കർഷകരെ – വിശിഷ്യ ചെറുകിട, ഇടത്തരം കർഷകരെ – എല്ലാവിധത്തിലും ഞെരുക്കുന്ന നടപടികളാണു ഭരണകൂടത്തിന്റെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. എണ്ണത്തിൽ ഏറെയുണ്ടെങ്കിലും കർഷകർക്കു സംഘടിതമായ വിലപേശലിനോ സമ്മർദം ചെലുത്തലിനോ പാങ്ങില്ലാത്തതുകൊണ്ടാവും അവരുടെ ആവശ്യങ്ങൾക്കും പരിദേവനങ്ങൾക്കും ഭരണാധികാരികൾ ചെവികൊടുക്കാത്തത്. കർഷകദ്രോഹം എങ്ങനെയൊക്കെയാവാം എന്നു പരീക്ഷിക്കുക ഭരണകൂടങ്ങൾക്കു വളരെ പ്രിയപ്പെട്ട വിഷയമാണെന്നു തോന്നുന്നു. സ്വർണം പണയം വച്ചു കാർഷിക വായ്പയെടുക്കാൻ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു മാത്രമേ സാധിക്കൂ എന്നതാണു കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. ഈ നിബന്ധന കേരളത്തിലെ ലക്ഷക്കണക്കിനു കർഷകർക്ക് ഏറെ ദോഷകരമാകും.സ്വർണപ്പണയത്തിന്മേൽ കാർഷികവായ്പയെടുക്കുന്നവരാണു കേരളത്തിലെ വലിയൊരു ഭാഗം കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും. നാലു ശതമാനം പലിശയ്ക്കാണു ബാങ്കുകൾ കൃഷിവായ്പ നൽകിയിരുന്നത്. ഈ വായ്പ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രം നൽകിയാൽ മതിയെന്നാണു കേന്ദ്രസർക്കാരിന്റെ നിർദേശം. ഇതനുസരിച്ചു നടപടികൾക്കായി ബാങ്കുകൾക്കു നിർദേശം നൽകിക്കഴിഞ്ഞു.
കെസിസി ഇല്ലാത്തവർ ഇനി സ്വർണപ്പണയ വായ്പ എടുത്താൽ ഒന്പതു ശതമാനം പലിശ നൽകണം.കേരളത്തിലെ ലക്ഷക്കണക്കിനു കർഷകർ കെസിസി ഇല്ലാത്തവരാണ്. സംസ്ഥാനത്ത് ഇപ്പോഴുള്ള കൃഷിവായ്പകൾ ഉപയോഗപ്പെടുത്താൻ ഇവർക്കു സാധിക്കാതാവുകയാണു പുതിയ ഉത്തരവിലൂടെ. ഇവർക്ക് ഇനി നാലു ശതമാനം പലിശയ്ക്കു കൃഷിവായ്പ കിട്ടില്ലെന്നു സാരം. അടുത്ത ഏപ്രിൽ ഒന്നിനാണിതു നിലവിൽ വരുകയെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും ഈ നിർദേശം മുൻകാല പ്രാബല്യത്തോടെയുള്ളതാണെന്നു ചില ബാങ്കുകൾ ശഠിക്കുന്നു. അതായത്, പ്രഖ്യാപനത്തിനു മുന്പുതന്നെ പലിശനിരോധനം നിലവിൽ വന്നിരിക്കുന്നുവത്രേ. നാലു ശതമാനം പലിശ എന്ന ആനുകൂല്യം ലഭിക്കണമെങ്കിൽ കെസിസി നിലവിലുണ്ടായിരിക്കണം. ബാങ്കുകളുടെ ഈ നിലപാട് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നു. നാലു ശതമാനം പലിശയെന്നു കരുതി വായ്പയെടുത്തവരും അന്യായപ്പലിശ നൽകേണ്ടിവരുന്ന അവസ്ഥ.