ക്രി🎅സ്🎁മ🎅സ് 🏵 ആ🎁ശം🎅സ🎁ക🎅ൾ
വാർത്തകൾ
🗞🏵 *ലോക രക്ഷകനായ ഈശോമിശിഹായുടെ തിരുപ്പിറവി ആഘോഷിച്ചു കൊണ്ട് ലോകം മുഴുവൻ ക്രിസ്മസിന്റെ ആഹ്ളാദരവിൽ*
🗞🏵 *കരിപ്പൂർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റിൻ്റെ ടയർ പൊട്ടിത്തെറിച്ചു.* ജിദ്ദയിൽ നിന്നുള്ള വിമാനം റൺവേയിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
🗞🏵 *കർഷകർക്ക് ചുരുങ്ങിയ പലിശയിൽ സ്വർണ വായ്പ നൽകുന്ന പദ്ധതി നിർത്തലാക്കിയതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കും.* വായ്പാ പദ്ധതിയിലെ അനർഹരെ കണ്ടത്തി ഒഴിവാക്കുകയാണ് വേണ്ടത്. സർക്കാർ സബ്സിഡിയോടു കൂടിയുള്ള കാർഷിക വായ്പാ പദ്ധതി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷകരെയാണ് ബാധിക്കുന്നതെന്നും കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.
🗞🏵 *വ്യക്തിവിരോധം തീര്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ കെട്ടിച്ചമച്ച കേസില്‍നിന്ന് മോചിതനായിട്ടും, തിരികെ ജോലിയില്‍ പ്രവേശിക്കാനാകാതെ അന്ധനായ അധ്യാപകന്.* തിരുവല്ല കവിയൂര്‍ സ്വദേശിയായ അധ്യാപകനാണ് നീതിനിഷേധത്താല്‍ അവധിയില്‍ തുടരേണ്ട ഗതികേട്. എന്നാല്‍, വ്യാജകേസ് നല്കിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും, അന്ധനായ അധ്യാപകന് സഹായിയെ വയ്ക്കുന്നതിലും സാങ്കേതികതടസമുണ്ടെന്നാണ് ഡിഡിഇയുടെ വിശദീകരണം.
🗞🏵 *പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ഉത്തര്‍പ്രദേശ് പൊലീസ്.* സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുത്തിരുന്ന സുലൈമാന്‍ എന്ന ഇരുപതുകാരനാണ് കഴിഞ്ഞദിവസം പൊലീസിന്റെ വെടിയേറ്റുമരിച്ചതായി ബിജ്നോര്‍ പൊലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയത്. സുലൈമാന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും നിരപരാധിയെ പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
🗞🏵 *ദേശീയ പൗരത്വ റജിസ്റ്ററും ദേശീയ ജനസംഖ്യ റജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.* ജനസംഖ്യ കണക്കെടുപ്പിനും ജനസംഖ്യ റജിസ്റ്റര്‍ തയ്യാറാക്കുന്നതിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. മൂന്ന് സേനവിഭാഗങ്ങള്‍ക്കുമായി സംയുക്ത മേധാവിയെ നിയമിക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. റയില്‍വേ ബോര്‍ഡ് ഉടച്ചുവാര്‍ക്കാനും തീരുമാനമായി.
