റെയും വീടിന്റെയും പരിശുദ്ധി വളര്‍ന്നുവരുന്നത് അങ്ങനെയാണ്. വീട്ടിലെ മറ്റ് അംഗങ്ങളെക്കൊണ്ട് മുതലെടുക്കുന്നവർ വീട് ചന്തയാക്കുകയാണ്.
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*