കൊച്ചി: പ്രകടമായ അച്ചടക്കലംഘനം മൂലം സന്യാസ സമൂഹത്തിൽനിന്നു നീക്കം ചെയ്യപ്പെട്ട വ്യക്തിയെ കൂട്ടുപിടിച്ചു സഭയിലെ വൈദികരെയും സന്യസ്തരെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ ശ്രമങ്ങൾ അപലപനീയമെന്നു സീറോ മലബാർ അല്മായ കമ്മീഷൻ ഭാരവാഹികളുടെ യോഗം.സ്വാർഥലക്ഷ്യങ്ങൾക്കായി സ്വന്തം വ്യക്തിത്വത്തെയും പദവിയെയും ദുരുപയോഗം ചെയ്തു തങ്ങളുടെ ജീവിതത്തിൽ വരുത്തിവച്ച അപജയങ്ങൾ സഭയുടെമേൽ പഴിചാരി മുഖംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പ്രതിലോമ ചിന്തകളെ നിരന്തരം സഭയ്ക്കെതിരായി അണിനിരത്താൻ സഭാവിരുദ്ധരും ദേശവിരുദ്ധരും ഒരുമിക്കുന്ന സങ്കടകരമായ കാഴ്ചയാണ് കേരളസമൂഹത്തിൽ കാണുന്നതെന്നു യോഗം കുറ്റപ്പെടുത്തി.
നൂറ്റാണ്ടുകളായി പ്രതിഫലേച്ഛ കൂടാതെ സാധുജന ക്ഷേമപ്രവർത്തനങ്ങളും ദൈവജന ശുശ്രൂഷയും നടത്തിവരുന്ന ആയിരക്കണക്കിനു വൈദികരെയും സന്യസ്തരെയും ഓർത്ത് അൽമായ സമൂഹം അഭിമാനംകൊള്ളുന്നു. സഭാജീവിതത്തിൽ പ്രശ്നങ്ങളോ ഒറ്റപ്പെട്ട തിക്താനുഭവങ്ങളോ ഉണ്ടായാൽ സഭയ്ക്കുള്ളിൽ പരിഹരിക്കാനുള്ള ധാരാളം വേദികൾ ഉണ്ടെന്നിരിക്കെ ഒരിക്കൽപോലും ആക്ഷേപമോ പരാതിയോ ഉന്നയിക്കാത്തവർ ഇപ്പോൾ തൽപരകക്ഷികളുടെ കപട പിന്തുണ കിട്ടിയപ്പോൾ ഉയർത്തുന്ന ദുരാരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരേ സഭാതനയരും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും വികലമനസുകളെ പ്രോത്സാഹിപ്പിക്കുന്നതിൽനിന്നു വിവേകമുള്ളവർ പിന്തിരിയണമെന്നും യോഗം അഭ്യർഥിച്ചു.അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ, കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, സെക്രട്ടറി തോമസ് പീടികയിൽ, മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, സെക്രട്ടറി റോസിലി പോൾ തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.