മാർ ജേക്കബ് മുരിക്കൻ
മനുഷ്യജീവിതത്തിന്റെ സുരക്ഷ തകർക്കുന്ന ഏറ്റവും ഭീകരമായ വിപത്താണ് മദ്യവും മയക്കുമരുന്നുകളും. മലയാളിയുടെ മുഖ്യഭക്ഷണമായ അരിക്ക് കേരളം ചെലവിടുന്നത് പ്രതിവർഷം 3500 കോടി രൂപയെങ്കിൽ മദ്യത്തിന് ചെലവിടുന്നത് 10000 കോടിയിലേറെയാണ്. മദ്യ ഉപയോഗത്തിൽ ഇൻഡ്യയിൽ പ്രഥമ സ്ഥാനം നേടിയിരിക്കുന്ന കേരളമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ പതിനാറു ശതമാനവും കുടിച്ചു തീർക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിലായി സംസ്ഥാനത്ത് 47087 കോടി രൂപയുടെ വിദേശമദ്യ വില്പന നടന്നു. മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതുപോലെ മയക്കുമരുന്നു വ്യാപാരവും കേരളത്തിന്റെ ശക്തിപ്പെടുന്നതായിട്ടാണ് വിശ്വസനീയമായ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. പുകവലി കുറഞ്ഞെങ്കിലും പാൻപരാഗിന്റെ രൂപത്തിൽ പുകയിലെ ചവയ്ക്കുന്ന ശീലം വിദ്യാർഥികളുടെ ഇടയിൽ പോലും സാധാരണമായിരിക്കുന്നു. മദ്യവും മയക്കുമരുന്നുകളും നമ്മുടെ സംസ്കാരത്തിന് ഏല്പിക്കുന്ന അപച്യുതിയും ജീർണതയും ഗുരുതരമാണ്. ആളോഹരി മദ്യ ഉപഭോഗം 8.3 ലിറ്റർ എന്ന അപൽക്കരമായ സ്ഥിതിയിലെത്തിനിൽക്കുകയാണ് കേരളത്തിൽ.
മാനവരാശിയുടെ ഏറ്റവും വലിയ സന്പത്താണ് മനുഷ്യ മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം. മാനസിക ശാരീരിക ആരോഗ്യമുള്ള ഒരു ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റെയും സന്പത്ത്. ഈ മാനവവിഭവത്തിന്റെ ശക്തിയും ചൈതന്യവുമാണ് മദ്യവും മയക്കുമരുന്നുകളും കവർന്നെടുക്കുന്നത്. മനുഷ്യനെ കൊല്ലാൻ കഴിവുള്ള ഈതെൽ ആൽക്കഹോൾ എന്ന മാരകവിഷം അടങ്ങിയിരിക്കുന്ന മദ്യം ഉപയോഗിക്കുന്നവർ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മദ്യം തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും ഹൃദയസ്പന്ദനം, രക്തസമ്മർദം, ശ്വാസഗതി, മനസിന്റെ സന്തുലിതാവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലകളെ തകർക്കുകയും ചെയ്യുന്നു. അമിത അളവിലുള്ള മദ്യപാനം മൂലം ശരീരത്തിലെ വിറ്റാമിനുകളും പോഷകാംശങ്ങളും നഷ്ടപ്പെടുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ തകരാറിലാവുകയും സാവധാനം ഒരു വ്യക്തി മദ്യജന്യ മനോരോഗങ്ങൾക്ക് അടിമയാകുകയും ചെയ്യുന്നു. മദ്യ ഉപയോഗം കരളിന്റെ പ്രവർത്തനത്തെ തകർക്കുകയും ലിവർ സിറോസിസ് എന്ന രോഗം വഴി മരണമടയുന്നവരുടെ സംഖ്യ അനുദിനം വർധിച്ചു വരികയും ചെയ്യുന്നു. കേരളത്തിൽ പുരുഷന്മാരുടെ ഇടയിൽ ഏറ്റവും കൂടതലായി കാണുന്ന വായിലുണ്ടാകുന്ന അർബുദത്തിനു കാരണം പുകയിലയും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ്.
