വാർത്തകൾ
🗞🏵 *ഇന്ത്യയടക്കമുള്ള ഉശിരന്‍ പങ്കാളികളാണ് ലോകത്തെ സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമെന്ന് യു എസ് പ്രസിഡന്റ് ട്രംപിന്റെ മൂത്തമകന്.* ഇത്തരം സഹകരണമാണ് ജനാധിപത്യ മൂല്യങ്ങളുടെ ദീപശിഖയായി മാറുകയെന്നും ജൂനിയര്‍ ട്രംപ് പറഞ്ഞു.
🗞🏵 *പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് വര്‍ഗീയത വര്‍ദ്ധിപ്പിക്കുന്ന പോസ്റ്റുകള്‍ ഇട്ട മലയാളി വിദ്യാര്‍ത്ഥിനിയ്ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തു..* സമരത്തിലൂടെ ശ്രദ്ധേയയായ അയ്ഷ റെന്ന എന്ന വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്.
🗞🏵 *രാജ്യതലസ്ഥാനത്തു താമസിക്കുന്ന ആഫ്രിക്കൻ യുവാക്കൾക്കായി വിദേശത്തുനിന്നു ആഫ്രിക്കൻ സ്ത്രീകളെ ഇന്ത്യയിലെത്തിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്.* രാജ്യാന്തര മാധ്യമമായ ബിബിസിയാണ് ന്യൂഡൽഹിയിലെ ആഫ്രിക്കക്കാർക്കിടയിൽ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. കെനിയ സ്വദേശിനിയായ ഗ്രേസിനെ ഉപയോഗിച്ചാണ് ബിബിസി ഇന്ത്യയിൽനിന്നുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
🗞🏵 *ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് വെടിവയ്പുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്താലയം.* സംഘര്‍ഷത്തിന് പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേര് അറസ്റ്റിലായി. ക്രിമിനല്‍ പശ്ചാത്തലമുളളവരാണ് പിടിയിലായതെന്നും വിദ്യാര്‍ഥികളല്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
🗞🏵 *പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ.* രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരെ ചുമത്തിയിരുന്നത്. 2007 നവംബറില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹം ചുമത്തിയത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായ അദ്ദേഹം 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. വിദേശത്തു കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.
🗞🏵 *കള്ളക്കേസുകൾ റജിസ്റ്റർ ചെയ്ത് ജീവിതം നശിപ്പിക്കുമെന്ന് ഡൽഹി പൊലീസ് ഭീഷണിപ്പെടുത്തിയതായി കസ്റ്റഡിയിലാവുകയും മർദ്ദനത്തിനിരയാവുകയും ചെയ്ത ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ.* വിദ്യാർഥികൾക്കെതിരെ കള്ളക്കേസുകൾ റജിസ്റ്റർ ചെയ്യാൻ അലീഗഡ് സർവകലാശാലയിൽ നിന്ന് ജെ സി ബി ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ബൈക്കുകൾ പൊലീസ് എടുത്തു കൊണ്ടുപോയെന്നും അധ്യാപകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
🗞🏵 *ഉന്നാവ് പീഡനത്തിൽ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ശിക്ഷവിധി വെള്ളിയാഴ്ച.* ഉന്നാവ് ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുല്‍ദീപ് സിങ് സെന്‍ഗറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ. ഇരയായ പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം വിധിക്കണമെന്നും സി.ബി.ഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു.
🗞🏵 *പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കണ്ണൂർ ശ്രീകണ്ഠപുരത്തെ വ്യാപാരികള്‍ക്ക് ഇൻഷൂറൻസ് കമ്പനികള്‍ നഷ്ടപരിഹാരം നിക്ഷേധിക്കുന്നെന്ന് പരാതി.* പലപല ന്യായികരണങ്ങള്‍ നിരത്തിയാണ് ഇൻഷൂറൻസ് കമ്പനികള്‍ വ്യാപാരികള്‍ക്ക് അര്‍ഹമായ പണം നിഷേധിക്കുന്നത്. ഇന്‍ഷുറന്‍സ് തുക ലഭിക്കാതായതോടെ കടക്കെണിയിലാണ് മിക്ക വ്യാപാരികളും.
🗞🏵 *മകനെ യുഎസിലേക്കു കൊണ്ടുപോയതിന്റെ പക തീർക്കാൻ മരുമകളെ അമ്മായിയമ്മ കൊലപ്പെടുത്തി.* മുംബൈയിലാണ് സംഭവം.വസായ് സ്വദേശിയായ ആനന്ദി മാനെയാണ് കുറ്റസമ്മതവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മരുമകൾ റിയയെ ഉറങ്ങിക്കിടന്നപ്പോൾ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. 6 മാസം പ്രായമായ മകൾ സമീപത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരത.
