സഭാനവീകരണത്തിനുള്ള കര്ദ്ദിനാള് സംഘം കരടു രൂപത്തിന്റെ പരിശോധന തുടരുന്നു.
1. സഭയില് അല്മായരുടെ പങ്കാളിത്തം
സഭാ നവീകരണത്തിനുള്ള കര്ദ്ദിനാള് സംഘം സമ്മേളിച്ചു. സഭയില് അല്മായരുടെ പങ്കാളിത്തം –സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തത്തെ സംബന്ധിക്കുന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ കരടുരൂപത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്ച്ചകള്. ഡിസംബര് 2-മുതല് 4-വരെ തിയതികളിലാണ് സി9കര്ദ്ദിനാള് സംഘം, നേരത്തെ തീരുമാനിച്ചതനുസരിച്ച് പാപ്പാ ഫ്രാന്സിസിന്റെ അദ്ധ്യക്ഷതയില് പേപ്പല് വസതി,സാന്താമാര്ത്തയില് സമ്മേളിച്ചത്.
2. പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍
സഭാ ഭരണത്തിലേയ്ക്ക് കടന്നുവരുന്ന അല്മായരായ സ്ത്രീകള്ക്കും പുരുഷന്മാര്ക്കും റോമന് കൂരിയിയ, ദേശീയ പ്രാദേശിക മെത്രാന് സമിതികള് എന്നിവയുമായുള്ള ബന്ധം, സഭയുടെ ഭരണകാര്യങ്ങളുടെ തീരുമാനങ്ങള് എടുക്കുന്നതിലുള്ള പങ്കാളിത്തം എന്നിവ വിശദമായി ചര്ച്ചചെയ്യപ്പെട്ടു.
3. ഇന്ത്യയിലെ കര്ദ്ദിനാള് ഗ്രേഷ്യസ് ഉള്‍പ്പെടുന്ന സഭാനവീകരണ കമ്മിഷന്
ഇന്ത്യയില്നിന്നും മുംബൈ അതിരൂപതാദ്ധ്യക്ഷനും, ദേശീയ കത്തോലിക്കാ മെത്രാന് സമിതിയുടെ അദ്ധ്യക്ഷനുമായ കര്ദ്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസിനെ കൂടാതെ, വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദ്ദിനാള് പിയെത്രോ പരോളിന്, ഹോണ്ടൂരാസിലെ ടെഗ്വിസിഗാല്പ അതിരൂപതാദ്ധ്യക്ഷന് കര്ദ്ദിനാള് ഓസ്കര് മരദിയേഗാ എസ്.ഡി.ബി, ജര്മ്മനിയിലെ മ്യൂനിക്-ഫ്രെയ്സിങ് അതിരൂപതാദ്ധ്യക്ഷന് കര്ദ്ദിനാള് റെയ്നാര്ഡ് മാര്ക്സ്, അമേരിക്കയിലെ ബോസ്റ്റണ് അതിരൂപതയുടെ മെത്രാപ്പോലീത്ത കര്ദ്ദിനാള് ഷോണ് ഓ’മാലി ഓ.എഫ്.എം. കപ്പൂച്ചിന്, വത്തിക്കാന് ഗവര്ണ്ണറേറ്റിന്റെ പ്രസിഡന്റ് കര്ദ്ദിനാള് ജുസേപ്പെ ബര്ത്തേലോ, ഇറ്റലിയിലെ അല്ബാനോ അതിരൂപതാദ്ധ്യക്ഷന് ആര്ച്ചുബിഷപ്പ് സെമറാരോ (Secretary of the Reform Commission) എന്നിവര് തിങ്കള്,ചൊവ്വ, ബുധന് എന്നീ മൂന്നു ദിവസങ്ങളില് പാപ്പാ ഫ്രാന്സിസിനോടൊപ്പം ചര്ച്ചകളില് പങ്കെടുത്തു.
4. കര്ദ്ദിനാള് കമ്മിഷന്റെ അടുത്ത സംഗമം
അടുത്ത സമ്മേളനവും ചര്ച്ചകളും 2020ഫെബ്രുവരി മാസത്തിലായിരിക്കുമെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി, മത്തെയോ ബ്രൂണി ഡിസംബര് 4-ന് വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.