മാനസിക – ശാരീരിക രോഗങ്ങൾക്കു പുറമേ കുടുംബസമാധാനം തകർക്കുന്നതിലും സാമൂഹ്യജീവിതം അസ്വസ്ഥമാക്കുന്നതിലും മദ്യം വഹിക്കുന്ന പങ്ക് വലുതാണ്. മദ്യം മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും മനഃസാക്ഷിയുടെ ശരിയായ തീരുമാനമെടുക്കുവാനുള്ള കഴിവു നഷ്ടപ്പെടുത്തി അധമകാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മനുഷ്യന് സുബോധമുള്ളപ്പോൾ ചെയ്യുവാൻ സാധിക്കാത്ത കാര്യങ്ങൾ മദ്യം വഴി അബോധാവസ്ഥയിൽ ചെയ്യുന്നു. നമ്മുടെ കുഞ്ഞുങ്ങളെ അനാഥരാക്കുന്ന, കാന്പസുകളിൽ രക്തം വീഴ്ത്തുന്ന, കുടുംബബന്ധങ്ങൾ ഇല്ലാതാക്കുന്ന, നിരവധി സ്ത്രീകളെ വിധവകളും അബലകളും ആക്കുന്ന, നമ്മുടെ മക്കളുടെ ജീവൻ നിരത്തുകളിൽ പൊലിയുവാനിടയാക്കുന്ന, സ്ത്രീപീഡനങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവയ്ക്ക് കാരണമാകുന്ന സർവോപരി നമ്മുടെ നാടിന്റെ സമാധാനം തകർക്കുന്ന മദ്യവും മയക്കുമരുന്നുകളും സമൂഹത്തിൽനിന്നും ദൂരീകരിക്കപ്പെടണം.
മദ്യവ്യവസായം സാന്പത്തികമായ കാരണങ്ങളാലാണ് സമൂഹത്തിൽ തഴച്ചുവളരുന്നത്. സർക്കാരിന്റെ ഖജനാവിലേക്ക് വലിയ തുക സമാഹരിക്കുന്നുവെന്നതിനാൽ അബ്കാരി വ്യവസായത്തിന് സ്വാധീനവും ശക്തിയും ഉണ്ട്. ഖജനാവ് നിറയ്ക്കുന്ന പൊൻമുട്ടയിടുന്ന താറാവാണ് അബ്കാരി വ്യവസായം എന്ന് ഗവണ്മെന്റ് കരുതുന്നു. എന്നാൽ ഖജനാവിലേക്ക് പണം ഒഴുക്കുന്നെങ്കിലും മദ്യം അക്ഷരാർഥത്തിൽ സമൂഹത്തിലേക്ക് ബോംബ് ആണ് ഇട്ടുകൊണ്ടിരിക്കുന്നത്. തലമുറകളെ നശിപ്പിക്കാനുള്ള പ്രഹരശേഷിയുള്ള മാരകവിഷമാണിത്. വാസ്തവത്തിൽ മദ്യത്തിലൂടെ ഖജനാവിലേക്ക് വരുന്ന തുകയുടെ എത്രമടങ്ങ് തുകയാണ് മദ്യ ഭവിഷ്യത്തുകളെ നേരിടുന്നതിനായി സമൂഹം ചെലവിടുന്നത്. നാം കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നുവെന്ന് പറയുന്നത് അക്കാരണത്താലാണ്. അബ്കാരി വ്യവസായത്തിൽ നിന്നും സർക്കാരിനു ലഭിക്കുന്ന തുകയുടെ കണക്കു പറഞ്ഞ് സമൂഹത്തിന്റെ സർവശക്തിയും ചോർത്തിക്കളുയുന്ന ഈ വ്യവസായം പ്രോത്സാഹിപ്പിക്കുന്നത് ക്രൂരമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഈ വിഷയത്തിൽ ഒന്നാകണം. ഇത് നാടിന്റെയും ജനങ്ങളുടെയും സുരക്ഷയുടെ വിഷയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം വേണമെന്ന് നിയമ നിർമാണത്തിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും യോജിപ്പിലാണ്. കുട്ടികളുടെ ഭാവിയെക്കരുതിയുള്ള നീക്കമാണോ എന്നത് ഉത്തരം കണ്ടെത്തേണ്ടതാണ്. ആ വിഷയത്തെക്കാളും മാരകവും സമൂഹത്തെ എല്ലാ പ്രകാരത്തിലും