വാർത്തകൾ

*വിവാദ ആൾദൈവം സ്വാമി നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ.* ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ശേഷമാണ് സ്വാമി നിത്യാനന്ദ ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിശദീകരണം.

*നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനായില്ലെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍.* അനിയന്ത്രിതമായ വിലയക്കറ്റംമൂലം ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകാത്ത സാഹചര്യമാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന കെ.എച്ച്.ആര്‍.എ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പതിനേഴാം തീയതി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഹോട്ടലുകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കും

*കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ പീ‍ഡിപ്പിച്ചു.* എട്ടാം ക്ലാസുകാരിെയ ആണ് പീഡിപ്പിച്ചത്. വെള്ളം ചോദിച്ചാണ് യുവാവ് എത്തിയത്. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറുകയായിരുന്നു. തമ്പലക്കാട് സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതം

*കൊല്ലം റൂറൽ പൊലീസ് പരിധിയിലെ കവർച്ചാ പരമ്പര കേസുകളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.* തമിഴ്നാട് വിരുതനഗറിലെ തിരുട്ട് ഗ്രാമത്തില്‍ നിന്ന് അതിസാഹസികമായാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കൂട്ടു പ്രതികള്‍ക്കായി കൊല്ലം റൂറല്‍ എസ്പി ഹരി ശങ്കര്‍ നിയോഗിച്ച പ്രത്യേക സംഘം അയല്‍സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണം തുടരുകയാണ്.

*ചങ്ങനാശ്ശേരി നഗരസഭയിൽ അധ്യക്ഷസ്ഥാനത്തെചൊല്ലിയുള്ള കേരളകോൺഗ്രസ് തമ്മിലടി വീണ്ടും രൂക്ഷം.* ജോസ്‌ പക്ഷക്കാരനായ അധ്യക്ഷനെ താഴെയിറക്കാൻ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കമാണ് ജോസഫ്പക്ഷം നടത്തുന്നത്. ഇതിന് യുഡിഎഫിന്റെ പൂർണപിന്തുണയുണ്ടെന്നാണ് അവകാശവാദം.

*ലഹരിക്കടിമയായ സ്വന്തം മകനെ പൊലീസിലേൽപിച്ച് മാതാപിതാക്കൾ.* തൃശൂരിലാണ് സംഭവം. ഉപദ്രവിച്ചതിനു പുറമേ, വീട്ടിൽ നിന്നു പുറത്താക്കുകകൂടി ചെയ്തപ്പോളാണ് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. ഒന്നര കിലോ കഞ്ചാവുമായി പെരിയമ്പലം പയമ്പിള്ളി ബാബുവിനെ (38) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ശേഷം, കോടതി റിമാൻഡ് ചെയ്തു.

*സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (സെയില്‍) തൊഴിലവസരം.* വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍) തസ്തികയിലേക്ക് പുതുക്കിയ വിജ്ഞാപനമിറക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://www.sail.co.in/

*ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചാംപനി ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.* കഴിഞ്ഞ വര്‍ഷം മാത്രം 140,000 പേരാണ് ലോകത്താകമാനം ഈ രോഗം ബാധിച്ചു മരിച്ചത്. ഇതില്‍ ഭൂരിപക്ഷവും അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ ആണ്. ദീര്‍ഘകാല താരതമ്യത്തില്‍ മരണസംഖ്യ കുറഞ്ഞിട്ടുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച്‌ കൂടുതലാണിത്.

*കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണകേന്ദ്രം, കോഴിക്കോട് ആര്‍.എസ്. ബി.വൈക്ക്‌ കീഴില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ (വനിത) ഒഴിവിലേക്ക് താത്‌കാലിക നിയമനം നടത്തും.* ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 12-ന് രാവിലെ 11-ന് ഐ.എം.സി.എച്ച്‌. സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

*മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സംവിധാനം ഇന്ത്യയിലും.* ആദ്യഘട്ടത്തില്‍ ഡല്‍ഹി എയിംസിലായിരിക്കും ഇതു യാഥാര്‍ഥ്യമാക്കുകയെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജ്യസഭയെ അറിയിച്ചു. ഇതോടെ, തെക്കുകിഴക്കന്‍ ഏഷ്യന്‍മേഖലയില്‍ വിര്‍ച്വല്‍ ഓട്ടോപ്സി (കീറിമുറിക്കാതെയുള്ള പോസ്റ്റ്മോര്‍ട്ടം) നടപ്പാക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ.

*തീവണ്ടികളില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയില്‍വേ അധികൃതര്‍ പിടിച്ചു* അനധികൃത യാത്രയ്ക്കെതിരേ കര്‍ശന നടപടിയുമായി തീവണ്ടി സുരക്ഷാസേന (ആര്‍.പി.എഫ്.) രംഗത്തെത്തി . പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ബുധനാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് സ്ത്രീകളുടെ കോച്ചുകളില്‍ യാത്രചെയ്ത 10 പുരുഷന്മാര്‍ പിടിയിലായത് . ഡിവിഷന് കീഴില്‍ 91 പരിശോധനയാണ് നടത്തിയത്.

*കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ്‌ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു.* കൂടിക്കാഴ്ച ഡിസംബര്‍ 12-ന് രാവിലെ 10-ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍. ഫോണ്‍: 0495 2382314.

*കട്ടച്ചിറ പള്ളിയില്‍ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ച യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.* ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഇടവക അംഗത്തിന്റെ മൃതദേഹം പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചത്.38 ദിവസമായി പള്ളിത്തര്‍ക്കത്തെത്തുടര്‍ന്ന് സൂക്ഷിച്ച്‌ വെച്ചിരുന്ന 91 കാരിയായ മറിയാമ്മ രാജന്റെ മൃതദേഹമാണ് സംസ്‌കരിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പടെയാണ് പൊലീസ് കാവല്‍ മറികടന്ന് പള്ളിയില്‍ കയറിയത്.

*പട്ടാമ്പി കോളേജിലെ പ്ലേസ്‌മെന്റ് സെല്ലും കോളേജ് യൂണിയനും ചേര്‍ന്ന് ഏഴിന് രാവിലെ ഒമ്ബതിന് മെഗാ തൊഴില്‍മേള സംഘടിപ്പിക്കും.* വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്ബി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും.
മേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായിരിക്കും.

*മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്റെ പേരില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പുതിയ സ്റ്റാന്‍ഡ്.* ഇന്ന് നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ സ്റ്റാന്‍ഡ് ഉദ്‌ഘാടനം ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്.

*കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് വൈകിയ വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തള്ളി.* ഉത്തരവിറക്കാന്‍ വൈകിയതിനു പിന്നില്‍ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്നായിരുന്നു ടോം ജോസിന്റെ റിപ്പോര്‍ട്ട്. പാറക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു.

*ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ വീടും സർവജന സ്കൂളും രാഹുൽ ഗാന്ധി എം പി സന്ദർശിച്ചു.* മൂന്ന് ദിവസത്തെ വയനാട് മണ്ഡല പര്യടനത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി ഷെഹ്ലയുടെ വീടും സ്കൂളും സന്ദർശിച്ചത്. നമ്മുടെ കുട്ടികൾ സ്കൂളുകളിൽ പാമ്പുകടിയേറ്റ് മരിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് രാഹുൽ പറഞ്ഞു.വേണ്ടത്ര ആരോഗ്യ രംഗങ്ങൾ വയനാട്ടിൽ ഇല്ലെന്നാണ് ഇത്തരം സംഭവം സൂചിപ്പിക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വയനാട്ടിൽ ആരോഗ്യ സംവിധാനമൊരുക്കണം.

*ലൈംഗികമായി പീഡിപ്പിച്ചെന്ന പന്ത്രണ്ടു വയസുകാരിയുടെ പരാതിയിൽ പ്രതിയായ അമ്മ ഒളിവിലെന്ന് പൊലീസ്.* അമ്മയെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും ശ്രമിച്ചെങ്കിലും പൊലീസിന് ഇതുവരെ അവരെ സാധിച്ചില്ല. കണ്ടെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.

*ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ ക്രൈബ്രാഞ്ച് രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കും.* ശ്രീകുമാർ മേനോനെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.ശ്രീകുമാർ മേനോന്‍ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന മഞ്ജു വാര്യരുടെ പരാതിയിൽ അവസാന വട്ട നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.

*വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു.*
ഓഡി, ബിഎംഡബ്ല്യു, ഹോണ്ട, മിറ്റ്സുബിഷി, ടൊയോട്ട എന്നീ അഞ്ച് വാഹന നിര്‍മാതാക്കള്‍ നിര്‍മ്മിച്ച ചില പഴയ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ‘ടകാറ്റ’ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച എയര്‍ബാഗുകളിലെ തകരാറുകളാണ് തിരിച്ചുവിളിക്കാന്‍ കാരണം.

*സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കി സൗദി എയര്‍ലൈന്‍സ്.* അന്താരാഷ്ട്ര സര്‍വീസുകളിലാണ് സൗദന്യ ബാഗേജ് ആനുകൂല്യം വെട്ടിചുരുക്കിയത്. എക്കണോമി ക്ലാസ് ടിക്കറ്റില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബാഗേജിന്റെ എണ്ണം ചുരുക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിയമം ബാധകമാവുക.

*സ്‌കൂള്‍ അധ്യാപികയെ മകള്‍ക്ക് മുമ്പില്‍വച്ച് അജ്ഞാതന്‍ വെടിവച്ചുകൊന്നു.* അഞ്ചുവയസുള്ള മകളുടെ മുമ്പില്‍ വെച്ചാണ് സര്‍ബ്ജിത്ത് കൗര്‍ എന്ന യുവതിയ്ക്ക് വെടിയെറ്റത്. ചണ്ഡീഗഢിലെ മൊഹാലി ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഖരാര്‍ നഗരത്തിലെ സ്‌കൂളിനുപുറത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യവേയാണ് കൗറിന് വെടിയേറ്റത്. സമീപത്തെ സിസിടിവിയില്‍ കൊലപാതകിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

*കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തുമെന്ന് സൂചന.* കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലായിരുന്നു രാഹുൽ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അഞ്ചുമാസം കഴിയുമ്പോൾ രാഹുലിനെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് റിപ്പോർട്ട്.

*സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ 95 കരാര്‍ നിയമനങ്ങള്‍ അന്വേഷണ വിധേയമാക്കി റദ്ദാക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍.* കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചു. ക്രൈസ്തവരുള്‍പ്പെടുന്ന ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ആക്ഷേപിച്ചും അവഹേളിച്ചും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം ക്ഷേമപദ്ധതികള്‍ മുഴുവന്‍ തട്ടിയെടുക്കുന്‌പോള്‍ കരാര്‍ നിയമനങ്ങളിലൂടെ അതേ സമുദായത്തിലെ അംഗങ്ങളെ തിരുകിക്കയറ്റുന്നതും സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതും നീതികേടാണ്.

*ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവച്ചു കൊന്നു.* കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം.

*സഭകളിലെ ആംഗ്ലോ-ഇന്ത്യന്‍ സംവരണം തുടരണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നിവേദനം നൽകി.* രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും നിയമനിര്‍മാണ സഭകളില്‍ ആര്‍ട്ടിക്കിള്‍ 330, 331,332,333 പ്രകാരം സംവരണം നല്‍കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളില്‍ ഭരണഘടനാഭേദഗതികളിലൂടെ നീട്ടി നല്‍കുകയായിരുന്നു.

*കെസിബിസിയുടെ പുതിയ അധ്യക്ഷനായി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു.* കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.കോഴിക്കോട് രൂപതാ മെത്രാന്‍ വര്‍ഗീസ് ചക്കാലക്കലിനെ വൈസ് പ്രസിഡന്റായും ബത്തേരി രൂപത മെത്രാന്‍ ജോസഫ് മാര്‍ തോമസിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

*അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.* അടുത്ത ആറ് മണിക്കൂറോളം ചുഴലിക്കാറ്റിന്റെ തീവ്രത നിലനില്‍ക്കുകയും അതിനുശേഷം ശക്തികുറഞ്ഞു ന്യുനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

*സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ പിടിമുറുക്കി സര്‍ക്കാര്‍.* സംരക്ഷിത അധ്യാപകര്‍ക്കായി തസ്തിക മാറ്റിവയ്ക്കാതെ സ്‌കൂളുകളില്‍ മാനേജര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മുമ്പു നീക്കിവച്ചിരുന്ന തസ്തിക കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇല്ലാതായാലും പുതിയ തസ്തിക മാറ്റിവച്ചേ മതിയാകൂ. ഇതില്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