വട്ടിപ്പണക്കാരുടെയും അന്യായപ്പലിശക്കാരുടെയും ചൂഷണം കാർഷികമേഖലയിൽ വളരെ രൂക്ഷമായുണ്ടായിരുന്നു. ഇതിനൊരു പരിഹാരമായിരുന്നു ദേശസാത്കൃത ബാങ്കുകളും മറ്റും നൽകുന്ന സ്വർണപ്പണയ കാർഷികവായ്പ. കാർഷികമേഖലയ്ക്ക് ഒരു ഉത്തേജക പദ്ധതിയായി കൊണ്ടുവന്ന ഈ പലിശ സബ്സിഡി ലക്ഷക്കണക്കിനു കർഷകർക്കും ചെറുകിട തൊഴിലുകളിൽ ഏർപ്പെടുന്നവർക്കും പ്രയോജനകരമായിരുന്നു. എന്നാൽ ഒറ്റയടിക്ക് ഇതു പരിമിതപ്പെടുത്തിയതു ലക്ഷക്കണക്കിനാളുകൾക്ക് ഇരുട്ടടിയായി.കിസാൻ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച നിബന്ധനകൾ പലതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക സാഹചര്യവുമായി ബന്ധപ്പെട്ടാണു രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു സെന്റ് സ്ഥലത്തിനു ശരാശരി രണ്ടായിരം രൂപ എന്ന നിരക്കിലാണു വായ്പ നൽകാറുള്ളത്. അതായത്, അരയേക്കർ സ്ഥലമെങ്കിലുമുണ്ടെങ്കിലേ ഒരു ലക്ഷം രൂപ വായ്പ ലഭിക്കൂ. അതും, സ്വർണം പണയമായി നൽകിയാൽ മാത്രം. ജനസാന്ദ്രതയേറിയ കേരളത്തിൽ ഭൂരിഭാഗം കർഷകരും വലിയ ഭൂവുടമകളല്ല. അവരുടെ പ്രധാന തൊഴിൽ കൃഷിയാണെങ്കിലും കുടുംബം പുലർത്താൻ മറ്റു ചില്ലറ ജോലികളും ചെയ്യേണ്ടിവരുന്നു. സ്വർണപ്പണയത്തിന്മേൽ കുറഞ്ഞ പലിശയ്ക്കു ലഭിക്കുന്ന വായ്പ ഉപയോഗിച്ചാണ് അവർ കൃഷിയും പാർശ്വ തൊഴിലുകളും ചെയ്യുന്നത്. സ്വർണം പണയം വച്ചുള്ള വായ്പയായതിനാലും പലിശ കുറവായതിനാലും വായ്പത്തുക മുഴുവൻ തന്നെ അവർ തിരിച്ചടയ്ക്കും.
കുറഞ്ഞ നിരക്കിലുള്ള പലിശയാണെങ്കിലും ബാങ്കുകൾക്കും അതൊരു വരുമാനംതന്നെ.ഉയർന്ന പലിശയ്ക്കു ശതകോടികളും സഹസ്രകോടികളും വായ്പയെടുത്തു കടന്നുകളഞ്ഞവരേക്കാൾ ബാങ്കുകൾക്ക് ഉപകാരപ്പെടുന്നത് ഈ ചെറുകിടക്കാരായിരിക്കും. സർക്കാർ നിയന്ത്രിത ബാങ്കുകളിൽനിന്നു വെറും 615 അക്കൗണ്ടുകളിലേക്കായി 58,561 കോടി രൂപയുടെ കാർഷിക വായ്പ നൽകിയതായി 2016ലെ ഒരു വിവരാവകാശ മറുപടി വ്യക്തമാക്കിയിരുന്നു. റിലയൻസ് ഫ്രെഷ് അടക്കമുള്ളവരുടേതാണത്രേ ഈ അക്കൗണ്ടുകൾ. സാധാരണ കർഷകനു ലഭിക്കേണ്ട നാലു ശതമാനം