ചങ്ങനാശേരി: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസ രംഗത്തും യോഗ്യതാ പരീക്ഷകളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന 10ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരേ ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ സമ്മേളിച്ച ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളുടെ മെത്രാന്മാരും വികാരി ജനറാള്‍മാരും വിവിധ ചുമതലകള്‍ വഹിക്കുന്ന വൈദികരുമടങ്ങിയ സംയുക്ത സമിതി പ്രതിഷേധം രേഖപ്പെടുത്തി.കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതിനോടകം 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയെങ്കിലും കേരളത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ സാഹചര്യങ്ങളനുസരിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ചിൽ നിയമിച്ച കമ്മീഷന് മുന്‍പാകെ രണ്ടു തവണ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചിരുന്നുവെങ്കിലും സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ അന്യായമായി നീളുകയാണ്. ഈ കമ്മീഷനില്‍ ക്രൈസ്തവര്‍ക്ക് യാതൊരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. കമ്മീഷന്റെ സിറ്റിംഗുകളിലും ക്രൈസ്തവര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ മതിയായ അവസരങ്ങള്‍ നൽകിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ് ), എല്‍ഡി ക്ലാര്‍ക്, അസിസ്റ്റന്റ് പ്രഫസര്‍ ഉള്‍പ്പെടെ നിരവധി തസ്തികകളിലേക്കുള്ള പിഎസ്സി വിജ്ഞാപനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമനങ്ങളിലൊന്നും സാമ്പത്തികസംവരണം ബാധകമാക്കിയിട്ടില്ല. സാമ്പത്തിക സംവരണം സംബന്ധിച്ച നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നതും സാമ്പത്തിക സംവരണം ബാധകമാക്കാതെ സുപ്രധാന തസ്തികകളിലേക്കുള്ള പിഎസ്സി വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്നതും സംവരണേതര വിഭാഗങ്ങളിലെ ലക്ഷക്കണക്കിനു വരുന്ന പാവപ്പെട്ടവരോടുള്ള നീതിനിഷേധമാണ്. അതിനാല്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുന്ന കെഎഎസ്, എല്‍ഡിസി ഉള്‍പ്പടെയുള്ള നിയമനങ്ങള്‍ക്ക് 10ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കിക്കൊണ്ടുള്ള ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കാലതാമസമുണ്ടെങ്കില്‍ കേന്ദ്ര വിജ്ഞാപനപ്രകാരമുള്ള മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് 10 ശതമാനം സാമ്പത്തിക സംവരണം അടിയന്തരമായി നടപ്പിലാക്കണം. കെഎഎസ് ല്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ പോലും ജാതി സംവരണം ബാധകമാക്കിയിട്ടും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംവരണേതര വിഭാഗങ്ങളോടുള്ള കടുത്ത വിവേചനമാണ്.യോഗത്തില്‍ ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്, സഹായ മെത്രാന്മാരായ മാര്‍ തോമസ് തറയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, ഈ രൂപതകളിലെ വികാരി ജനറാള്‍മാര്‍, മറ്റു വൈദികര്‍ തുടങ്ങിയവർ യോഗത്തില്‍ സംബന്ധിച്ചു.