കൊച്ചി : യുവനടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളൊഴികെ അന്വേഷണ സംഘം ശേഖരിച്ച മറ്റ് ഡിജിറ്റല്‍ തെളിവുകളുടെ പൂര്‍ണമായ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷികളുടെ പക്കലുള്ള മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയ 32 ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ശേഖരിച്ചവയാണിവ.
അതേ സമയം കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്ബൂര്‍ണ പകര്‍പ്പ് ആവശ്യപ്പെടാന്‍ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. പ്രതിഭാഗം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല. ഇത്തരക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. കേസിലെ നിര്‍ണായക സാക്ഷികളായ ചിലരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇത്തരം സാക്ഷികളെ സ്വാധീനിക്കാന്‍ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇത്തരം ഡിജിറ്റല്‍ തെളിവുകള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇതു അനിവാര്യമാണെന്നും പ്രതിഭാഗം വാദിച്ചു. വിചാരണ ആറു മാസത്തനികം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടും അനാവശ്യമായി വൈകിപ്പിക്കാനാണ് പ്രതിഭാഗം ഇതിലൂടെ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷനും ആരോപിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി അപേക്ഷ ഡിസംബര്‍ 11 ലേക്ക്‌ മാറ്റി.