ചങ്ങനാശേരി: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്നതിനു വേണ്ടി കേരള സര്ക്കാര് നിശ്ചയിച്ച പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള് പുന:പരിശോധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്സ് ജാഗ്രതാസമിതി. ഇക്കാര്യത്തിനായി വാര്ഷിക വരുമാനം നാല് ലക്ഷം എന്നും, കൃഷിഭൂമിയുടെ വിസ്തീര്ണ്ണം ഗ്രാമീണമേഖലയിൽ രണ്ടര ഏക്കര് എന്നും നിശ്ചയിച്ചത് തികച്ചും അനുചിതമാണ്. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം കൃഷി ഭൂമിയുടെ പരിധി അഞ്ച് ഏക്കറും, ക്രീമിലയര് നിശ്ചയിക്കുവാന് വാര്ഷീകവരുമാനം എട്ട് ലക്ഷവുമായി നിജപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, ഇതിൽ താഴെ ഉള്ള മാനദണ്ഡങ്ങള് കേരള സര്ക്കാര് സാമ്പത്തിക സംവരണത്തിനായി നിശ്ചയിച്ചതിൽ വിവേചനമുണ്ട്. ഇപ്പോള് പുറപ്പെടുവിച്ച മാനദണ്ഡങ്ങള് സാധാരണക്കാരായ നിരവധി ആളുകളുടെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
സാമ്പത്തിക സംവരണത്തിന് വരുമാനപരിധിയും ഭൂമിയുടെ വിസ്തൃതിയും ഉയര്ത്തി നിശ്ചയിക്കണമെന്നും,ഭരണഘടനാ ഭേദഗതി നിലവിൽ വന്ന കാലംമുതൽ മുന്കാല പ്രാബല്യം നൽകി അതിനുശേഷമുള്ള എല്ലാ തൊഴിൽ നോട്ടിഫിക്കേഷനുകള്ക്കും സാമ്പത്തിക സംവരണം ബാധകമാക്കണമെന്നും ജാഗ്രതാ സമിതി സംസ്ഥാന സര്ക്കാരിനോട് ആവശ്യപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ പി. ആര്.ഓ. അഡ്വ. ജോജി ചിറയിലിന്റെ അദ്ധ്യക്ഷതയിൽ കൂടി യോഗത്തിൽ പി.എ. കുര്യാച്ചൻ വിഷയാവതരണം നടത്തി. ജോബി പ്രാക്കുഴി, അഡ്വ. ജോർജ് വർഗീസ്, വർഗ്ഗീസ് ആൻറണി, ടോം അറയ്ക്കപ്പറമ്പിൽ തുടങ്ങിയവര് പ്രസംഗിച്ചു.