🗞🏵 *മരടിലെ ഫ്ലാറ്റുകളില്‍ സ്ഫോടനം നടത്തുന്ന സമയം തീരുമാനിച്ചു. ജനുവരി 11ന് രാവിലെ 11 മണിക്ക് എച്ച്ടുഒ ഫ്ലാറ്റില്‍ ആദ്യ സ്ഫോടനം നടക്കും.* 11.30ന് ആല്‍ഫാ സെറീനിലും 12ന് രാവിലെ 11 മണിക്ക് ജെയിന് ഫ്ലാറ്റും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും പൊളിക്കും . നാല് ഫ്ലാറ്റുകള്‍ക്കുമായി 95 കോടിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ആല്‍ഫയുടെ ഇരട്ട കെട്ടിടങ്ങളുടെ സമീപത്തുള്ളവര്‍ക്ക് 50 കോടിയുടെ ഇന്‍ഷൂറന്‍സ് ആനുകൂല്യം കിട്ടും. ജെയ്നിനും ഗോള്‍ഡന്‍ കായലോരത്തിനും 10 കോടിയും H2Oയ്ക്ക് 25 കോടിയും ലഭിക്കും
🗞🏵 *ബിജെപിയുടെ തമിഴ്നാട് ഘടകത്തിന്റെ വെരിഫൈഡ് ട്വിറ്റർ പേജിൽ വന്ന കുറിപ്പ് വലിയ രോഷമാണ് ഉയർത്തുന്നത്.* തമിഴകത്തിന്റെ പ്രിയ നേതാവ് ഇവി രാമസ്വാമി എന്ന പെരിയാറിനെ പരോക്ഷമായി അപമാനിക്കുന്ന തരത്തിലായിരുന്നു ട്വിറ്ററിലെ വാചകങ്ങൾ വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. പെരിയാറുടെ നാൽപതാം ചരമവാർഷിക ദിനത്തിലാണ് ട്വീറ്റ് എന്നതും ശ്രദ്ധേയം.
🗞🏵 *പൈപ്പ് ചോര്‍ച്ചയെ തുടര്‍ന്നു തിരുവനന്തപുരം നഗരത്തില്‍ മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിച്ചു.* ഇന്നലെ രാത്രി അമ്പലമുക്കില്‍ പ്രധാന കുടിവെള്ള പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയതിനെതുടര്‍ന്നു ജല വിതരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. അല്പം മുന്‍പ് ചോര്‍ച്ച പരിഹരിച്ചെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ നാളെ രാവിലെയോടെ മാത്രമേ ജലവിതരണം പൂര്‍ത്തിയാകുകയുള്ളു.
🗞🏵 *പൗരത്വ റജിസ്റ്ററില്‍ നിലപാടുമാറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ.* എന്‍ആര്‍സി ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. പാര്‍ലമെന്റിലോ ക്യാബിനറ്റിലോ ചര്‍ച്ച നടന്നിട്ടില്ല. പൗരത്വറജിസ്റ്ററും ജനസംഖ്യാറജിസ്റ്ററും തമ്മില്‍ ബന്ധമില്ല. എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടും. ജനസംഖ്യാറജിസ്റ്ററില് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമില്ല. എന്‍പിആറിലെ വിവരങ്ങള്‍ എന്‍ആര്‍സിയില്‍ ഉപയോഗിക്കില്ലെന്നും അമിത് ഷാ വിശദീകരിച്ചു.
🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹം ഇന്നലെ രാജ്ഘട്ടിൽ നടന്നു.* അതിനിടെ, ഡൽഹി ദരിയാഗഞ്ചിൽ പ്രതിഷേധത്തിൽ പങ്കെടുക്കവേ കസ്റ്റഡിയിലായ 15 പേരുടെയും ജാമ്യം നിഷേധിച്ച കോടതി ഇവരെ രണ്ടാഴ്ചത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ജാമിയ മിലിയ സർവകലാശാലയിൽ പ്രതിഷേധസമരം ഇന്നലെ എട്ടാം ദിവസത്തിലേക്ക് കടന്നു. ജാമിയ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹി മണ്ഡിഹൗസിൽ നിന്നു ജന്തർ മന്തറിലേക്ക് വന്പൻ പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ജാമിയയിലെ അധ്യാപകർ ഇന്നലെ ഇന്ത്യാ ഗേറ്റിൽ മെഴുക് തിരി തെളിച്ചു പ്രതിഷേധിച്ചു.
🗞🏵 *പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയാൽ അതു നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.* ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
🗞🏵 *പൗരത്വ ബില്ലിനെതിരായ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ബിജെപി ഗവണ്മെന്റുകൾ സ്വീകരിക്കുന്ന അതേ സമീപനം തന്നെ കേരളത്തിൽ എൽഡിഎഫ് സർക്കാരും സ്വീകരിച്ചു കാണുന്നത് നിർഭാഗ്യകരമാണെന്ന് ഉമ്മൻ ചാണ്ടി.*
🗞🏵 *പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ പുനരവലോകനം നടത്തണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.* നിയമം നടപ്പാക്കുന്ന രീതിയെ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം നിര്‍ണായകമാണ്.