നശിപ്പിക്കുന്നതുമായ മദ്യ-മയക്കുമരുന്ന് ലഭ്യത നമ്മുടെ സമൂഹത്തിൽ ഇല്ലാതാക്കുവാൻ ജനപ്രതിനിധികൾ ഒന്നിച്ചു നിൽക്കണം. തങ്ങളെ വോട്ടുചെയ്തു വിജയിപ്പിച്ച ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന ഈ വിപത്തിനെ മദ്യനിരോധനം കൊണ്ട ു മാത്രമെ പൂർണമായും ഇല്ലാതാക്കാനാവൂ എന്നറിഞ്ഞ് ജനത്തോടുള്ള പ്രതിബദ്ധത ജനപ്രതിനിധികൾ തെളിയിക്കണം.
ഖജനാവ് നിറയ്ക്കുന്നത് വോട്ടു ചെയ്ത മനുഷ്യരുടെ ജീവന്റെ വിലകൊണ്ടാണെന്ന് മനസിലാക്കാനുള്ള വിവേകം ജനനേതാക്കൾ പ്രകടമാക്കണം. പഴങ്ങളിൽ നിന്നുള്ള മദ്യവുംകൂടി ഇനി വരുന്നുവെന്നുള്ള പ്രഖ്യാപനവും വിശ്രമവേളകൾ ആഘോഷമാക്കാൻ ലഹരി കഫേകളും പബ്ബുകളും വരുന്നുവെന്നുള്ള വാർത്തകളും നടുക്കത്തോടെ മാത്രമെ നാടിന്റെ നന്മ ആഗ്രഹിക്കുന്നവർക്ക് കേൾക്കാനാവൂ. അടുത്തകാലത്ത് ഒരു മാധ്യമ പ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽതന്നെ വെളിപ്പെടുത്തി. നിരപരാധികളായ എത്രയോ മനുഷ്യരുടെ ജീവിതം ഇവിടെ അവസാനിപ്പിക്കുന്നതിലെ യഥാർഥ വില്ലൻ മദ്യമാണ്. കേരളത്തിൽ ഏറ്റവും അടുത്ത നാളുകളിൽ നടന്ന കൊലപാതകങ്ങളിൽ തൊണ്ണുറുശതമാനത്തിനു പിന്നിലും മദ്യവും മയക്കുമരുന്നുമാണെന്ന് പോലീസ് വൃത്തങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മദ്യവും മയക്കുമരുന്നുകളും നിരോധിക്കാനുള്ള സത്വരനടപടികൾ ഉത്തരവാദിത്വപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം. ഇന്ത്യൻ ഭരണഘടനയിൽ ഒൗഷധാവശ്യങ്ങൾക്കല്ലാതെ ലഹരിയുള്ള പാനീയങ്ങൾ നിർമിക്കുകയോ കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ പാടില്ല എന്ന് ആർട്ടിക്കിൾ 47 ൽ പറയുന്നു. മദ്യവ്യാപാരം ഉപദ്രവകരവും അപകടകരവുമായ വസ്തുവിന്റെ വിനിമയമാണെന്ന് 1984 ൽ കേരള ഹൈക്കോടതിയുടെ സിവിഷൻ ബെഞ്ച് വിധി പറയുകയുണ്ടായി. മദ്യത്തിന്റെ ഉത്പാദന, വിതരണ, ഉപയോഗങ്ങൾ തടയുവാൻ എല്ലാ പൗരന്മാർക്കും അവകാശവും ചുമതലയുമുണ്ടെന്ന് 1975 ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട ്. കേരള ഹൈക്കോടതി ഈയടുത്തനാളിൽ നടത്തിയ വിധിന്യായത്തിൽ മദ്യവ്യാപാരം മറ്റു ബിസിനസുകൾ പോലെ മൗലികാവകാശമല്ലെന്നും മറ്റുള്ളവരുടെ സ്വകാര്യത ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളെ ഇതിന്റെ പേരിൽ ലംഘിക്കരുതെന്നും വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത, ജീവിക്കാനുള്ള അവകാശം എന്നിവയെക്കാൾ വലുതല്ല മദ്യഷാപ്പ് ലൈസൻസിയുടെ ബിസിനസ് ചെയ്യുവാനുള്ള അവകാശം എന്നും കോടതി പ്രസ്താവിക്കുകയുണ്ടായി.
