ജോര്‍ജ്ജിയ: ലോകം ഭൗതീകമായ ആഡംബരങ്ങളില്‍ മുഴങ്ങി പുതുവര്‍ഷത്തെ സ്വീകരിച്ചപ്പോള്‍ അമേരിക്കയിലെ അറുപത്തിഅയ്യായിരത്തിലധികം യുവജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത് യേശുവിനെ സ്തുതിച്ചു കൊണ്ട്. ജോര്‍ജ്ജിയയിലെ അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് ആരാധനയും, പ്രാര്‍ത്ഥനയും, ബൈബിള്‍ പ്രബോധനങ്ങളുമായി അരലക്ഷത്തിലധികം യുവജനങ്ങള്‍ പുതുവത്സരത്തെ സ്വീകരിച്ചത്. 2019 ഡിസംബര്‍ 31 ന്യൂയര്‍ ഈവ് മുതല്‍ ജനുവരി 2 വരെ ക്രിസ്തുവിനെ കേന്ദ്രീകരിച്ചുകൊണ്ട് നടന്ന “പാഷന്‍ 2020” കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ശ്രദ്ധേയമായ ന്യൂയര്‍ വരവേല്‍പ്പ് നടന്നത്.

നാല്‍പ്പതിനായിരത്തോളം പേരായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഇത്തവണ കാല്‍ ലക്ഷത്തോളം വര്‍ദ്ധനവ്. മറ്റുള്ളവര്‍ ഭക്ഷണവും, മദ്യപാനവും, സംഗീതവുമായി പുതുവത്സരത്തെ വരവേറ്റപ്പോള്‍ ഇത്രയധികം യുവതീ-യുവാക്കള്‍ യേശുവിനെ ആരാധിച്ചുകൊണ്ട് പുതുവത്സരത്തെ വരവേറ്റത് അമേരിക്കന്‍ യുവത്വത്തിന്റെ ദൈവവിശ്വാസത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാഷന്‍ മൂവ്മെന്റിന്റെ സ്ഥാപകരായ ലൂയി ഗിഗ്ലിയോയും, ഷെല്ലി ഗിഗ്ലിയോയുമായിരുന്നു പരിപാടിയുടെ അവതാരകര്‍.

പാഷന്‍ ബാന്‍ഡിന്റെ മനംകവരുന്ന സംഗീതവും പരിപാടിയുടെ ഭാഗമായി നടന്നു. ടിം ടെബോ, രവി സക്കറിയാസ്, ക്രിസ്റ്റൈന്‍ കെയ്ന്‍, ലെവി ലുസ്കോ, ജോണ്‍ പൈപര്‍, സാഡി റോബര്‍ട്ട്സണ്‍ തുടങ്ങിയവരായിരുന്നു മുഖ്യ പ്രഭാഷകര്‍. ഹില്‍സോങ്ങ് യുണൈറ്റഡ്, ലെക്രെ കാരി ജോബ്‌, കോഡി കാര്‍നെസ്, എലിവേഷന്‍ മ്യുസിക്, ക്രൌഡര്‍, ട്രിപ്പ്‌ ലീ, ആന്‍ഡി മിനിയോ, സോഷ്യല്‍ ക്ലബ് മിസ്ഫിറ്റ്സ്, ടെഡാഷി, സീന്‍ കുരാന്‍ തുടങ്ങിയവര്‍ ആരാധനയുമായി ബന്ധപ്പെട്ട സംഗീതത്തിന് നേതൃത്വം നല്‍കി. ‘പാഷന്‍ 2020’ കോണ്‍ഫറന്‍സ് ഒരു പരിപാടി എന്നതിനേക്കാള്‍ ഉപരിയാണെന്നും, ഇതിലൂടെ നിങ്ങളും ഞാനും ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളോട് വിടപറയുകയും, എല്ലാ നാമത്തിനും മുകളിലുള്ള യേശുവിനോട് “അതെ” എന്ന് പറയുകയുമാണ് ചെയ്യുന്നതെന്ന്‍ കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നു.

പരിപാടിയുടെ ഭാഗമായി ആറായിരം ഭാഷകളിലേക്കും ബൈബിള്‍ തര്‍ജ്ജമകള്‍ തയ്യാറാക്കുന്നതിനുള്ള “ഷെയര്‍ ലൈറ്റ്” പദ്ധതിക്കായും വിദ്യാര്‍ത്ഥികള്‍ ധനസമാഹരണം നടത്തിയിരുന്നു. ‘ഷെയര്‍ ലൈറ്റ്’ പദ്ധതിയെ സഹായിച്ചുകൊണ്ട് വിശുദ്ധ ലിഖിതങ്ങളുടെ തര്‍ജ്ജമയില്‍ പങ്കാളിയാവുന്നത് ക്രിസ്തുവിന്റെ പ്രകാശം പരത്തുവാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളിലൊന്നാണെന്നു ലൂയി ഗിഗ്ലിയോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാലു ലക്ഷം ഡോളറാണ് ഇതിനായി സമാഹരിച്ചത്.