🗞🏵 *സംസ്ഥാനത്ത് ഡീസൽ വില വീണ്ടും വർധിച്ചു.* 21 പൈസയുടെ വർധനയാണ് ഇന്നലെയുണ്ടായത്. കൊച്ചിയിൽ ഞായറാഴ്ച 70.57 രൂപയായിരുന്ന ഡീസൽ വില ഇന്നലെ 21 പൈസ വർധനയോടെ 70.78 രൂപയായി. ഒരാഴ്ചയ്ക്കുള്ളിൽ 96 പൈസയുടെ വർധന.
🗞🏵 *കാർഷിക മേഖലയിൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകി.* പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ചയിൽ 11 പ്രധാന കാർഷിക പ്രശ്നങ്ങളാണ് കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്.
🗞🏵 *മുൻമന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ എത്തിയത് നൂറുകണക്കിനാളുകൾ.* കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം വൈറ്റിലയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നലെ ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു.
🗞🏵 *സീറോ മലബാർ സഭ അല്മായ ഫോറങ്ങളുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷവും മതാന്തര കൂട്ടായ്മയും നടത്തി.* കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളുടെ മധ്യത്തിൽ ജനിച്ച യേശു മനുഷ്യന്റെ പ്രതിസന്ധികളിൽ പ്രത്യാശ പകരുമെന്ന് അദ്ദേഹം പറഞ്ഞു.
പരസ്പര സ്നേഹ സഹകരണത്തിലൂടെ ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാം. എല്ലാ മതമൂല്യങ്ങളും വിലപ്പെട്ടതാണ്. വിവിധ മതമൂല്യങ്ങൾ ഒരുമിച്ചു ചേരുന്പോൾ സമൂഹത്തിന്റെ മാനവികതയ്ക്ക് ശക്തി പകരും. ഒരു മതവും മറ്റൊരു മതത്തിനു ഭീഷണിയല്ല, പരസ്പര പൂരകമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു.
🗞🏵 *പോലീസിന്റെ പ്രതിഛായ നന്നാക്കാൻ മുഖ്യമന്ത്രി വീണ്ടും ഉദ്യോഗസ്ഥരെ നേരിട്ടു കാണുന്നു.* എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ജനുവരി നാലിനു കൂടിക്കാഴ്ച നടത്തും. തൃശൂർ പോലീസ് അക്കാദമിയിലാണു കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ നടന്നു വരുന്നത്.
🗞🏵 *ദൈവാനുഗ്രഹത്തിന്റെ അഞ്ചുദിനങ്ങൾ സമ്മാനിച്ച 37-ാമത് പാലാ രൂപത ബൈബിൾ കണ്വൻഷൻ ഇന്നലെ സമാപിച്ചു.* കണ്‍വൻഷനിൽ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. ആത്മാവിലും വചനത്തിലും ഉണർവുള്ളവരായി വിശ്വാസസമൂഹം ഉണ്ണീശോയുടെ തിരുപ്പിറവിക്കായി ഒരുങ്ങി. തിരുവനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വചനപ്രഘോഷണവും പ്രാർഥനാ ശുശ്രൂഷകളും കൃപയുടെയും ദൈവവാനുഭവത്തിന്റെയും ജ്വലനം സമ്മാനിച്ചു.
🗞🏵 *സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും പാവങ്ങൾക്കും കൈത്താങ്ങായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാസ് ക്രിസ്മസ് ആഘോഷവേളയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പാവപ്പെട്ട 50 കുടുംബങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ സഹകരണത്തോടെ വീടുകൾ നിർമിച്ച് നൽകിയത് വളരെ ശ്ലാഘനീയമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി.* പൊങ്ങ മാർ സ്ലീവാ ഓഡിറ്റോറിയത്തിൽ നടന്ന വീടുകളുടെ താക്കോൽ ദാനവും കർഷകനേതൃസംഗമവും കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
🗞🏵 *ഉപദ്രവിക്കാനെത്തിയ അക്രമിയെ ഇടിച്ചിട്ട പന്ത്രണ്ടുകാരിക്ക് അഭിനന്ദനപ്രവാഹം.* വൈപ്പിൻ സ്വദേശിനി സഞ്ജന സുഭാഷാണ് കരാട്ടേ മുറയിലൂടെ ഇടിച്ചും ചവിട്ടിയും അക്രമിയെ നിലംപരിശാക്കിയത്. പുതുവൈപ്പ് സാന്താക്രൂസ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ സഞ്ജന, കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്കൂളിന് മുന്നിലുള്ള വഴിയിലൂടെ നടന്നുപോകുന്പോഴായിരുന്നു സംഭവം.