🗞🏵 *ആലപ്പുഴ കായംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മാതാവിനെയും പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.* യൂത്ത് കോൺഗ്രസ് കായംകുളം മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ല വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് കേസ്.
🗞🏵 *അയോധ്യയിൽ ബാബറി മസ്ജിദ് പൊളിക്കുന്നത് പുനരാവിഷ്കരിക്കുന്ന തരത്തിൽ കുട്ടികളെക്കൊണ്ട് നാടകം നടത്തിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.* കർണാടകയിലെ ബന്ദ്വാളിലെ ശ്രീ രാമ വിദ്യാകേന്ദ്ര സ്കൂളിലണ് വിവാദസംഭവം. ആർഎസ്എസ് നേതാവ് കല്ലകട പ്രഭാകർ ഭട്ട്, നാരായൺ സോമയാജി, വസന്ത് മാധവ്, ചിന്നപ്പ കൊടിയൻ എന്നിവർക്കെതിരെയാണ് കേസ്. കല്ലകട പ്രഭാകർ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ.
🗞🏵 *പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തിപ്പടര്‍ന്ന അസമില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി.* നിയമം നടപ്പാക്കില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന ചോദ്യം ചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടില്‍ ഡിഎംകെ പ്രതിഷേധിച്ചു. പട്നയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നോട്ടിസ് ഇറക്കി.
🗞🏵 *ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടി ജാ ലിയന്വാലാബാഗില് ബ്രിട്ടീഷ് പട്ടാളം ചെയ്തതിന് തുല്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.* വിദ്യാര്‍ഥികള്‍ യുവബോംബാണെന്നും അവര്‍ക്കെതിരായ നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഉദ്ധവ് മുംബൈയില്‍ പറഞ്ഞു.
🗞🏵 *ക്രിസ്മസിന്റെ വരവറിയിച്ച് കൂറ്റൻ നക്ഷത്രം മൂവാറ്റുപുഴയിൽ പ്രകാശിതമായി. തൃക്കളത്തൂർ സെൻറ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ അങ്കണത്തിലാണ് നക്ഷത്രം ഒരുക്കിയിരിക്കുന്നത്.**ചെറു നക്ഷത്രങ്ങൾക്കിടയിൽ ഒരു അതിഭീമൻ നക്ഷത്രം. എം.സി.റോഡരുകിൽ തൃക്കളത്തൂരിലെ ഈ നക്ഷത്രത്തിന്റെ വലുപ്പം 40 അടി ഉയരവും 36 അടി വീതിയും. വലിയ കമുക് രണ്ടായി കീറി തയാറാക്കിയ ഫ്രയിമിൽ വെള്ള തുണികൊണ്ട് ആവരണം ചെയ്താണ് നക്ഷത്രം ഉണ്ടാക്കിയത്. തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ യുവാക്കൾ കഴിഞ്ഞ വർഷവും ഭീമൻ നക്ഷത്രമുണ്ടാക്കിയിരുന്നു. അതിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഇരട്ടിവലുപ്പത്തിൽ ഇത്തവണ കൂറ്റൻ നക്ഷത്രമൊരുക്കിയത്.
🗞🏵 *വിദ്യാക്കൊലക്കേസിലെ നിർണ്ണായക തെളിവായ മൃതദേഹം കടത്തിയ കാർ പാറശാലയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.* പാറശാല ഇടിച്ചക്ക പ്ലാമുട്ടിലെ യുസ്ഡ് കാർ വിൽപനകേന്ദ്രത്തിൽ നിന്ന് വിൽപനക്കായി പ്രതി എൽപിച്ചിരുന്ന കെഎൽ.01–ബി ഇസഡ് 1053 എന്ന റജിസ്ട്രേഷൻ നമ്പറുള്ള കാർ കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘമാണ് പിടിച്ചെടുത്തത്.
🗞🏵 *വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഗറില്ലാ രാഷ്ട്രീയം അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ നയങ്ങളില്‍ ചര്‍ച്ച നടത്താന്‍ വിദ്യാര്‍ഥികള്‍ തയാറാകണം. ജനാധിപത്യപരമായി പ്രതിഷേധിക്കണം. സര്‍ക്കാര്‍ വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ തയാറാണെന്നും മോദി പറഞ്ഞു.
🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം.* വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരിനും ജാഫ്രാബാദിലും പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് സംഘര്‍ഷത്തിലേയ്ക്ക് വഴി മാറുകയായിരുന്നു. ഡൽഹിയിലെ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. മേഖലയിൽ ഗതാഗത നിരോധനവും എർപ്പെടുത്തി.
🗞🏵 *മാവോയിസ്റ്റുകളും ഇല്സാമിക വര്‍ഗീയവാദികളും ആര്.എസ്.എസും കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ നീക്കം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.* സര്‍ക്കാരിനെതിരായ നീക്കങ്ങളെ ഗൗരവമായി കാണണം. ചില ശക്തികളെ പ്രത്യേകം ശ്രദ്ധിക്കണം. പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ കോടാലിയായി പ്രവര്‍ത്തിച്ചത് മാവോയിസ്റ്റുകളാണ്. ഇക്കാര്യത്തില്‍ ശക്തമായ ആശയപ്രചാരണം ഏറ്റെടുക്കണമെന്നും ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്ത് നടത്തിയ പഠനക്യാംപില്‍ മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 *വയനാട്ടിൽ വീണ്ടും വിദ്യാർഥിക്ക് പാമ്പുകടിയേറ്റു.* ബത്തേരി ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റെയ്ഹാനാണ് സ്കൂൾ മുറ്റത്തുനിന്ന് പാമ്പുകടിയേറ്റത്. അതേസമയം പാമ്പു കടി യേറ്റത് സ്കൂൾ മുറ്റത്തു നിന്നാണോ എന്നതിൽ സ്ഥിരീകരണമില്ലെന്ന് പറഞ്ഞ് വിവരങ്ങൾ ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകരെ പിടിഎ ഭാരവാഹികൾ തടഞ്ഞു.
🗞🏵 *പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി ജ്വലിക്കുന്നതിനിടെ പ്രതികണവുമായി മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി.* രാജ്യത്ത് ഐക്യ മനോഭാവത്തിനെതിരായ എന്തിനെയും നിരുത്സാഹപ്പെടുത്തണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
🗞🏵 *ആറരക്കോടി വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞ ജീവിയുടെ ഫോസിൽ കണ്ടെത്തി രണ്ടു നായക്കുട്ടികൾ.* ജോൺ ഗോപ്സിൽ എന്ന ബ്രിട്ടിഷ് നഴ്സിനൊപ്പം ബീച്ചിലെത്തിയ വളർത്തുനായകളാണ് അമ്പരപ്പിക്കുന്ന കാഴ്ച ലോകത്തിന് സമ്മാനിച്ചത്. സ്റ്റോഫോഡിലെ സോമർസെറ്റിലുള്ള ബീച്ചിലാണ് വേലിയിറക്ക സമയത്ത് ഫോസിൽ കണ്ടെത്തിയത്.
🗞🏵 *നാല് മാസത്തിലേറെയായി കശ്മീരിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിച്ചിട്ട്.* ലോകത്തെ ഒരു ജനാധിപത്യ രാജ്യത്ത് ഇത്രയധികം നാൾ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുന്നത് ഇതാദ്യമാണ്. ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളെക്കുറിച്ച് പഠിക്കുന്ന ആക്സസ് നൗവിനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
🗞🏵 *പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* രാഷ്ട്രീയമായി എതിർത്തോളൂ എന്നും അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകളല്ലാത്ത അഭയാർഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും ഷാ വ്യക്തമാക്കി.
🗞🏵 *ജാമിയ മിലിയ സർവകലാശാലയിൽ വെടിവയ്പുണ്ടായെന്ന മാധ്യമ വാർത്തകൾ തള്ളി ഡൽഹി പോലീസ്.* വളരെ കുറഞ്ഞ സേനാംഗങ്ങളെ മാത്രമാണ് കാന്പസിൽ വിന്യസിച്ചിരുന്നത്. പോലീസിന്റെ നടപടിക്കെതിരേ നിരവധി ഊഹാപോഹങ്ങൾ പരക്കുകയാണ്. പോലീസ് വിദ്യാർഥികൾക്ക് നേർക്ക് വെടിവെച്ചിട്ടില്ലെന്നും ഡൽഹി പോലീസ് അറിയിച്ചു.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* മോദി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി മാറി. രാജ്യത്ത് ഉയർന്നു വരുന്ന വിദ്യാർഥി പ്രക്ഷോഭം മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പറഞ്ഞു.
