ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുഖംമൂടി സംഘത്തിന്റെ ആക്രമണങ്ങൾക്കു പോലീസും യൂണിവേഴ്സിറ്റി ഭരണകൂടവും കൂട്ടുനിന്നു എന്നതിലേക്കു സൂചന നൽകുന്ന കൂടുതൽ ആരോപണങ്ങൾ പുറത്ത്. അക്രമങ്ങൾ ആരംഭിച്ചതിനു പിന്നാലെ കാന്പസ് പരിസരത്തെ വഴവിളക്കുകൾ അണച്ചാണ് പോലീസ് അക്രമി സംഘത്തിനു സഹായം നൽകിയത്.കാന്പസിലേക്കുള്ള വഴി പോലീസ് അടച്ചതിനാൽ വിദ്യാർഥികൾക്ക് അകത്തേക്കും പുറത്തേക്കും കടക്കാൻ കഴിയുമായിരുന്നില്ല. ഇതിനിടെയാണ് വിളക്കുകൾ അണയ്ക്കുകയും ചെയ്തത്. ഇതിലൂടെ കാന്പസിനുള്ളിൽ കടന്ന അക്രമികൾക്ക് പുറത്തേക്കു രക്ഷപ്പെടാൻ പോലീസും സർവകലാശാല ഭരണകൂടരവും വഴിയൊരുക്കി എന്നു വിദ്യാർഥികളും അധ്യാപകരും ആരോപിക്കുന്നു.
മൂന്നു മണിക്കൂർ അക്രമികൾ കാന്പസിനുള്ളിൽ അഴിഞ്ഞാടിയിട്ടും പോലീസ് നോക്കിനിന്നു എന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് വിളക്കണച്ച് അക്രമികൾക്കു രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.കോളജ് ഗേറ്റിനു പുറത്ത് അക്രമി സംഘത്തിനു പിന്തുണയുമായി ആളുകൾ സംഘം ചേർന്നു മുദ്രാവാക്യം വിളിച്ചെങ്കിലും പോലീസ് ഇവരെ പിരിച്ചുവിടാൻ തയാറാകാതെ കാഴ്ചക്കാരായി നോക്കിനിന്നു. വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് ഇവർ മുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വൈകിട്ട് ഏഴോടെ ആക്രമണം ആരംഭിച്ചിട്ടും പുലർച്ചെ നാലോടെ മാത്രമാണ് പോലീസ് കാന്പസിൽ ഫ്ളാഗ് മാർച്ച് നടത്തിയത്.സർവകലാശാലയിൽ ഞായറാഴ്ച നടന്ന അക്രമങ്ങൾ ആസൂത്രിതമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങളാണ് സംഘർഷം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തോന്നിപ്പിക്കുന്നത്. രണ്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് അക്രമം നടത്തുന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നത്.യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്നിവയായിരുന്നു ഈ വാട്സ്ആപ്പ് ഗ്രൂപ്പുകൾ. ഈ രണ്ടു ഗ്രൂപ്പുകളിലും ജഐൻയുവിൽ അക്രമങ്ങൾ അഴിച്ചുവിടാനുള്ള തയാറെടുപ്പുകൾ നടന്നതായി വ്യക്തമാണ്. അക്രമികൾക്ക് ജഐൻയുവിലേക്ക് എത്താനുള്ള വഴികൾവരെ ഗ്രൂപ്പിൽ വിവരിക്കുന്നു. ജഐൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ഇതുസംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ആരിൽനിന്നുമുണ്ടായിട്ടില്ല.ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ജെഎന്‍യുവിൽ ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികൾ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാന്പസിലെ ഹോസ്റ്റലുകളിലും ഗുണ്ടകൾ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരൽ അനക്കാൻ ഡൽഹി പോലീസ് തയാറായില്ല. മൂന്നു മണിക്കൂറോളം അക്രമികൾ ജെഎന്‍യു കാന്പസിൽ അഴിഞ്ഞാടി.പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലൻസുകൾ അക്രമികൾ അടിച്ചുതകർത്തു. ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തി. സബർമതി ഹോസ്റ്റലിനുള്ളിലും കാവേരി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി.
ഹോസ്റ്റൽ അടിച്ചുതകർത്തു. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ചിലർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം.