വത്തിക്കാന്‍ സിറ്റി: ക്രിസ്തുവുമായി ഒരു ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കാൻ വൈദികർ ശ്രമിക്കണമെന്നും വിശ്വാസത്തിന്റെ തൂണുകളായി മാറണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഉത്തര ഇറ്റലിയിൽ നിന്നുള്ള സെമിനാരി വിദ്യാർത്ഥികളും, വൈദികരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. വൈദികരുടെ ദൗത്യവും, കടമയും പ്രത്യേകം ഓര്‍മ്മിപ്പിച്ച പാപ്പ ഓരോരുത്തരും തങ്ങളുടെ പ്രദേശങ്ങളെ സുവിശേഷവത്കരിക്കാനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.

വിശ്വാസത്തിൽ ഉറപ്പില്ലാത്തവർക്കും, അവിശ്വാസികൾക്കും വൈദികരുടെ വിശ്വാസ ജീവിതം ഒരു ടോർച്ച് വെളിച്ചം പോലെയും, പിടിച്ചു നിൽക്കാൻ കഴിയുന്ന ഉറച്ച പാറപോലെയും ആയിത്തീരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ശക്തമായ വിശ്വാസം മറ്റെന്തിനെക്കാളും ഉപരിയായി ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. സെമിനാരി വിദ്യാഭ്യാസ കാലഘട്ടത്തിൽ ക്രിസ്തുവുമായുള്ള ബന്ധത്തിന് ഊന്നൽ നൽകണമെന്നും പാപ്പ സെമിനാരി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.