ഫിലിപ്പൈൻസ്: ഫിലിപ്പൈൻസിലെ വർദ്ധിച്ചുവരുന്ന ആത്മഹത്യാനിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് കർദിനാൾ ലുയിസ് അന്റോണിയോ ടാഗ്ലെ. ആത്മഹത്യാനിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് സാംസ്‌കാരിക നവീകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് നാളിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നിസാരകാര്യങ്ങൾക്കുവേണ്ടി യുവജനങ്ങൾ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്ന കാഴ്ച്ച വളരെ ദയനീയവും സങ്കടകരവുമാണ്. എന്തെന്നാൽ ക്രിസ്തുമസ്‌കാലം നമ്മെ ഓർമ്മിപ്പിക്കുന്നത് യേശുവിന്റെ രക്ഷയെക്കുറിച്ചാണ്, നാശത്തെക്കുറിച്ചല്ല. മാത്രമല്ല, ദാനമായി നമുക്ക് ലഭിച്ച് നമ്മുടെ ജീവിതത്തെക്കുറിച്ചോ ക്രിസ്തുവെന്ന മഹാ സമ്മാനത്തെക്കുറിച്ചോ നാം ബോധവാൻമാരല്ലെന്നും അദ്ദേഹം പറഞ്ഞു.

മാനസികരോഗങ്ങളും ആത്മഹത്യയും വർദ്ധിച്ചുവവരുന്നതിനെക്കുറിച്ച് കഴിഞ്ഞ സെപ്തംബറിൽ നടത്തിയ ഒരു പഠനമാണ് ഇതിന്റെ ഭീകരത എത്രമാത്രമാണെന്ന് വ്യക്തമാക്കിയത്. ലോയിലോ പ്രൊവിൻസ് നടത്തിയ പഠനമനുസരിച്ച് 2016നും 2019നും ഇടയിൽ 9 മുതൽ 21വരെ പ്രായമുള്ള 179 പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആതിൽ 35പേർ മരിക്കുകയും ചെയ്തു. എന്നാൽ 2019 ജൂൺ മുതൽ 2019 വരെ വിവിധ പ്രായത്തിലുള്ള നുറിലധികംപേർ ആത്മഹത്യ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

കുടുംബപ്രശ്‌നങ്ങൾ, പ്രണയബന്ധതകർച്ചകൾ, പഠനസംബന്ധമായ പ്രശ്‌നങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയൊക്കെയാണ് ആത്മഹത്യാകാരണങ്ങളും. എങ്കിലും ഈ വിഷയത്തിൽ വിശദമായ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും എങ്ങനെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് സഭയും സമൂഹവും ഒന്നിച്ച് ചിന്തിക്കണമെന്നും കർദിനാൾ പറഞ്ഞു.