കൊച്ചി: തെരുവില്‍ അന്തിയുറങ്ങുന്ന നിരാലംബർക്ക് കൈത്താങ്ങേകി കൊണ്ട് കെസിവൈഎം പ്രവര്‍ത്തകരുടെ ക്രിസ്തുമസ് ആഘോഷം. കെ.സി.വൈ.എം ചുള്ളിക്കലിന്റെ ആഭിമുഖ്യത്തിൽ “സ്നേഹ സ്പർശം” എന്ന പേരിൽ നടത്തുന്ന സംരഭത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തെരുവോരങ്ങളിലും, കടത്തിണ്ണകളിലും ഉറങ്ങുന്ന നാല്‍പ്പതോളം പേർക്ക് പുതപ്പുകള്‍ സമ്മാനിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ക്രിസ്തുമസ് ആശംസകള്‍ കൈമാറിയത്.
എറണാകുളം സൗത്ത് റെയ്ൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, തേവര, പള്ളുരുത്തി, തോപ്പുംപടി പ്രദേശങ്ങളിൽ അന്തിയുറങ്ങുന്ന നിരാലംബർക്കാണ് പുതപ്പുകള്‍ സമ്മാനിച്ചത്. യൂണിറ്റ് പ്രസിഡന്റ് അഗസ്റ്റിൻ റെനി, കെസിവൈഎം കൊച്ചി രൂപത വൈസ് പ്രസിഡൻറ് ജോസ് പള്ളിപ്പാടൻ, മിലൻ മാത്യു, റിമെൽ, ഹാരി, അശ്വൽ ആന്റണി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളില്‍ കൂടുതല്‍ തെരുവ് മക്കളിലേക്ക് സഹായമെത്തിക്കുവാനുള്ള ഒരുക്കത്തിലാണ് യുവജനങ്ങള്‍.