അബുജ: ക്രിസ്തുമസ് ദിനത്തിൽ 11 നൈജീരിയൻ ക്രൈസ്തവ വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
തങ്ങളുടെ നേതാക്കന്മാരായ അബൂബക്കർ അൽ ബാഗ്ദാദിയുടെയും, അബുൽ ഹസൻ അൽ മുഹാജിറിന്റെയും കൊലപാതകത്തിന് പകരം വീട്ടാനാണ് ക്രൈസ്തവ വിശ്വാസികളെ വധിച്ചതെന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഇറക്കിയ കുറിപ്പിൽ പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന അതിക്രമത്തിൽ അനുശോചനം രേഖപ്പെടുത്തി. കുറച്ചു നാളുകളായി തീവ്രവാദസംഘടനകൾ നൈജീരിയയിൽ ശക്തി പ്രാപിച്ചു വരികയാണ്.ആയിരത്തോളം ക്രൈസ്തവ വിശ്വാസികൾ ഈ വർഷം നൈജീരിയയിൽ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടതായി ഫോക്സ് ന്യൂസ് മാധ്യമം റിപ്പോർട്ട് ചെയ്തു.