ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗവും പിന്നീട് ഇരയായ യുവതിയുടെയുംകുടുംബത്തിനും നേരെ വധശ്രമവും നടന്ന ഉന്നാവില്‍ത്തന്നെയാണ് പുതിയ സംഭവവും എന്നതാണ് ഏറെ ശ്രദ്ധേയം.
പെണ്‍കുട്ടിയെ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് കൂടുതല്‍ ചികിത്സക്കായി പെണ്‍കുട്ടിയെ ലഖ്നൗവിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി മരണത്തോട് മല്ലിടുകയാണ്.സംഭവത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് മാസങ്ങളോളം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.