🗞🏵 *ഐഡിബിഐ ബാങ്ക് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കനസുരിച്ചു ചെറുകിട വായ്പാ മേഖലയിൽ 17 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.* ഭവനവായ്പാ വിതരണത്തിൽ 23 ശതമാനം വളർച്ചയാണ് കൈവരിച്ചത്. സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് മൊത്തം നിഷ്ക്രിയ ആസ്തി 1.61 ശതമാനമാണെന്നും സാന്പത്തികമാന്ദ്യം ഭവനവായ്പ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർട്ടി എം. ചാക്കോ പറഞ്ഞു.
🗞🏵 *കുപ്പിയിലാക്കി വിൽക്കുന്ന കുടിവെള്ളം അവശ്യസാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിസമ്മതിച്ചു.* സർക്കാർ ഉത്തരവിനെതിരേ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചു തീർപ്പാക്കാനും നിർദേശിച്ചു. കഴിഞ്ഞ ജൂണ്‍ 14നാണ് സർക്കാർ ഉത്തരവിറക്കിയത്.
🗞🏵 *വിദ്യാഭ്യാസം, ആരോഗ്യ രംഗങ്ങളില്‍ കേരളത്തെ ഒരു മാതൃകയായാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നതെന്നും അതിനാൽ ആ പേരും പെരുമയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും സംസ്ഥാന ഗവര്‍ണറും സര്‍വകലാശാലകളുടെ ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്.* കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം മാധ്യപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *വാഗ്ദാനങ്ങളുടെ പെരുമഴ നൽകി ഇനിയും കർഷകനെ വഞ്ചിക്കരുതെന്നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ.* കർഷകരക്ഷാസംഗമത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മഹാപ്രളയത്തിനു ശേഷം അടുത്ത പ്രളയത്തിനു മുന്നേ എന്താണ് ചെയ്തത്. ഇവിടെ സംഘടിതരായവർക്കു പണം നല്‍കാനാണു വ്യഗ്രത. അതേസമയം കർഷകർക്കു നൽകാൻ പണവുമില്ല, ഇതിൽ ഒരു ന്യായവുമില്ല. പറയുന്പോൾ നിരവധി പദ്ധതികളിലായി തുക വകയിരുത്തി.
🗞🏵 *ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷാ സംഗമത്തിലും കളക്ടറേറ്റ് മാർച്ചിലും പങ്കെടുക്കാൻ ഇരുപതിനായിരത്തോളം കർഷകരും കർഷകത്തൊഴിലാളികളുമാണ് കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലേക്കെത്തിയത്.* മെത്രാന്മാരും വൈദികരും സംഘടനാ നേതാക്കളും നയിച്ച കർഷകമുന്നേറ്റത്തിൽ ആവേശത്തോടെ അവർ അണിചേർന്നു.ആമുഖഭാഷണമായി ചങ്ങനാശേരി അതിരൂപത വികാരി ജനറാളും സമരത്തിന്റെ ജനറൽ കണ്‍വീനറുമായ മോണ്‍. ജോസഫ് വാണിയപുരയ്ക്കൽ കർഷകരുടെ അവസ്ഥ അവതരിപ്പിച്ചു. ബിഷപ് മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
🗞🏵 *സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സർക്കാർ.* 35,298 കോടി രുപയാണ് തിങ്കളാഴ്ച അനുവദിച്ചത്. നഷ്ടപരിഹാരം നല്‍കാത്തത് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജിഎസ്ടി കൗൺസിൽ യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് തിരുമാനം.
🗞🏵 *മാക്സ് 737 വിമാനങ്ങളുടെ നിർമാണം ബോയിംഗ് കമ്പനി താത്കാലികമായി നിർത്തുന്നു.* ജനുവരിയിൽ നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യുഎസ് പത്രമായ വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
🗞🏵 *തൃശൂർ ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ.* മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കൃഷിനാശം നേരിട്ട ഇയാൾക്ക് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്നാണ് വിവരം.
🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരേയും എൻആർസിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.* കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
🗞🏵 *പൗരത്വ ബില്ലിനു പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.* പ്രക്ഷോഭങ്ങൾക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടാകുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ് അദ്ദേഹം പറഞ്ഞു.
