ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ഉയരുന്ന പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ബിജെപിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജവാള്‍ രംഗത്ത്.കലാപം നടത്താന്‍ മിടുക്കുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും എന്താണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളിലേക്ക് വഴിവച്ച രാഷ്ട്രീയ ലക്ഷ്യമെന്ന് തിരിച്ചറിയാമെന്നും കെജവാള്‍ മറുപടി നല്‍കി.
അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് എഎപി ക്കുള്ളത്. ഇതില്‍നിന്നും ഞങ്ങള്‍ക്കൊന്നും നേടാനില്ല. പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണ്. എന്നാല്‍ നിങ്ങള്‍ കരുതുന്നതിനേക്കാല്‍ മിടുക്കരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഇതിനുള്ള മറുപടി അവര്‍ നല്‍കും.- കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.