ടൂറിസ്റ്റ്‌ റിസോർട്ടുകളിലെ ശീതീകരിച്ച മുറികളിൽ, ലഹരിമരുന്നുകൾ ഇന്ദ്രീയങ്ങളെ നിയന്ത്രിക്കുന്ന രാവുകളിൽ,പാതിബോധത്തിൽ ചമഞ്ഞെടുക്കുന്ന പുതുതലമുറയിലെ സിനിമകളുണ്ട്‌.തീവ്രവാദികളും സാമൂഹ്യവിരുദ്ധരും യുക്തിവാദികളും സാത്താൻ ആരാധകരുമൊക്കെ മുതൽമുടക്കുന്ന കള്ളപ്പണത്തിന്റെ ചിലവിൽ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അവർക്കുവേണ്ടി മനപ്പൂർവ്വം തട്ടിക്കൂട്ടുന്ന സിനിമകൾ. ഇത്തരം സിനിമകളിൽ വിശുദ്ധമായവയെ അശുദ്ധമായും സത്യത്തെ അസത്യമായും വെള്ളിത്തിരയിലെത്തിച്ച്‌ അതിന്റെ ഭാഗമായി സ്വയം അപഹാസ്യരാകുന്ന കോമാളികളായ സിനിമാപ്രവർത്തകരുമുണ്ട്‌. വിഷത്തെയും വൃത്തികേടിനേയും വർണ്ണക്കടലാസിൽ പൊതിഞ്ഞുവിറ്റുകാശുണ്ടാക്കി അതു കൊണ്ട്‌ ഉളുപ്പില്ലാതെ തിന്നു കുടിച്ച് ലഹരിനുണഞ്ഞ്‌ സെലിബ്രെറ്റി പരിവേഷമണിയുന്നവർ. ഇവരുടെയെല്ലാം നടുവിൽ സിനിമാ സംവിധായകനായ ഒരുയുവാവ്‌ തന്റെ മനസാക്ഷിയോട്‌ നീതി പുലർത്തി വ്യത്യസ്ഥനാവുകയാണ്‌. എന്തിലും തിന്മ മാത്രം കാണുകയും അതിൽമാത്രം ഫോക്കസ്‌ ചെയ്യുകയും ചെയ്യുന്നവരിൽ നിന്ന് വ്യത്യസ്ഥനായി നന്മ കാണുവാനും നന്മ പ്രദർശിപ്പിക്കുവാനും ഒരു സിനിമാ സംവിധായകൻ തയ്യാറാകുന്നു. കത്തോലിക്കാ സഭയിലെ വൈദീകരുടെ ജീവിതവും ബന്ധങ്ങളും നന്മകളും വ്യക്തമായി ആവിഷ്‌കരിക്കുന്ന “താക്കോൽ” എന്ന സിനിമ എഴുതി സംവിധാനം ചെയ്ത്‌ തിയേറ്ററിൽ എത്തിക്കുന്നത്‌ പുതുതലമുറയിലെ സംവിധായകനായ കിരൺ പ്രഭാകരനാണ്‌. അദ്ദേഹത്തിന്റെ സിനിമയ്ക്ക്‌ എല്ലാവിധ വിജയാശംസകളും നേരുന്നു. പുകയടിച്ച്‌ കോമാളിത്തരവും അസഭ്യങ്ങളും വെള്ളിത്തിരയിലെത്തിച്ച്‌ കയ്യടിനേടാൻ ക്രൈസ്തവ ആരാധനയേയും കൂദാശകളേയുമൊക്കെ നിരന്തരം അധിക്ഷേപിക്കുന്ന സിനിമാക്കാരോടുള്ള നമ്മുടെ എതിർപ്പും പ്രതിഷേധവുമറിയിക്കാൻ എല്ലാവരും “താക്കോൽ” എന്ന കിരൺ പ്രഭാകരന്റെ ഈ സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.