വാർത്തകൾ
🗞🏵 *ദേശീയപാത് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നൽകും.* ഇതിന്റെ ആദ്യഗഡുവായി 349.7 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കിഫ് ബി കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്.
🗞🏵 *രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ സംവിധായകൻ വി.എ ശ്രീകുമാറിന് തിരിച്ചടി.* തന്റെ’രണ്ടാമൂഴം’ നോവൽ സിനിമയാക്കാനുള്ള കരാർ ലംഘിച്ചെന്ന് ആരോപിച്ച് എം.ടി വാസുദേവൻ നായർ നൽകിയ കേസിൽ ആർബ്രിടേഷൻ നടപടി വേണമെന്ന ശ്രീകുമാറിന്റെ ഹർജി ഹൈക്കോടതിയാണ് തള്ളിയത്.
🗞🏵 *വിദ്യാർഥികൾക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* രണ്ട് വിദ്യാർത്ഥികൾക്ക് എതിരെ യു എ പി എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്തും. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
🗞🏵 *ശബരിമല സീസണ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി.* വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
🗞🏵 *കവളപ്പാറയിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് 20 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി.* ദുരന്തസ്ഥലത്ത് നേരിട്ടെത്തിയാണ് സഹായം പ്രഖ്യാപിച്ചത്.
🗞🏵 *നെടുംകണ്ടം എസ്. ഡി. എ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ പുസ്തകങ്ങൾക്കൊപ്പം വിസർജ്യം പൊതിഞ്ഞു കൊടുത്തു വിട്ടെന്ന കേസിൽ സംസ്ഥാന സർക്കാർ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.* കുട്ടി നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് ഉത്തരവാദിയായ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം.
🗞🏵 *ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്ത് കഴിഞ്ഞവര്‍ഷം മരിച്ചത് നാല്പതിനായിരം പേര്.* കേരളത്തില്‍ മാത്രം ആയിരത്തി ഒരുന്നൂറ് പേര് ഹെല്‍മറ്റ് ഇല്ലാതെ മരണക്കുഴിയിലേക്ക് വീണു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം മാത്രം 24,000 േപരുടെ ജീവനാണ് നഷ്ടമായതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.
🗞🏵 *ഇഴജന്തുക്കളുടെ ഭീഷണിയിൽ ഇടുക്കി നെടുങ്കണ്ടത്ത് മൂന്ന് വിദ്യാലയങ്ങൾ.* ഭീതിയോടെയാണ് വിദ്യാർഥികൾ ക്ലാസ്സിലിരിക്കുന്നത്. ക്ലാസ് മുറികളിൽ നിന്ന് പോലും പാമ്പുകളെ പിടികൂടിയിട്ടുണ്ടന്ന് വിദ്യാർഥികൾ പറയുന്നു.
🗞🏵 *കൂടത്തായി കൊലപാതക പരമ്പര കേസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.* ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടതിനാണ് അറസ്റ്റ്. സാമ്പത്തിക നേട്ടത്തിനായി ജോളി കൊലപാതകങ്ങൾ നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന മനോജിനെ പാർട്ടി പുറത്താക്കായിരുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
🗞🏵 *തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ത്രീകളെ പൊതുസ്ഥലത്ത് തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ചയാള്‍ പൊലീസ് പിടിയില്‍.* ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീകളെയാണ് പ്രതി കടന്നുപിടിച്ചത്. തുമ്പ പൊലീസിന്റെ പിടിയിലായ കുളത്തൂര്‍ സ്വദേശി അനീഷിനെ റിമാന്‍ഡ് ചെയ്തു.
🗞🏵 *സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്കെതിരേ നടപടിയെടുത്തത് നിയമസഭയുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കാനാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.*
🗞🏵 *പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടുന്നതിൽ എതിർപ്പില്ലെന്നു സർക്കാരും ദേവസ്വം ബോർഡും അറിയിച്ചിട്ടുണ്ടെന്നിരിക്കേ പോലീസിന് എന്താണ് ഇക്കാര്യത്തിൽ എതിർപ്പെന്നു ഹൈക്കോടതി.* ചെറുവാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പോലീസ് ഇതിൽ മടി കാണിക്കുന്നതെന്തിനാണെന്നു വ്യക്തമാക്കാനും കോടതി പറഞ്ഞു.
🗞🏵 *മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശത്തേയ്ക്കു പോകുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച പതിവു മന്ത്രിസഭാ യോഗം ചേരില്ല.* മുഖ്യമന്ത്രി വിദേശ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം ഡിസംബർ ആറിനാണു മന്ത്രിസഭ ചേരുക.
🗞🏵 *വാളയാറിൽ രണ്ടു പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു.* വിരമിച്ച ജില്ലാ ജഡ്ജി എസ്.ഹനീഫയാണ് അന്വേഷണം നടത്തുക.
🗞🏵 *കന്യാസ്ത്രീകൾക്കെതിരേയും വൈദികർക്കെതിരേയും സാമൂഹിക സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഫേസ്ബുക്കിൽ കമന്റുകൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരേ തലശേരി ഡിവൈഎസ്പി കേസെടുത്തു.*
🗞🏵 *സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആദായനികുതി ഇളവു ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര ആദായ നികുതി നിയമത്തിൽ ആവശ്യമായ മാറ്റം കൊണ്ടു വരണമെന്ന് സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.*
🗞🏵 *പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം ക്ലെർജി കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്നു.* സമ്മേളനത്തിൽ ജൂബിലേറിയൻമാർ പൗരോഹിത്യജീവിതാനുഭവങ്ങൾ പങ്കുവച്ചു.
🗞🏵 *അറുപതു വയസ് പൂർത്തിയാകുന്ന സംസ്ഥാനത്തെ കർഷകർക്ക് ഇനി പെൻഷൻ ലഭിക്കും.* ഇതിനായി കർഷക ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള കേരള കർഷക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി.
🗞🏵 *ടൂറിസം കേന്ദ്രങ്ങളിൽ കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് അവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം മുറികളും ഒരുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ.* നിരവധിപേരാണ് കുട്ടികളുമായി വിനോദ സഞ്ചാര മേഖലകളിലെത്തുന്നത്. ഈ മേഖലകളിൽ മിക്കയിടത്തും അമ്മമാർക്കും കുട്ടികൾക്കും അടിസ്ഥാന സൗകര്യങ്ങളില്ല. ടോയ്ലറ്റ് ഉൾപ്പെടെയുള്ള മുറികൾ ഇവർക്കായി ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.
🗞🏵 *ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യയുടെ കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരേ പ്രതികൾ സമർപ്പിച്ച പുനഃ പരിശോധന ഹർജി സുപ്രീം കോടതി തള്ളി.* ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ശിക്ഷാവിധി പുനഃപരി ശോധിക്കേണ്ട ഒരു കാര്യവും നിലവിലില്ലെന്നു വ്യക്തമാക്കിയ കോടതി, ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന ആവശ്യവും തള്ളി.
🗞🏵 *ക്ലാസ്മുറിക്കുള്ളിലെ മാളത്തിൽനിന്നു പാമ്പിന്റെ കടിയേറ്റു മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.* മുഖ്യസമന്ത്രി പിണറായി വിജയന് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഭാവിയുടെ വാഗ്ദാനമായ ജീവൻ അതിദാരുണമായി വിദ്യാലയത്തിൽ ഇല്ലാതായെന്ന് രാഹുൽ കത്തിൽ എഴുതി.
🗞🏵 *നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച എട്ടരക്കിലോ വെള്ളി ആഭരണങ്ങള്‍ എറണാകുളം റയില്‍വേ സ്റ്റേഷനില്‍ പിടികൂടി.* അഞ്ചുലക്ഷം രൂപയുടെ ആഭരണവുമായി തമിഴ്നാട്ടുകാരനായ ചന്ദ്രശേഖറാണ് റയില്‍വേ പൊലീസിന്റെ പിടിയിലായത്. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ചത് കച്ചവടക്കാര്‍ക്ക് വിതരണത്തിനെത്തിച്ച വെള്ളി ആഭരണങ്ങള്‍.
🗞🏵 *കൊല്ലം റൂറൽ പൊലീസ് പരിധിയിലെ കവർച്ചാ പരമ്പരകള്‍ക്ക് പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള ആറംഗ സംഘം.* മധുര സ്വദേശി പരുത്തിവീരനാണ് സംഘത്തലവന്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘം തെന്മല മുതല്‍ ചവറ വരെ ഒട്ടേറ വീടുകളില്‍ മോഷണം നടത്തിയിട്ടുണ്ട്.
🗞🏵 *സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കണമെന്നും പരമാവധി പെൻഷൻ 25000 രൂപയായി നിജപ്പെടുത്തണമെന്നും പിസി ജോർജ്.* ഇക്കാര്യം ആവശ്യപ്പെട്ട് ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനത്തിന് മുകളിൽ ശമ്പളവും അലവൻസുമായി നൽകുന്നുവെന്നും കത്തിൽ പറയുന്നു.
🗞🏵 *വയനാട്ടിൽ സ്കൂളുകളുടെ സുരക്ഷ പരിശോധിക്കാൻ കളക്ടറുടെ ഉത്തരവ്.* പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് വയനാട് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. സ്കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്നാണ് നടപടി. പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി.
🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളിലേക്ക് പറക്കാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനങ്ങൾക്ക് ചെലവായത് 255 കോടി രൂപ.* കഴിഞ്ഞ മൂന്നു വർഷത്തെ പ്രധാനമന്ത്രിയുടെ യാത്രയുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്.
🗞🏵 *ജെഎൻയു സർവകലാശാലയിലെ ഫീസ് വർധനയും തുടർന്നുണ്ടായ സമരവും വീണ്ടും രാജ്യസഭയിൽ.* ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗം ദിഗ്വിജയ് സിംഗും സിപിഎം അംഗം കെ.കെ.രാഗേഷും നോട്ടീസ് നൽകി.