*ഹൈദരാബാദിൽ യുവ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച പ്രതികളെ പൊലീസ് കൊലപ്പെടുത്തിയത് ഡോക്ടർ കൊല്ലപ്പെട്ട അതേ ദേശീയ പാതയിൽ.* തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. ഹൈദരാബാദ് പൊലീസിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടിയുടെ കുടുംബവും നടപടിയെ സ്വാഗതം ചെയ്തു.

*തെലങ്കാനയില്‍ ബലാത്സംഗ കേസിലെ നാല് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.* പാര്‍ലമെന്റില്‍ പ്രതിപക്ഷം ഏറ്റുമുട്ടല്‍ വിഷയം ഉന്നയിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമത്തിന് നിയമമാര്‍ഗത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത് സ്മൃതി ഇറാനി നടത്തിയ പരാമര്‍ശം സഭാ നടപടികള്‍ തടസപ്പെടുത്തി.

*പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത്കൊ ലപ്പെടുത്തിയ കുറ്റവാളികളാണെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍.* പ്രതികള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. കേസില്‍ ഇവര്‍ക്കെതിരായ ശാസ്ത്രീയമായ തെളിവുകള്‍ എല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ വെടിവെയ്ക്കുന്നതിന് മുമ്ബ് അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

*ഹൈദരാബാദില്‍ യുവതിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.* സംഭവത്തിന്റെ വസ്തുത മനസിലാക്കുന്നതിനായി മനുഷ്യാവകാശ കമ്മിഷന്‍ സംഘത്തെ തെലങ്കാനയിലേക്ക് അയക്കുമെന്നു കമ്മിഷന്‍. സംഭവത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

*കേള്‍വി പരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്ബത്തിക സാക്ഷരത, ഡിജിറ്റല്‍ ബാങ്കിങ് പഠന സഹായി പുറത്തിറക്കി.*
ചൈല്‍ഡ് ആന്റ് യൂത്ത് ഫിനാന്‍സ് ഇന്റര്‍നാഷണല്‍, ബിഷപ് മൂര്‍ കോളെജ് ഫോര്‍ ഹിയറിങ് ഇംപയേഡ്, നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവരുമായി ചേര്‍ന്നാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പഠന സഹായിയായ സിഡി പുറത്തിറക്കിയത്.

*കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ ലഭിച്ച പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അനുമതി നല്‍കരുതെന്നും പാര്‍ലമെന്റാണ് ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.* രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*വധശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നിര്‍ഭയ കേസ്​ പ്രതി നല്‍കിയ ദയാഹരജി തള്ളണമെന്ന്​ രാഷ്​ട്രപതിക്ക്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശിപാര്‍ശ.* കേസിലെ പ്രതിയായ വിനയ്​ ശര്‍മ്മയാണ്​ ദയാഹരജി നല്‍കിയത്​. വിനയ്​ ശര്‍മ്മയുടെ ദയാഹരജി തള്ളണമെന്ന്​ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മ​ന്ത്രാലയത്തോട്​ ആവശ്യപ്പെട്ടിരുന്നു.
നിര്‍ഭയ കേസില്‍ അഞ്ച്​ പ്രതികളെയാണ്​ കോടതി വധശിക്ഷക്ക്​ വിധിച്ചത്​.

*ഞങ്ങളുടെ മകൾക്ക് നീതി കിട്ടി’- പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.* ഏറ്റുമുട്ടൽ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്. ഇപ്പോൾ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും. കുറ്റവാളികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും അവർ പ്രതികരിച്ചു. പ്രതികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.

*കേരളത്തിന്റെ ബാങ്കിങ്‌ മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്.* കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ കര്‍ഷകര്‍ കാര്‍ഷികവായ്‌പകള്‍ക്ക് ഇതുവരെ നല്‍കിയ പലിശ കേരള ബാങ്കിന് നല്‍കേണ്ടതില്ലെന്നും ഒരുശതമാനമെങ്കിലും കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

*കേരള പൊലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.* കഴിഞ്ഞ 15 വര്‍ഷത്തിനിടെ 68 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2004 മുതല്‍ ഇക്കൊല്ലം ഇതുവരെയുള്ള കണക്കാണിത്.

*കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി.* വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 
*സ്ത്രീകള്‍ക്കെതിരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനു കാരണം പോണ്‍ സൈറ്റുകളാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍* . എല്ലാ പോണ്‍ സൈറ്റുകളെയും നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു

*മാര്‍ക്ക്‌ ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.* ക്രമക്കേട് മുഴുവന്‍ നടത്തിയത് മന്ത്രി കെ.ടി.ജലീല്‍ ആണെന്ന് പൂര്‍ണമായും വ്യക്തമായെന്നും ചെന്നിത്തല വ്യക്തമാക്കി
 
*ഇറാഖില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനം ആയിരക്കണക്കിന് മുസ്ലീങ്ങളെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന്‍ മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍.* ഇറാഖില്‍ ക്രൈസ്തവര്‍ നേരിട്ട ആക്രമണങ്ങളിലൂടെ അനേകം മുസ്ലീങ്ങള്‍ യേശുവിനെ കണ്ടെത്തിയെന്നും, മതപീഡനം ക്രൈസ്തവരെ തങ്ങളുടെ വിശ്വാസത്തില്‍ കൂടുതല്‍ ശക്തരാക്കിയെന്നും ആര്‍ച്ച് ബിഷപ്പ് നജീബ് മിഖായേല്‍ മൗസ്സാ പറഞ്ഞു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനം സംബന്ധിച്ച് ഹംഗറി സര്‍ക്കാര്‍ ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ ഉന്നം പരിശീലിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാസയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.* രക്തസാക്ഷികള്‍ ചിന്തിയ രക്തത്തിന്റേയും, യേശു ക്രിസ്തുവിന്റെ ആത്യന്തിക വിജയത്തിന്റേയും സ്മരണ ഉണര്‍ത്തിക്കൊണ്ട് വെടിയുണ്ടക്ക് പോലും പൂര്‍ണ്ണമായും നശിപ്പിക്കുവാന്‍ കഴിയാത്ത ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കാസ. ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഖോഷ് പിടിച്ചടക്കിയ തീവ്രവാദികള്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിച്ച കൂട്ടത്തില്‍ ഈ കത്തോലിക്കാ ദേവാലയം ആക്രമിക്കുകയായിരിന്നു.

*ഇന്നത്തെ വചനം*

അബ്രാഹത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രന്‍ യേശുക്രിസ്‌തുവിന്‍െറ വംശാവലി ഗ്രന്‌ഥം.
അബ്രാഹം ഇസഹാക്കിന്‍െറ പിതാവായിരുന്നു. ഇസഹാക്ക്‌ യാക്കോബിന്‍െറയും യാക്കോബ്‌ യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനി ച്ചപേരെസിന്‍െറയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്‌ഹെസ്‌റോന്‍െറയും ഹെസ്‌റോന്‍ ആരാമിന്‍െറയും പിതാവായിരുന്നു…………………….. …………………………………………………………………………………………………………….
യാക്കോബ്‌ മറിയത്തിന്‍െറ ഭര്‍ത്താവായ ജോസഫിന്‍െറ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്‌തുവരെ പതിന്നാലും തലമുറകളാണ്‌ ആകെയുള്ളത്‌.
മത്തായി 1 : 1-17

*വചന വിചിന്തനം*
ദൈവത്തിന്റെ വഴികള്‍

ഈശോയുടെ വംശാവലിയില്‍ കടന്നുവരുന്ന ഓരോരുത്തരെയും ശ്രദ്ധിക്കുക. ചിലര്‍ യോഗ്യന്മാര്‍, ചിലര്‍ ബലഹീനര്‍, ചിലരാകട്ടെ വിജാതീയര്‍. എന്നിട്ടും അവരിലൂടെയെല്ലാം ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുന്നു. ബലഹീനതയുടെയും ജാതിയുടെയും പേരില്‍ ആരെയും എഴുതിത്തള്ളാതിരിക്കുക. കാരണം, ദൈവത്തിന്റെ വഴികള്‍ വ്യത്യസ്തമാണ്.

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*