ആലപ്പുഴ: കർഷക അവഗണനയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ 16ന് ഉച്ചയ്ക്ക് രണ്ടിനു കർഷകരക്ഷാ സംഗമവും കളക്ടറേറ്റ് മാർച്ചും നടക്കും. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ മഹാസംഗമം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്യും.
സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷതവഹിക്കും. അതിരൂപത വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, ആലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് തയ്യിൽ,ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അഡ്വ.വി.സി. സെബാസ്റ്റ്യൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അതിരൂപത പിആർഒ അഡ്വ.ജോജി ചിറയിൽ, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് വർഗീസ് ആന്റണി എന്നിവർ പ്രസംഗിക്കും. സംഗമത്തിനുശേഷം കർഷക പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കളക്ടർക്കു നിവേദനം നൽകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സിവിൽ സപ്ലൈസ് എടുത്ത നെല്ലിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുക, പിആർ ആർഎസ് പ്രകാരമുള്ള തുക ബാങ്ക് വായ്പയായി കണക്കാക്കി കർഷകരിൽനിന്നു പലിശ ഈടാക്കുന്ന നടപടി തിരുത്തുക, കുട്ടനാട്ടിലെ തോടുകളിലെയും ജലാശയങ്ങളിലെയും ചെളിനീക്കുക, എസി കനാൽ പള്ളാത്തുരുത്തി വരെ പൂർണമായി തുറക്കുക, റബർ സംഭരണവില 250രൂപയാക്കി ഉയർത്തുക, നിലം-പുരയിടം, തോട്ടം-പുരയിടം വേർതിരിവിലെ അപാകത പരിഹരിക്കുക, മനുഷ്യനും കർഷക വിളകൾക്കും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നല്‍കുക,കർഷക പെൻഷൻ പതിനായിരമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷകസംഗമം.
സംഗമത്തിൽ ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചന്പക്കുളം, തുരുത്തി, ചങ്ങനാശേരി, കോട്ടയം, കുടമാളൂർ, അതിരന്പുഴ, മണിമല, നെടുങ്കുന്നം, കുറുന്പനാടം, തൃക്കൊടിത്താനം എന്നീ ഫൊറോനകളിൽ നിന്നുള്ള 20,000ത്തോളം കർഷകരും കർഷകത്തൊഴിലാളികളും വിശ്വാസികളും പങ്കെടുക്കും. കാർഷിക മേഖലയെ അവഗണിക്കുന്ന നയസമീപനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും യുവതലമുറ കാർഷികമേഖലയിൽ നിന്നും പിന്തിരിഞ്ഞു പോകാതിരിക്കാനാണ് ഇത്തരത്തിൽ ഒരു പരിപാടിയെന്നും സംഘാടകസമിതി നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജനറൽ കണ്‍വീനർ കൂടിയായ അതിരൂപത വികാരിജനറാൾ മോണ്‍. ജോസഫ് വാണിയപുരയ്ക്കൽ, അലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ജോർജ് മാന്തുരുത്തി, കോ-ഓർഡിനേറ്റർ വർഗീസ് ആന്റണി,പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡൊമിനിക് ജോസഫ്, ലാലിഇളപ്പുങ്കൽ, രാജേഷ് ജോണ്‍,മാത്യു പി. സോവിച്ചൻ എന്നിവർ പങ്കെടുത്തു.
വിളംബരജാഥയ്ക്ക് ഇന്നു തുടക്കം
ആലപ്പുഴ: കർഷകരക്ഷാസംഗമത്തിനു മുന്നോടിയായി ഇന്നുരാവിലെ ഒന്‍പതിന് കോട്ടയം ലൂർദ് പള്ളിയിൽനിന്നു വിളംബരജാഥ ആരംഭിക്കും. മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് വർഗീസ് ആന്റണി നയിക്കും.
ഫൊറോന വികാരി ഫാ. ജോസഫ് മണക്കുളം അധ്യക്ഷനാകും. കുടമാളൂർ, അതിരന്പുഴ,മണിമല, നെടുംകുന്നം, തൃക്കൊടിത്താനം, തുരുത്തി എന്നിവിടങ്ങളിൽ പ്രയാണത്തിനു ശേഷം വൈകുന്നേരം ഏഴിന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പളളിയിൽ സമാപിക്കും.
15ന് എടത്വ, ചന്പക്കുളം, പുളിങ്കുന്ന് എന്നീ ഫൊറോനകളിലെ പര്യടനത്തിനു ശേഷം രാത്രി ഏഴിന് ആലപ്പുഴ പഴവങ്ങാടി പള്ളിയിൽ വിളംബര ജാഥ സമാപിക്കും. രാജേഷ് ജോണ്‍,ജോസ് ജോണ്‍ വെങ്ങന്തറ, ഷിജോ ഇടയാടി, റോയിവേലിക്കെട്ടിൽ, ടോമിച്ചൻ മേത്തശേരി, സി.ടി. തോമസ് തുടങ്ങിയവർ നേതൃത്വം നല്‍കും.