ചങ്ങനാശേരി: മഹാ പ്രളയവും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനം മൂലം കുട്ടനാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പുതിയ കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കാണുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനുമായി പ്രശ്‌നബാധിതമായ കുട്ടനാടന്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു മാര്‍ ജോസഫ് പെരുന്തോട്ടം. വിവിധ പ്രദേശത്തെ കര്‍ഷകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് മുന്‍പില്‍ അവതരിപ്പിച്ച് അതിരൂപത ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കരം അടച്ച രസീതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണപണയത്തില്‍ മേല്‍ അഞ്ച് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശയില്‍ കാര്‍ഷിക വായ്പ നല്‍കണമെന്നും, പി.ആര്‍.സിന്റെ ജാമ്യത്തില്‍ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നെല്ലിന്റെ പണം അടിയന്തിരമായി നല്‍കണമെന്നും പാഡി ഓഫീസില്‍ തടഞ്ഞുവച്ചിരിക്കുന്ന പിആര്‍എസ് അടിയന്തിരമായി പാസ്സാക്കണമെന്നും കാര്‍ഷിക കടാശ്വാസ ആനൂകൂല്യം 2014 ല്‍ നിന്നും 2019 വരെയാക്കി പുനര്‍നിര്‍ണ്ണയിക്കണമെന്നും ഷെഡ്യൂള്‍ ബാങ്കുകള്‍ വഴിയും കാര്‍ഷിക കടാശ്വാസ പദ്ധതി ആരംഭിക്കണമെന്നും ഡിസംബര്‍ 10 ന് വിതയ്ക്കുന്നതിന് ആവശ്യമായ വിത്ത് കര്‍ഷകര്‍ക്ക് എത്തിച്ച് നല്‍കണമെന്നും വിളവെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്തുന്നതിന് അതിരൂപത ഇടപെടണമെന്നും കര്‍ഷകപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തോടൊപ്പം വിവിധ പാടശേഖര സന്ദര്‍ശനത്തില്‍ ഫാ. മാത്യു താന്നിയത്ത്, ഫാ. ടിജോ പുത്തന്‍പറമ്പില്‍, പിതൃവേദി അതിരൂപത പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, മാതൃവേദി അതിരൂപത പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, റോയി പി വേലിക്കെട്ടില്‍, മായാ ജോയി, എബ്രഹാം കിളിയാട്ടുശേരി, ജോളി നാല്പതാംകളം, ജോസഫ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.