മദ്യനിരോധനം മാത്രമാണ് മദ്യത്തെയും മയക്കുമരുന്നുകളെയും ഇല്ലാതാക്കുവാനുള്ള മാർഗം. മദ്യനിരോധനമല്ല മദ്യവർജനമാണ് വേണ്ടതെന്ന് പറയുന്നത് ആശയപരമായി നല്ലതാണെങ്കിലും മദ്യത്തിന്റെ ലഭ്യത ഉള്ളിടത്തോളം അതിന്റെ ഉപയോഗം വർധിക്കുന്നതാണ് നാം കണ്ട ുകൊണ്ട ിരിക്കുന്നത്. അതുകൊണ്ട ് തിന്മയ്ക്കെതിരേ ഒത്തുതീർപ്പിന് പോകുന്നത് നാടിന്റെ നന്മ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതല്ല. മദ്യനിരോധനം സൂക്ഷ്മമായ പഠനങ്ങൾക്കും നല്ല ഗൃഹപാഠങ്ങൾക്കും ശേഷമായിരിക്കണം നടപ്പിൽ വരുത്തേണ്ടത്. ഖജനാവിന് പണമുണ്ടാകണം; ജനങ്ങൾ മരിച്ചാലും പ്രശ്നമില്ല എന്ന് ചിന്തിക്കുന്നത് ഉചിതമല്ല. മദ്യനിരോധനം ഏർപ്പെടുത്തുന്പോൾ നിലവിൽ മദ്യവ്യവസായത്തിലേർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ മൂലധന നിക്ഷേപം മറ്റു മേഖലകളിലേക്ക് തിരിക്കുവാൻ ആവശ്യമായ സാവകാശവും അവസരങ്ങളും ഒരുക്കണം. മദ്യവ്യാപാരം നടത്തുന്ന ഒരു വ്യക്തി പോലും തന്റെ മകനോ, മകളോ വന്ന് മദ്യം വാങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. മദ്യവ്യവസായികൾക്ക് മറ്റു മികച്ച മേഖലകൾ പകരം തുറന്നു കൊടുക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും വേണം. ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ മറ്റു തൊഴിൽ മേഖലകളിലേക്ക് പുനർവിന്യസിക്കുവാൻ നല്ല സാധ്യതകൾ കണ്ടെത്തണം. അവർക്ക് ഉപജീവനത്തിന് മറ്റ് സംവിധാനങ്ങൾ ഉണ്ടാകണം. മദ്യവും മയക്കുമരുന്നുകളും അനധികൃതമായി കടത്തിക്കൊണ്ട ുവരുന്നത് തടയുവാൻ ശക്തമായ നടപടി ഉണ്ടാകണം. വ്യാജമദ്യസാധ്യതകൾ പൂർണമായും ഇല്ലാതാക്കണം. കുട്ടികൾക്ക് ചെറുപ്പം മുതലെ മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ആഴമായ അവബോധം നൽകണം. ഡിഅഡിഷൻ സെന്ററുകൾ ശക്തിപ്പെടുത്തി മദ്യാസക്തിക്കു അടിമപ്പെട്ടിരിക്കുന്നവരെ അതിൽ നിന്നും രക്ഷപ്പെടുത്തണം. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ മദ്യനിരോധനം ഏർപ്പെടുത്തിയ ഗവണ്മെന്റ് ബിഹാർ ആണ്. അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തി കാര്യങ്ങൾ മനസിലാക്കണം.
മദ്യത്തോടൊപ്പം മയക്കുമരുന്നുകളും ലഭ്യമാക്കപ്പെടുന്ന വഴികൾ അടയ്ക്കപ്പെടണം. സംസ്ഥാനത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഒത്ത് ശ്രമിച്ചാൽ മദ്യവും മയക്കുമരുന്നുകളും എത്തുന്ന ഉറവിടങ്ങളും വഴികളും അടയ്ക്കാം. മദ്യവും മയക്കുമരുന്നും ചേർന്ന് സമൂഹത്തിൽ ഒരു അപ്രഖ്യാപിത ഗ്യാസ് ചേംബർ രൂപപ്പെടുത്തിയിരിക്കുകയാണ്. മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെ ഉപയോഗവും മൂലം പതിനായിരങ്ങൾ മരണത്തിലേക്ക് പോകുന്പോൾ ഈ വിപത്തിന്റെ അടിമയായിരിക്കുന്നവരുടെ അതിക്രമങ്ങൾ മൂലം അതിന്റെ എത്രയോ ഇരട്ടി നിരപരാധികൾ മരണത്തിനും പീഡനങ്ങൾക്കും ഇരയാകുന്നു. എന്തുകൊണ്ട ് നാടിന് ഇതു പ്രശ്നമായി തോന്നുന്നില്ല. മദ്യപന്മാരുടെ ജീവിതവും രക്ഷിക്കപ്പെടണം. ഒപ്പം മദ്യപന്മാരുടെ ചെയ്തികൾ മൂലം നിരപരാധികൾ സഹിക്കേണ്ടിവരുന്നതിനും അവസാനമുണ്ടാകണം. അതിന് സമൂഹം ഒന്നടങ്കം മദ്യനിരോധനനം എന്ന ആവശ്യം ശക്തമായി ഉയർത്തണം.
മദ്യനിരോധനം എന്ന ആവശ്യം നീണ്ട കാലങ്ങളായി കേരളത്തിലെ ക്രൈസ്തവ സഭകൾ ഉയർത്തുന്ന ശബ്ദമാണ്. കെസിബിസി മദ്യവർജന സമിതി, സംയുക്തക്രൈസ്തവ മദ്യവിരുദ്ധസമിതി ടെംന്പറൻസ് മൂവ്മെന്റ് തുടങ്ങിയവ ശക്തമായിത്തന്നെ ഈ ആവശ്യം കാലാകാലങ്ങളായി ഉന്നയിച്ചുകൊണ്ട ിരിക്കുന്നു. ക്രൈസ്തവ സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിഅഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. നാടിന്റെയും വീടിന്റെയും രക്ഷയ്ക്ക് ഒന്നിച്ച് ചിന്തിക്കാൻ നമുക്ക് കഴിയണം. നമ്മുടെ സഹോദരങ്ങളുടെ ജീവനെക്കാൾ വലുതല്ല ഖജനാവിലെ ധനം എന്ന് തിരിച്ചറിയുവാനുള്ള വിവേകം ഇനിയും ഉത്തരവാദിത്വപ്പെട്ടവർക്കുണ്ടാകുന്നില്ലെങ്കിൽ ജനക്ഷേമം എന്ന അവകാശവാദങ്ങളിൽ ആത്മാർഥതയുണ്ടോ എന്ന് ഗൗരവമായിത്തന്നെ സംശയിക്കേണ്ടിവരും.