🗞🏵 *പൗരത്വ ബിൽ അവതരണത്തിനു പിന്നാലെ ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക.* വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേ അമേരിക്കൻ വിദേശകാര്യ വക്തവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *പൗരത്വ നിയമ ഭേദഗതിക്കെതിരേയും എൻആർസിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർ ത്താലിനിടെ കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം.* വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്കേ നേരെ കല്ലെറിയുകയും ചെയ്തു.
🗞🏵 *ജാമിയ മിലിയ സർവകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേര് അറസ്റ്റിൽ.* വിദ്യാർഥികളല്ല പിടിയിലായിരിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുളളവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
🗞🏵 *രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സ്ഥിരതയാർന്ന സർക്കാർ രൂപീകരിക്കാനുള്ള അവകാശമാണ് നൽകുന്നത്. അതല്ലാതെ ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ലെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി.* പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രണബ് മുഖർജിയുടെ പ്രതികരണം.
🗞🏵 *പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തിൽ ഇടപെടാതെ സുപ്രീംകോടതി.* ഇത് വിചാരണ കോടതിയല്ല. ഹർജികളുടെ പ്രളയം അലോസരപ്പെടുത്തുന്നതായും ഹർജിയിൽ അടിയന്തരമായി ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അറിയിച്ചു.
🗞🏵 *ഡൽഹി ജാമിയ മിലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും വിദ്യാർഥികൾക്കു നേരേയുണ്ടായ പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം നിഷേധിച്ച് സുപ്രീം കോടതി.* പോലീസ് നടപടിക്കെതിരെ ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
🗞🏵 *കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹർത്താൽ അനുകൂലികൾ.* പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം.
🗞🏵 *നിര്‍ഭയ കേസിൽ വധശിക്ഷ വിധിച്ചതിനെതിരെ പ്രതികളിലൊരാൾ സമർപ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ പിൻമാറി.* പുതിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. കേസിൽ പെൺകുട്ടിക്കു വേണ്ടി കുടുംബാംഗം കോടതിയിൽ ഹാജരാകുന്നതിനാലാണ് താൻ ഒഴിവാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റീസിനെ കൂടാതെ ജസ്റ്റീസ് അശോക് ഭൂഷൺ, ജസ്റ്റീസ് ആർ. ബാനുമതി എന്നിവരാണ് ബെഞ്ചിൽ ഉണ്ടായിരുന്നത്.
🗞🏵 *എല്ലാ പാക്കിസ്ഥാൻ പൗരൻമാർക്കും ഇന്ത്യൻ പൗരത്വം നൽകുമെന്ന് തുറന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ജമ്മുകാഷ്മീരിലും ലഡാക്കിലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്നും പാക്കിസ്ഥാനികൾക്കെല്ലാം ഇന്ത്യൻ പൗരത്വം നൽകുമെന്നും തുറന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിനെയും അവരുടെ സഖ്യകക്ഷികളെയും വെല്ലുവിളിക്കുകയാണെന്ന് മോദി പറഞ്ഞു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🌸🌸🍃🌸🌸🍃🌸🌸🍃🌸🌸
*ഇന്നത്തെ വചനം*
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്‍െറ പിതാവിന്‍െറ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ്് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.
യോഹന്നാന് 14 : 1-6
🌸🌸🍃🌸🌸🍃🌸🌸🍃🌸🌸
*വചന വിചിന്തനം*
*വിശ്വാസം*
ജീവിതത്തിലെ സര്‍വ്വ അസ്വസ്ഥതകളും മാറാനുള്ള ഒറ്റമൂലിയാണിത് – ദൈവത്തില്‍ വിശ്വസിക്കുക. അതായത്, യേശുവില്‍ ശരണപ്പെടുക. നിന്റെ ജീവിതത്തില്‍ ടെന്‍ഷന്‍ വരുകയും ഹൃദയം ആകുലപ്പെടുകയും ചെയ്യുമ്പോള്‍ നീ ഓര്‍ക്കുക – വാഗ്ദാനം പാലിക്കുന്ന ഈeശാ നിന്റെ കൂടെയുണ്ട്. അവന് പറയുന്നു: “ഭയപ്പെടേണ്ട; എന്നില്‍ വിശ്വാസമര്‍പ്പിക്കുക മാത്രം ചെയ്യുക.” അതായത് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക; ഒപ്പം കൂടെ തൊട്ടടുത്തുള്ള മനുഷ്യരിലും.
*മാർ സ്ലീവായുടെ തിരുന്നാൾ ആശംസകൾ*
🌸🌸🍃🌸🌸🍃🌸🌸🍃🌸🌸
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*