🗞🏵 *ഫിലിപ്പൈൻസിൽ പ്രാദേശികമായി തയാറാക്കുന്ന വൈൻ കഴിച്ച 11 പേർ മരിച്ചു.* ലഗ്വാന പ്രവിശ്യയിലെ റിസാൽ ടൗണിൽ നിന്നുള്ളവരാണു മരിച്ചവരിലേറെയും. സമീപത്തെ ക്വിസോണ്‍ പ്രവിശ്യയിൽ നിന്നാണു മറ്റുള്ളവർ. മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒന്‍പതു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ട്.
🗞🏵 *രാംലീല മൈതാനിയിൽ നടന്ന ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ കള്ളം പറഞ്ഞെന്നു സിപിഎം.* സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൗരത്വ രജിസ്റ്ററിനെതിരേയുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ശക്തി കണ്ടു മോദി ഞെട്ടിയെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
🗞🏵 *മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സർക്കാരിനെതിരേ വിമർശനവുമായി ജയിലിൽ കഴിയുന്ന അലൻ ഷുഹൈബിന്റെ അമ്മ.* അലനെ ബോധപൂർവം മറക്കുന്ന സഖാക്കൾക്കു വേണ്ടി എന്ന സംബോധനയിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണു ഭരണകൂടം ഇരട്ടത്താപ്പാണാണു കാണിക്കുന്നതെന്ന് അലന്റെ അമ്മ സബിത ശേഖർ കുറ്റപ്പെടുത്തിയത്.
🗞🏵 *പശുവിന്റെ പേരിൽ ത്രിപുരയിലും ആൾക്കൂട്ടക്കൊല.* പശുവിനെ മോഷ്ടിച്ചതായി ആരോപിച്ചു യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. മാതിൻ മിയ (29) എന്ന യുവാവാണു ആൾകൂട്ട മർദനത്തിൽ കൊല്ലപ്പെട്ടത്. സിപാഹിജല ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവമെന്നു നോർത്ത് ഈസ്റ്റ് നൗ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
🗞🏵 *മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാർ ഓടിച്ചതു മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ.* ഫോറൻസിക് സയൻസ് ലാബിന്റെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം വെള്ളയന്പലത്തെ കഐഫ്സിക്കു മുന്നിൽനിന്നുള്ള ദൃശ്യം ഫോറൻസിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്.
🗞🏵 *ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന സൂചന നൽകി ജാർഖണ്ഡിൽ മുഖ്യമന്ത്രിയാകുന്ന ഹേമന്ത് സോറൻ.* ഇതു മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നു ചൂണ്ടിക്കാട്ടിയ ഹേമന്ത്, രാജ്യത്തെ സാധാരണക്കാരായ മനുഷ്യർ ജീവിക്കാനുള്ള വഴി തേടണോ, അതോ പേപ്പറുകൾ ശരിയാക്കുകയാണോ വേണ്ടതെന്നും എന്നും ചോദിച്ചു.
🗞🏵 *ജാർഖണ്ഡിൽ പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ പ്രതിസന്ധിയിലാക്കി പുതിയ കണക്കുകൾ.* ആദിവാസി മേഖലകളിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണു ബിജെപിയെ വിഷമവൃത്തത്തിലാക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം മികച്ച പ്രകടനം കാഴ്ചവച്ചു സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം നേടി.
