തിരുവനന്തപുരം: സവാളയുടെ ക്ഷാമം മൂലം ഓരോ ദിവസവും സവാള വില കുതിച്ചുയരുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായവരേയും. ഇപ്പോള്‍ ഇതാ ഉള്ളിയുടെ ക്ഷാമത്തിന് പരിഹാരമായി മാര്‍ക്കറ്റുകളില്‍ വിദേശ സവാള എത്തിത്തുടങ്ങി. ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് തൃശ്ശൂര്‍ മാര്‍ക്കറ്റുകളിലേക്ക് സവാള എത്തിത്തുടങ്ങിയത്. 130 മുതല്‍ 150 രൂപ വരെയാണ് സവാളക്ക് വില ഈടാക്കുന്നത്.
വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. എന്നാല്‍ രൂപത്തിലും ഗുണത്തിലും വ്യത്യാസമുണ്ട്. വിദേശ സവാളക്ക് ജലാംശം കൂടുതലുണ്ടെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നത്. നിലവില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വിദേശ സവാള മാര്‍ക്കറ്റിലെത്തുന്നത്. വരും ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കൂടുതല്‍ സവാള മാര്‍ക്കറ്റുകളിലേക്കെത്തുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ വിലയില്‍ കുറവുണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു.
സവാള ക്ഷാമം പരിഹരിക്കാന്‍ ഈ മാസം പത്താം തീയതിയോടെ വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.