അബ്ബെവില്ലെ: അമേരിക്കന്‍ സംസ്ഥാനമായ ലൂസിയാനയിലെ അബ്ബെവില്ലെ നഗരത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ വെഞ്ചിരിപ്പ് ശ്രദ്ധേയമായി. കൌ ഐലന്റിലെ സെന്റ് ആന്നെ ദേവാലയത്തിന്റെ നേതൃത്വത്തില്‍ കൌ ഐലന്റ് നഗരവും നഗരത്തിലെ കൃഷിയിടങ്ങളും ഏതാണ്ട് 100 ഗാലന്‍ (378 ലിറ്റര്‍) വിശുദ്ധ ജലം ഉപയോഗിച്ചാണ് വെഞ്ചിരിച്ചത്. കൃഷിക്കുപയോഗിക്കുന്ന ചെറിയ വിമാനത്തില്‍ നിന്നുമാണ് ഹന്നാന്‍ വെള്ളം തളിച്ചതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. കൌ ഐലന്റ് സ്വദേശിയും ഇപ്പോള്‍ ഒഹിയോയില്‍ താമസിക്കുകയും ചെയ്യുന്ന എല്‍. എറിന്‍ ഡെട്രാസ് എന്ന മിഷ്ണറിയാണ് വ്യത്യസ്ഥമായ ഈ ആശയത്തിന് പിന്നില്‍.
ലഫായെറ്റെ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ ആശീര്‍വാദ കര്‍മ്മത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എഴുനൂറിലധികം ഷെയറാണ് ഇതിനോടകം തന്നെ ഈ പോസ്റ്റിന് ലഭിച്ചത്. ‘കൌ ഐലന്റിലെ സെന്റ് ആന്നെ ദേവാലയ പുരോഹിതനായ ഫാ. മാത്യ ബര്‍സാരെയും ഇടവക ജനങ്ങളും കൃഷിക്ക് മരുന്നടിക്കുന്ന ഡസ്റ്റര്‍ വിമാനം ഉപയോഗിച്ച് തങ്ങളുടെ നഗരത്തെ പവിത്രീകരിച്ചു’ എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റ്‌. ക്രിസ്തുമസ് ആശംസകളും പോസ്റ്റില്‍ നേരുന്നുണ്ട്. വിശ്വാസികളുടെ ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന ജലവും ഇടവകാംഗങ്ങള്‍ ഫാ. ബര്‍സാരെയെ കൊണ്ട് വെഞ്ചരിപ്പിച്ചു.