🗞🏵 *മഹാരാഷ്ട്രയിലെ മുംബൈയിൽ സെപ്റ്റിക് ടാങ്കിനുള്ളിൽ അകപ്പെട്ട മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു.* വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളിൽ പ്രവേശിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്.തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ റാത്തോഡ് പറഞ്ഞു. മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
🗞🏵 *ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ കൂടെനിന്ന സഖ്യകക്ഷികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* ജാർഖണ്ഡിലെ വിജയം സവിശേഷവും സമകാലീന പ്രാധാന്യമുള്ളതാണെന്നും അവർ പറഞ്ഞു. കോണ്‍ഗ്രസ്, ജെഎംഎം, ആർജെഡി സഖ്യമാണ് ബിജെപിയെ താഴെയിറക്കി അധികാരം പിടിച്ചത്.
🗞🏵 *രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനവുമായി ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കത്ത്.* പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കും എതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ഗൗരവമുള്ളതാണ്. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും പ്രക്ഷോഭത്തിൽ അണിചേരണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടു.
🗞🏵 *കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.* വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെ മൂന്നു പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്.
🗞🏵 *ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്.* രാജ്യത്ത് നികുതി വരുമാനം വലിയ തോതിൽ കുറഞ്ഞെന്നും ഉപഭോഗവും നിക്ഷേപവും കുറയുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നാണ് ഐഎംഎഫ് വിശദീകരിക്കുന്നത്. ഇന്ത്യയുടെ തളർച്ച ആഗോള സാമ്പത്തിക മേഖലയെയും പിന്നോട്ടടിക്കുകയാണെന്നും ഐഎംഎഫിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
🗞🏵 *കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാട്ടി.* മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ യെദിയൂരപ്പയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി കെഎസ്യു പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ചാടി വീഴുകയായിരുന്നു.
🗞🏵 *പൗരത്വ ബില്ലിന്റെ പേരിൽ പ്രതിഷേധിക്കുന്ന യുവാക്കളെ സംസ്ഥാന സർക്കാർ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.* പ്രതിഷേധങ്ങൾ അടിച്ചമർത്താമെന്ന് പിണറായി സർക്കാർ കരുതേണ്ടെന്നും യുവാക്കളെ കരുതൽ തടങ്കലിൽ വയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *നഗരത്തിൽ വീണ്ടും ദുരന്തം വിതച്ച് തീപിടിത്തം.* ഔട്ടർ ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു.കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഇരുപതോളം അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ടില്ല.
🗞🏵 *കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശിലെ മീററ്റിൽ തടഞ്ഞു.* പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായിരുന്നു ഇരുവരുടെയും യാത്ര. എന്നാൽ സന്ദർശനത്തിന് ഉത്തർപ്രദേശ് പോലീസ് അനുമതി നൽകിയില്ല. രണ്ടുദിവസത്തിന് ശേഷം അനുമതി നല്‍കാമെന്നാണ് പോലീസ് നിലപാട്.
🗞🏵 *ബിജെപി കലാകാരന്മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമൽ.* സിനിമാക്കാരും രാജ്യസ്നേഹികളാണെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന സിനിമ നടന്മാര്ക്ക് കപട രാജ്യസ്നേഹമാണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കമൽ.
🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ഭരണ-പ്രതിപക്ഷ സംയുക്തസമരം ശക്തമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.* ഇതിനായി സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രതിപക്ഷവുമായി ആലോപിച്ച് തീയതി തീരുമാനിക്കും.
🗞🏵 *പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിർക്കുന്നതിൽ കോൺഗ്രസിലോ യുഡിഎഫിലോ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* സമരത്തിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൗരത്വ ഭേദഗതിയിൽ യുഡിഎഫ് തനതായ സമരം നടത്തും. സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
🗞🏵 *നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികൾ ദയാഹർജി നൽകും.* അക്ഷയ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരാണ് ദയാഹർജി നൽകുക. ഇക്കാര്യം കാണിച്ച് മൂന്നു പ്രതികളും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്കി.
🎅🎅🎁🎅🎅🎁🎅🎅🎁🎅🎅
*ഇന്നത്തെ വചനം*
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്പന പുറപ്പെട്ടു.
ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗ രത്തിലേക്കുപോയി.
ജോസഫ് ദാവീദിന്‍െറ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ ,
പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്‍െറ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.
അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള് തന്‍െറ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.
ലൂക്കാ 2 : 1-7
🎅🎅🎁🎅🎅🎁🎅🎅🎁🎅🎅
*വചന വിചിന്തനം*
ക്രിസ്തുമസ് പ്രസംഗം: ക്രിസ്തുമസ് മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ സ്നേഹോത്സവം
മിശിഹായില്‍ സ്നേഹം നിറഞ്ഞവരേ,
”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം” (ലൂക്കാ 2:14). ”ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11). ഏവര്‍ക്കും ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാളിന്റെ പ്രാര്‍ത്ഥനാമംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിച്ചുകൊള്ളുന്നു.
ഒരിക്കല്‍ ആകാശത്തിലൂടെ പറക്കുന്ന വിമാനം കണ്ട് അഞ്ചു വയസ്സുകാരന് മകന് അപ്പനോട് ചോദിച്ചു:
”അപ്പാ അതെന്താണ്?”
അപ്പന് പറഞ്ഞു: ”അതാണ് വിമാനം. മനുഷ്യന് ഏറ്റവും എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള വാഹനമാണത്.”
മകന്റെ സംശയം തീര്‍ന്നില്ല. അവന് വീണ്ടും ചോദിച്ചു: ”അപ്പാ ആകാശത്തില്‍ക്കൂടി പറക്കുന്ന വിമാനത്തില്‍ താഴെ നില്ക്കുന്ന മനുഷ്യര്‍ എങ്ങനെ കയറും?”
അപ്പന് പറഞ്ഞു: ”മോനേ, ആളുകളെ മുകളിലേയ്ക്ക് കൊണ്ടുപോകാന്‍ വിമാനം താഴേയ്ക്ക് വരും.”
മണ്ണിലലയുന്ന മനുഷ്യനെ വിണ്ണിലേയ്ക്കുയര്‍ത്താന്‍ ദൈവം തന്നെ മണ്ണിലേയ്ക്കു വന്ന ദിനമാണ് ക്രിസ്തുമസ്. എന്നാല്‍, ക്രിസ്തുമസ് എന്ന പദത്തിന് ഈശോയുടെ ജനനവുമായി ബന്ധമില്ല എന്നത് ശ്രദ്ധേയമാണ്. ക്രിസ്തുമസ് എന്ന പദത്തിന്റെ അര്‍ത്ഥം ക്രിസ്തുവിന്റെ ബലി എന്നാണ്. അതായത്, പാപാന്ധാകാരത്തില്‍ നിന്ന് മാനവകുലത്തെ രക്ഷിക്കാന്‍ ജീവന് തന്നെ ഹോമിക്കുക എന്നതായിരുന്നു ഈശോയുടെ ജനനത്തിന്റെ ലക്ഷ്യം. കാലിത്തൊഴുത്താകുന്ന ഗുഹയില്‍ തുടങ്ങുന്ന ഈശോയുടെ ജനനം അവസാനിക്കുന്നത് ഒലിവുതോട്ടത്തിലെ പാറയില്‍ വെട്ടിയുണ്ടാക്കിയ മറ്റൊരു ഗുഹയിലാണ്.
പ്രശസ്ത വചനപ്രഘോഷകനായിരുന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇപ്രകാരം പറയുന്നു: ”ആയിരം പുല്ക്കൂടുകളില് ഉണ്ണി പിറന്നാലും നമ്മുടെ ഹൃദയത്തില്‍ ഉണ്ണി പിറക്കുന്നില്ലെങ്കില്‍ ക്രിസ്തുമസ് വ്യര്‍ത്ഥമാണ്.” പുല്‍ക്കൂട് നിര്‍മ്മിക്കാനും അതില്‍ ഉണ്ണിയെ പ്രതിഷ്ഠിക്കാനും നാം ഉത്സാഹിക്കുന്നതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയേശുവിന് ജനനം കൊടുക്കുവാന്‍ നാം പരിശ്രമിക്കണം. അതിന്, എന്തിനാണ് ദൈവം ഈ ഭൂമിയില്‍ പിറന്നതെന്നത് നാം മനസ്സിലാക്കണം. അതുപോലെ യേശുവിന്റെ ജനനം നമുക്ക് നല്കുന്ന സന്ദേശമെന്തെന്നും തിരിച്ചറിയണം.
