പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ ആളിക്കത്തുകയാണ്. രാജ്യത്തിന്റെ കെട്ടുറപ്പിനും ജനങ്ങളുടെ ഒരുമയ്ക്കും വിഘാതമാകുന്ന സാഹചര്യം ഉണ്ടാകാതെ സൂക്ഷിക്കുകയെന്നത് അതിപ്രധാനമാണ്. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്നലെയും കനത്ത സംഘർഷമുണ്ടായി. ആസാമിലെ ഗോഹട്ടിയിൽ കഴിഞ്ഞദിവസം നടന്ന വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ട്രെയിൻ, വിമാനസർവീസുകൾ നിർത്തിവയ്ക്കേണ്ടിവന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ പ്രക്ഷോഭത്തിൽ പങ്കുകൊള്ളുന്നതു സമരതീവ്രത വർധിപ്പിക്കുന്നു.ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർഥിപ്രക്ഷോഭകർക്കു നേരേ പോലീസ് നടത്തിയ അതിക്രമങ്ങളുടെ പേരിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യത്തോടു കോടതിയുടെ പ്രതികരണം, “”ആദ്യം അക്രമം നിർത്തൂ’’’’ എന്നായിരുന്നു. പൊതുസ്വത്തു നശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും വിദ്യാർഥികളാണെന്നു കരുതി നിയമം കൈയിലെടുക്കുന്നതു സമ്മതിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തതോടെ അതു നിയമമായി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രതിഷേധമാണു സർക്കാരിപ്പോൾ നേരിടുന്നത്. വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്നലെ ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. പോലീസും ജനങ്ങളും തമ്മിൽ പലേടത്തും ഏറ്റുമുട്ടലുണ്ടായി. ആസാമിലും മറ്റു പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയുടെ സഖ്യകക്ഷികൾപോലും കടുത്ത പ്രതിഷേധത്തിലാണ്. യുപിയിലെ പല ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു.രാജ്യത്തെ പല സർവകലാശാലകളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. ഡൽഹി ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിൽ സമരം അക്രമാസക്തമായി. ജെഎൻയു, മുംബൈയിലെയും ചെന്നൈയിലെയും ഐഐടികൾ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ഐഐഎം എന്നിവിടങ്ങളിലെല്ലാം പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങി. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയും ഭരണകൂട ക്രൂരതയ്ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥിപ്രക്ഷോഭങ്ങൾ അരങ്ങേറിയിട്ടുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തെ ഭരണാധികാരികൾ ആശങ്കയോടെയാണു കാണുന്നതെന്ന് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികരണങ്ങളിൽനിന്നു വ്യക്തമാണെങ്കിലും പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം ഇനിയും നിർദേശിക്കപ്പെട്ടിട്ടില്ല. വിദ്യാർഥികളെ ചിലർ കരുക്കളാക്കുകയാണെന്നും വിദ്യാർഥികൾ തങ്ങളുടെ അന്തസു മനസിലാക്കി പെരുമാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമരത്തിനു പിന്നിൽ നഗര നക്സലുകളുടെ സ്വാധീനമാണുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും പ്രക്ഷോഭം കൂടുതൽ രൂക്ഷമാവുകയാണ്. കോൽക്കത്തയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി ഇന്നലെ രണ്ടാം തവണയും അരങ്ങേറി. കേരളത്തിൽ എൽഡിഎഫും യുഡിഎഫും സംയുക്തമായി പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതികരിക്കുന്നു. കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കളും പങ്കെടുത്ത പ്രതിഷേധയോഗം തിരുവനന്തപുരത്തു നടന്നു.ജാമിയ മിലിയയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേ പോലീസിന്റെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായതായി വിദ്യാർഥികൾ പറയുന്നു. ദ്രുതകർമസേനയെ നേരത്തേ തയാറാക്കി നിർത്തിയിരുന്നു. പ്രക്ഷോഭം അടിച്ചമർത്താനാണത്രേ ദ്രുതകർമസേനയെ ഇറക്കിയത്. ഹോസ്റ്റലിലും ലൈബ്രറിയിലും കടന്നുകയറി പോലീസ് അതിക്രമം കാട്ടി. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്നു പറയപ്പെടുന്നു. പുറത്തുനിന്നു ചിലർ കാന്പസിലേക്കു നുഴഞ്ഞുകയറിയതായും ആക്ഷേപമുണ്ട്.പ്രക്ഷോഭങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ഭരണകൂടത്തിനാവില്ല. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കപ്പെടണം. ലോകസമൂഹത്തിൽ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിക്കുള്ള ആദരവു നഷ്ടപ്പെടുത്തരുത്. നിയമ ഭേദഗതിയെത്തുടർന്നുണ്ടായ കലാപങ്ങൾ ചൂണ്ടിക്കാട്ടിയാണു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചത്. കഴിഞ്ഞ ഞായറാഴ്ച ആസാമിലെ ഗോഹട്ടിയിലായിരുന്നു ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ആബെയുടെ സന്ദർശനം റദ്ദാക്കിയത് നമ്മുടെ അന്താരാഷ്ട്ര ബന്ധങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കും. പ്രധാനമന്ത്രി മോദി ഈയിടെ ജപ്പാൻ സന്ദർശിച്ചിരുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു സാഹചര്യം സംജാതമായതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഉറപ്പാക്കണമെന്ന് അമേരിക്ക പരസ്യമായി ആവശ്യപ്പെട്ടിരിക്കയാണ്. പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ ഇന്ത്യയിലെ ചില ഭരണനേതാക്കൾക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ ഫെഡറൽ കമ്മീഷൻ (യുഎസ്സിഐആർഎഫ്) ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ കോൺഗ്രസിന്റെ വിദേശകാര്യസമിതിയും പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയനും ഇതേ നിലപാടാണുള്ളത്.ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യാവകാശങ്ങൾക്കും ആഗോളതലത്തിലുള്ള മതിപ്പു നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ രാജ്യവ്യാപകമായി പൗരത്വ രജിസ്ട്രേഷനും നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. പൗരന്മാർക്കു ഭരണഘടന ഉറപ്പുനൽകുന്ന തുല്യത നഷ്ടമാക്കുന്ന ഏതു നിയമനിർമാണവും എതിർക്കപ്പെടും. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ അഭിമാനവും ശക്തിയുമായ വൈവിധ്യത്തിലെ ഏകത്വവും മതേതരത്വവും നഷ്ടമായാൽ ഇന്ത്യയുടെ ആത്മാവാണു നഷ്ടമാവുക.ആവശ്യമെങ്കിൽ പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്താമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം സൂചിപ്പിച്ചു. അത് ആസാമിലും മേഘാലയയിലുമൊക്കെ സഖ്യകക്ഷികൾ നഷ്ടപ്പെടാതിരിക്കാനുള്ള പൊള്ളവാക്കാവരുത്. പ്രതികരിക്കുന്ന യുവത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും വിട്ടുവീഴ്ചകൾക്കു തയാറായി രാജ്യത്തിന്റെ സുസ്ഥിതിയും ജനങ്ങളുടെ സമാധാനവും പരിരക്ഷിക്കാനും സർക്കാരിനു സാധിക്കണം.
കടപ്പാട്- ദീപിക