ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴയില്‍ മേട്ടുപാളയത്ത് മൂന്ന് വീടുകള്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. സ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്.തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്ബുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 15000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മദ്രാസ്, അണ്ണാ സര്‍വ്വകലാശാകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉള്‍പ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണമുണ്ട്.
തമിഴ്‌നാട്ടില്‍ കനത്ത മഴ; 15000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