ദൈവം എന്തിന് മനുഷ്യനായി?
ഏശയ്യാ പ്രവാചകന്റെ പുസ്തകം 59:1-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല, കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.”
നമ്മുടെ വേദനകളില്‍, പാപാവസ്ഥകളില്‍, തകര്‍ച്ചകളില്‍ രക്ഷയുടെ കരം നീട്ടി നമ്മെ താങ്ങുന്നവനാണ് നമ്മുടെ ദൈവം. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയുമെല്ലാം ഇസ്രായേല്‍ ജനത്തിനിടയില്‍ പ്രവര്‍ത്തിച്ച ദൈവം എപ്രകാരമാണ് ഇന്ന് നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുന്നത് എന്ന് ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം 1:1-ല്‍ പറയുന്നത് ഇപ്രകാരമാണ്:
”പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന് വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. അതിനുള്ള കാരണം യോഹ. 3:16-ല്‍ പറയുന്നു:
”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കുവാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ആ സ്നേഹമാണ് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ. അങ്ങനെ മനുഷ്യനോടുള്ള അതിരറ്റ സ്നേഹത്തെപ്രതി മനുഷ്യനെ ദൈവീകനാക്കാന് ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ പിറന്നു.”
ക്രിസ്തുവിനെ തേടിയുള്ള യാത്ര
തിരുക്കുടുംബം നടത്തേണ്ടിവന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് (ലൂക്കാ 2:1). യേശുവിന്റെ ജനനം ലൂക്കാ സുവിശേഷകന് അവതരിപ്പിക്കുന്നത്. ഈ ക്രിസ്തുമസ് നമ്മെയും ക്ഷണിക്കുക ഒരു യാത്രയിലേയ്ക്കാണ്; ബേത്ലഹേം തേടിയുള്ള യാത്രയിലേയ്ക്ക്. ഇങ്ങനെ രക്ഷകനെ തേടിയിറങ്ങിയവരില്‍ ഒരാളൊഴിച്ച് (ഹെറോദേസ്) ബാക്കിയെല്ലാവരും രക്ഷകനെ കണ്ടെത്തുന്നുണ്ട്. രക്ഷകന് ജന്മം കൊടുക്കുവാനുള്ള യാത്ര മാതാവും യൌസേപ്പിതാവും വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ദൈവദൂതന് രക്ഷകന്റെ ജനനത്തെപ്പറ്റിയുള്ള സദ്വാര്ത്ത ആദ്യം അറിയിക്കുന്നത് പാവപ്പെട്ട ആട്ടിടയരെയാണ്. ദൈവദൂതന്റെ ഈ വാക്കുകള്‍ അവരില്‍ ഭയം ഉളവാക്കിയെങ്കിലും അവര്‍ ബെത്ലഹേമില്‍ പോയി ദൂതന് അറിയിച്ച ഈ സംഭവം നേരില്‍ കണ്ടു.
അടുത്ത യാത്ര ജ്ഞാനികളുടെയാണ്. കൈനിറയെ കാഴ്ചകളുമായി, നക്ഷത്രത്തിന്റെ വഴിയെ രക്ഷകനെ തേടി അവര്‍ ഇറങ്ങി. അറിവും അധികാരവും ഉണ്ടായിരുന്നവര്‍ അതെല്ലാം മാറ്റിനിര്‍ത്തി, സ്വയം എളിമപ്പെട്ടതുകൊണ്ട് അവര്‍ക്ക് രക്ഷകന്റെ അരികിലെത്തിച്ചേരാന്‍ സാധിച്ചു. എന്നാല്‍, അഹങ്കാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും മണിമാളികയിലിരിക്കുന്ന ഇസ്രായേലിന്റെ പ്രതിനിധിയായ ഹേറോദിന് രക്ഷകനെ കാണാന്‍ സാധിച്ചില്ല. കാരണം, രക്ഷകനെ തേടിയിറങ്ങണമെങ്കില്‍ ആട്ടിടയന്മാരെപ്പോലെയും ജ്ഞാനികളെപ്പോലെയും മനസ്സില്‍ ലാളിത്യം സൂക്ഷിക്കുന്നവരും അഹങ്കാരചിന്തകള്‍ വെടിയുടുന്നവരുമായിരിക്കണം നമ്മള്.
ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചത് സ്വയം എളിമപ്പെടുത്തിക്കൊണ്ടാണ്. ഈയൊരു എളിമപ്പെടുത്തല്‍ വഴി ഒരിക്കല്‍ ഏദേന്‍ തോട്ടത്തില്‍ അടയ്ക്കപ്പെട്ട പറുദീസായുടെ വാതില്‍ തുറക്കപ്പെട്ട രാത്രിയാണ് ക്രിസ്തുമസ് രാത്രി. പുല്‍ക്കൂട്ടിലെ ഉണ്ണിയേശു നമ്മെയും ക്ഷണിക്കുക ഈയൊരു എളിമപ്പെടലിന്റെ മനോഭാവത്തിലേയ്ക്കാണ്. കാരണം, സ്വയം എളിമപ്പെടുന്നവര്ക്കാണ് ഉണ്ണിയേശുവിന് ജന്മം കൊടുക്കാനും ഉണ്ണിയേശുവിനെ കണ്ടെത്താനും സാധിക്കുക.
അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്തും സ്ഥലവുമൊക്കെ പ്രളയം അപഹരിച്ചപ്പോള്‍ ജാതി-മതഭേദമന്യേ ഒരു നവകേരളത്തിന്റെ നിര്‍മ്മിതിക്കായി നമ്മള് ഒരുമിച്ചിറങ്ങി. കാരണം, പ്രളയം തകര്‍ത്തത് നമ്മുടെ സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും മതിലുകളെയാണ്. ഒരു പ്രളയത്തിന്റെ ആയുസേ നമ്മുടെ സമ്പാദ്യങ്ങള്ക്കുള്ളൂ. അതുകൊണ്ട് നമ്മുടെ സമ്പത്തിലും സമൃദ്ധിയിലും മേന്മ കാണിക്കാതെ ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകര്ന്നുനല്കാനാണ് നാം പരിശ്രമിക്കേണ്ടത്.
സ്നേഹത്തിന്റെയും വിനയത്തിന്റെയും സന്ദേശം നല്കുന്ന ക്രിസ്തുമസ് ജാതി-മതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്. ക്രിസ്തുമസ് വിശ്വശാന്തി ദിനമാണ്. ജാതിയുടേയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഭിന്നതകള്‍ ഉണ്ടാക്കുവാനും അശാന്തിയുടെയും അസമാധാനത്തിന്റെയും വിത്ത് വിതയ്ക്കുവാനും ചില താല്പരകക്ഷികള് മുന്നിടുമ്പോള്‍, മാധ്യമ ചര്‍ച്ചകളും മറ്റ് ആശയവിനിമയങ്ങളും അതിനുള്ള വഴികള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മള് അതില്‍ ജാഗ്രത പുലര്‍ത്തണം. ജാതി – മത – സമുദായിക – രാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാനും നാം തയ്യാറാവണം. അപ്പോഴാണ് സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന ഉണ്ണിയേശുവിന് പ്രിയപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളും രൂപാന്തരപ്പെടുക.
ഒരു ദിവസം കൊണ്ട് അവസാനിക്കേണ്ടതല്ല ക്രിസ്തുമസ്. നമ്മുടെ അനുദിനജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി പിറക്കട്ടെ. നമ്മുടെ വ്യക്തിജീവിതങ്ങളില്‍, കുടുംബങ്ങളില്‍ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍, സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും പാതയില്‍ ചരിച്ചുകൊണ്ട് നമ്മുടെ ഇടം ഒരുക്കാം.
ഉണ്ണിയേശു നമ്മെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ, ആമേന്‍.
🎅🎅🎁🎅🎅🎁🎅🎅🎁🎅🎅
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*