തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഹെല്‍മറ്റ് പരിശോധന നാളെ മുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യഘട്ടത്തില്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം.
കുട്ടികളുള്‍പ്പെടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയപ്പോള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമായിരുന്നു അനുവദിച്ചത്. ഒന്നാം തിയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വിവിധ സ് ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും.നാളെമുതല്‍ പരിശോധന ഉണ്ടാവുമെങ്കിലും കുറച്ച് ദിവസങ്ങള്‍ കൂടി പിഴ ഒഴിവാക്കി ബോധവത്കരണം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് അധികൃതരുടെ തീരുമാനം, ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്.
2019 ആഗസ്റ്റ് 9 നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. അതുപ്രകാരം നാലു വയസിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റിന് ഇളവില്ല. സിക്ക്കാര്‍ക്കു മാത്രമാണ് ഇളവുള്ളത്. എന്നാല്‍ 1988 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് കേരളം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു.