കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത നോർവീജിയൻ വനിത യാൻ മേതെ യോഹാൻസണിനോട് ഇന്ത്യ വിടാൻ നിർദേശം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാനെ താമസിക്കുന്ന ഹോട്ടലിലെത്തി അന്ത്യശാസനം നൽകി. വീസ ചട്ടങ്ങൾ ലംഘിച്ചുവെന്ന പേരിലാണ് നടപടി എടുത്തത്. തിങ്കളാഴ്ച കൊച്ചിയിൽ നടന്ന പ്രതിഷേധ മാർച്ചിലാണു യാൻ മേതെ പങ്കെടുത്തത്.
പ്രതിഷേധത്തിന്റെയും അതിൽ പങ്കെടുത്തതിന്റെയും ചിത്രങ്ങൾ യാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ലോംഗ് മാർച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങൾക്കൊപ്പം അവർ പങ്കുവച്ചിരുന്നു. ഇതാണു പ്രശ്നമായത്. ഇവരെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) അധികൃതർ ചോദ്യം ചെയ്തിരുന്നു.ഒക്ടോബറിൽ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാർച്ച് വരെ വീസ കാലാവധിയുണ്ട്. ടൂറിസ്റ്റ് വീസയിലാണ് യാൻ കേരളത്തിൽ എത്തിയത്. ഡിസംബർ 21 മുതൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാൻ താമസിക്കുന്നത്. 2014 മുതൽ യാൻ ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കുന്നുണ്ട്.പൗരത്വ നിയമ ഭേദഗതിക്കെതിരേ ചെന്നൈയിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത മദ്രാസ് ഐഐടി വിദ്യാർഥിയായ ജർമൻ സ്വദേശി ജേക്കബ് ലിൻഡൻതാലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു. ട്രിപ്സണ് സർവകലാശാലയിൽനിന്നു ഫിസിക്സിൽ ഉപരിപഠനത്തിന് എത്തിയതായിരുന്നു ജേക്കബ്.