പലിശയുള്ള വായ്പ ഇത്തരത്തിൽ വന്പന്മാർ തട്ടിക്കൊണ്ടുപോകുന്നതു തടയാനാകാത്തവരാണിപ്പോൾ പാവപ്പെട്ട കർഷകരുടെ പിച്ചച്ചട്ടിയിൽ കൈയിടുന്നത്. കാർഷിക വായ്പയുടെ വലിയൊരു പങ്ക് കാർഷിക മേഖലയിലെ വ്യവസായങ്ങൾക്കും കാർഷിക ബിസിനസ് സംരംഭങ്ങൾക്കും നൽകപ്പെടുന്പോൾ കൃഷിക്കാർക്കുവേണ്ടി ഒരുങ്ങുന്നത് ഏറ്റവും കടുത്ത വ്യവസ്ഥകൾ.അഞ്ചു ശതമാനം പലിശ സബ്സിഡിയെന്ന ആനുകൂല്യം കാർഷികമേഖലയുടെ ഇന്നത്തെ അവസ്ഥയിൽ വലിയ ആശ്വാസമായിരുന്നു. അത് ഇല്ലാതാക്കുന്നതിലൂടെ രാജ്യത്തെ കർഷകരുടെ കഴുത്തിൽ മറ്റൊരു നുകംകൂടി വച്ചുകെട്ടുകയാണ്. ഇതിന്റെ നേട്ടം സ്വകാര്യ പണമിടപാടുകാർക്കും അനധികൃത വായ്പാദാതാക്കൾക്കുമാണ്. പാവപ്പെട്ടവരെ കഴുത്തറപ്പൻ ബ്ലേഡുകാരുടെ മുന്നിലേക്കു വലിച്ചെറിയുകയാണു സർക്കാർ.കൃഷിത്തകർച്ചയും അനുബന്ധ പ്രശ്നങ്ങളും മൂലം ആകെ അവശതയിലാണു കർഷകർ ഇന്ന്. അവർക്കു കൈത്താങ്ങാകേണ്ട സർക്കാരും ദേശസാത്കൃത ബാങ്കുകളും അവരെ ഊറ്റിപ്പിഴിഞ്ഞെടുക്കാൻ നടത്തുന്ന ശ്രമം തികച്ചും അപലപനീയമാണ്. രണ്ടോ മൂന്നോ ലക്ഷം രൂപ വായ്പയെടുത്ത് പറന്പിൽ കൃഷി ചെയ്തു കുടുംബം പുലർത്താൻ ആളുകളെ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. സ്വന്തമായി ഭൂമിയില്ലാത്തവരും കൃഷിപ്പണി മാത്രം അറിയാവുന്നവരുമായി എത്രയോ പേരുണ്ട്. അവർക്ക് ഒരു തുണ്ടു ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യണമെങ്കിൽ വായ്പയ്ക്ക് എവിടെപ്പോകും?സംസ്ഥാനത്തെ പല ബാങ്കുകളും അഗ്രി ഗോൾഡ് ലോൺ നിർത്തിവച്ചിരിക്കുകയാണ്. ബാങ്കുകൾക്ക് ഉത്തമവിശ്വാസമുള്ളവർക്കും കൃത്യമായി വായ്പത്തുകയും പലിശയും അടയ്ക്കുന്നവർക്കും പോലും കാർഷികവായ്പ നൽകാനാവാത്ത സ്ഥിതിയാണ്. ഇതു കടുത്ത കർഷകദ്രോഹമാണ്. സ്വർണപ്പണയത്തിന്മേലുള്ള കൃഷിവായ്പയുടെ കാര്യത്തിൽ ഉദാരമായ നയം കേന്ദ്രസർക്കാർ സ്വീകരിക്കണം. ഇതിനുവേണ്ടി സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരിൽ സ്വാധീനംചെലുത്താൻ കഴിയുന്ന എല്ലാവരും ശക്തമായ സമ്മർദം ചെലുത്തണം. സാന്പത്തിക ദുരിതത്തിൽ കഴിയുന്ന കർഷകരെ ബ്ലേഡ് മാഫിയയുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കരുത്.