കൊടുങ്ങല്ലൂർ: ഭാരതത്തിൽ ക്രൈസ്തവവിശ്വാസത്തിന്റെ ദീപശിഖയുമായി മാർ തോമാശ്ലീഹാ കപ്പലിറങ്ങിയ പൈതൃകഭൂമിയായ കൊടുങ്ങല്ലൂരിനെ ഇളക്കിമറിച്ച് ആയിരങ്ങളുടെ സംഗമം. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ നടത്തിയ എട്ടാമത് മാർ തോമാ തീർത്ഥാടനത്തിൽ ഏഴായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. രണ്ടു മേഖലകളായി തിരിച്ചായിരുന്നു പദയാത്ര.
രാവിലെ ഏഴിന് ഇരിങ്ങാലക്കുട കത്തീഡ്രൽ അങ്കണത്തിൽ ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ പേപ്പൽ പതാക ബിഷപ് മാർ പോളി കണ്ണൂക്കാടനു നൽകിയതോടെ ഒന്നാം മേഖലയുടെ പദയാത്രയ്ക്ക് ആരംഭംകുറിച്ചു. ലോക സമാധാനത്തിനും ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ശാന്തിക്കും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയാണ് ഇരുപത്തിയഞ്ചുനോമ്പിന്റെ ആദ്യ ദിനത്തിൽതന്നെ കാൽനടതീർത്ഥയാത്ര നടത്തുന്നതെന്ന് ഉദ്ഘാടന സന്ദേശത്തിൽ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കത്തീഡ്രൽ വികാരി റവ.ഡോ. ആന്റു ആലപ്പാടൻ അധ്യക്ഷത വഹിച്ചു.
രാവിലെ 7.15ന് കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിട ദേവാലയത്തിൽനിന്നു മോണ്‍. ലാസർ കുറ്റിക്കാടൻ കൈമാറിയ പേപ്പൽ പതാകയും സ്വീകരിച്ച് പുത്തൻചിറ ഫൊറോന വികാരി റവ.ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരന്റെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടാം മേഖലാ പദയാത്രയിലും നിരവധി വൈദീകരും സന്യസ്തരും അണിചേർന്നു. ഇരിങ്ങാലക്കുടയിൽ നിന്നും കുഴിക്കാട്ടുശേരിയിൽനിന്നും എത്തിയ രണ്ടു പദയാത്രകൾ പുല്ലൂറ്റ് പാലത്തിനു സമീപം സംഗമിച്ചു.
പതിനൊന്നോടെ കൊടുങ്ങല്ലൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിലെ സാന്തോം സ്ക്വയറിൽ എത്തിച്ചേർന്ന പദയാത്രയെ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹം ഹർഷാരവത്തോടെ സ്വീകരിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, വില്ലേജ് ഓഫീസർ പി.പി. പ്രവീണ്‍കുമാർ, ചേരമാൻ ജുമാ മസ്ജിദ് ചീഫ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, തിരുവഞ്ചിക്കുളം ക്ഷേത്രം പ്രസിഡന്റ് സത്യധർമ അടികൾ, വാർഡ് മെമ്പർ പാർവതി സുകുമാരൻ എന്നിവരും ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, വികാരി ജനറാൾമാരായ മോണ്‍. ലാസർ കുറ്റിക്കാടൻ, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി, ഫൊറോന വികാരിമാരായ റവ.ഡോ. ആന്റു ആലപ്പാടൻ, റവ.ഡോ. വർഗീസ് അരിക്കാട്ട്, റവ.ഡോ. ജോസ് വിതമറ്റിൽ, റവ.ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ,ഫാ. വർഗീസ് ചാലിശേരി എന്നിവരും തീർത്ഥയാത്രയുടെ കണ്‍വീനർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ,വൈസ് ചാൻസലർ റവ.ഡോ. കിരണ്‍ തട്ട്ള, ജോയിന്റ് കണ്‍വീനർ ഫാ. വിൻസന്റ് പാറയിൽ, ഏകോപന സമിതി സെക്രട്ടറി ഫാ. തോമസ് ഇളംകുന്നപ്പുഴ എന്നിവരും ചേർന്നു കൽവിളക്കിലെ തിരികൾ തെളിച്ചു. വികാരി ഫാ. അനൂപ് കോലങ്കണ്ണി സ്വാഗതം പറഞ്ഞു.
ആഘോഷമായ ദിവ്യബലിക്കു ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, വികാരി ജനറാൾമാർ, ഫൊറോന വികാരിമാർ, നിരവധി വൈദികർ എന്നിവർ സഹകാർമികരായി.