ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രാവിശ്യയില്‍ 600 പേരടങ്ങുന്ന ഐസിസ് സംഘം കീഴടങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് പിന്നാലെ സംഘത്തിലെ മലയാളിയായ യുവതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെ തിരിച്ചറിഞ്ഞെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോ കണ്ട് അയിഷയെ തിരിച്ചറിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐ.എസ് സംഘത്തിലെ അംഗങ്ങള്‍ കീഴടങ്ങിയതായും അതില്‍ ഇന്ത്യക്കാരുള്ളതായും വിവരമില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്ബുന്തലയിലെ അബ്ദുല്‍റാഷിദിന്റെ ഭാര്യയാണ് എറണാകുളം വൈറ്റില സ്വദേശിനിയായ അയിഷ.രാജ്യം വിടുമ്ബോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു.റാഷിദാണ് കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ ചേര്‍ത്തത്. അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31-നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്ക് വിമാനം കയറിയത്.കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു