മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനത്തതോടെ മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തത്. മലയാള മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ കസ്‌റ്റഡിയിലാണ്.
പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്ബോള്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു.മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്‍റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവില്‍ സമരം ചെയ്യുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കര്‍ണാടകയിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.