ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നിയമത്തില്‍ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ് -ഈ നിയമത്തില്‍ എവിടെയും ന്യൂനപക്ഷങ്ങളടക്കം ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല’-അമിത് ഷാ പറഞ്ഞു. ഷിംലയില്‍ ബിജെപിയുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശ്, പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്ഥ മാത്രമാണ് പൗരത്വഭേദഗതി നിയമത്തിലുള്ളത്. എന്നാല്‍ ഈ നിയമം ന്യൂനപക്ഷ ജനതയുടെ പൗരത്വം കവര്‍ന്നെടുക്കുമെന്ന് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുന്നു.