കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി സനിൽകുമാറിന്‍റെ ജാമ്യം കൊച്ചി സിബിഐ കോടതി റദ്ദാക്കി. തുടർച്ചയായി മൂന്ന് തവണ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യത്തിൽ പ്രതിക്ക് വേണ്ടി ജാമ്യം നിന്ന രണ്ടു പേർക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.വിചാരണ നടപടികൾ ഇന്ന് പുനരാരംഭിച്ചതോടെ കേസിലെ 10 പ്രതികളിൽ എട്ട് പേർ ഇന്ന് കോടതിയിൽ ഹാജരായി. സനിൽകുമാറും നടൻ ദിലീപും മാത്രമാണ് ഇന്ന് ഹാജരാകാതിരുന്നത്. കോടതിയുടെ അനുമതിയോടെ ദിലീപ് വിദേശത്ത് സിനിമയുടെ പ്രചരണാർഥം പോയിരിക്കുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ മൂന്നിന് എല്ലാ പ്രതികളും വീണ്ടും ഹാജരായേക്കും.