🗞🏵 *പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ.* സംഭവം നടന്ന സ്കൂളിൽ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗൽ സർവീസ് ചെയർപേഴ്സണും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവം നടന്ന ക്ലാസ് റൂമും സ്കൂളിന്റെ മറ്റ് പരിസരങ്ങളും ജില്ലാ ജഡ്ജി സന്ദർശിച്ചു.
🗞🏵 *കേരള സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തില്‍ ബോധപൂർവമായ കൃത്രിമം നടന്നിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.* ബോധപൂർവ്വം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.
🗞🏵 *കേരള ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ശ്രമം വേണം എന്ന ആവശ്യവുമായി മിശിഹായുടെ രാജത്വ തിരുനാള്‍ ദിനമായ നവംബര്‍ 24 ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സമുദായ സംരക്ഷണ ദിനാചരണം നടക്കും.*
ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനവും മറ്റു അനീതികളും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിക്കുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം അന്നേ ദിവസം നടത്തപ്പെടും. പുന്നത്തറ സെന്റ് തോമസ് ഇടവകയില്‍ അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പെരുംതോട്ടം മെത്രാപ്പോലീത്ത സമൂദായ ദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിര്‍വ്വഹിക്കും.
അതിരൂപതയിലെ എല്ലാ ഇടവകകളിലും അന്നേ ദിവസവും തുടര്‍ന്നും ബോധവത്കരണ സെമിനാറുകളും പ്രതികരണപരിപാടികളും നടത്തും. പതാക ഉയര്‍ത്തിയും സമുദായ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും വിശ്വാസികള്‍ സമുദായ സംരക്ഷണ ദിനം സമുചിതമായി ആചരിക്കും.
🗞🏵 *ദാദ്ര നഗർ ഹവേലി, ദാമൻ ഡ്യൂ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഒന്നാക്കാൻ നീക്കവുമായി മോദി സർക്കാർ.* ഇതിനുള്ള ബിൽ അടുത്തയാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. ജമ്മു കശ്മീർ രണ്ടായതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒൻപതായിരുന്നു. ഇനി അത് എട്ടായി കുറയും. കേന്ദ്രമന്ത്രി അർജുൻ മെഗ്വാളാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *പ്ലാസ്റ്റിക് ഒരു കാരണവശാലും ശബരിമലയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് പി ആര് രാമന് പറഞ്ഞു.* ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ ഉന്നതാധികാര സമിതി ചെയര്മാന് ജസ്റ്റിസ് സിരിജഗന് ഒപ്പം പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
🗞🏵 *കശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി.* രണ്ടു സിലണ്ടര്‍ കണ്ടെയ്നറുകളിലായി 10, 15 കിലോ ഭാരമുള്ള ഐഇഡിയാണ് ഭീകരര്‍ സ്ഥാപിച്ചിരുന്നത്. അനന്ത്നാഗ് ജില്ലയിലെ ഖുദ്വാനി പാലത്തിന് സമീപം ദേശീയപാത 11 ല്‍ നിന്നാണ് സൈന്യം ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്.
🗞🏵 *കർണാടകയിലെ കോൺഗ്രസ് എം എൽ എ തൻവീർ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫർഹാൻ പാഷയ്ക്ക് ഭീകര പരിശീലനം ലഭിച്ചത് കേരളത്തിൽ* നിന്നാണെന്ന് സ്ഥിരീകരണം . .സംസ്ഥാനത്ത് ഒൻപതിലേറെ കേസുകളിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അബിദ് പാഷയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട് .
🗞🏵 *വയനാട് സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ സ്കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ.* സ്കൂൾ അങ്കണത്തിനകത്തെ പാഴ് വസ്തുക്കൾ നീക്കം ചെയ്യണമെന്നും, ക്ലാസിൽ ചെരുപ്പുപയോഗം വിലക്കരുതെന്നും സർക്കുലറിൽ പറയുന്നു.
🗞🏵 *വാളയാർ കേസിലെ ജുഡീഷൽ അന്വേഷണത്തിനെതിരെ വീണ്ടും ബിജെപി. സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.* സംഭവത്തിൽ വേണ്ടിയിരുന്നത് തുടരന്വേഷണം ആണെന്നും സർക്കാരും ഇടനിലക്കാരും ചേർന്ന് പെൺകുട്ടികളുടെ കുടുംബത്തെ വഞ്ചിച്ചെന്നും കൃഷ്ണകുമാർ ആരോപിച്ചു.
🗞🏵 *സുൽത്താൻ ബത്തേരി സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവർത്തകർ വയനാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.* മാർച്ച് കളക്ട്രേറ്റ് ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകരും പോലീസും തള്ളിൽ ഉന്തും തള്ളുമുണ്ടായി.
🗞🏵 *മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു.* സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് ആയിരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പാർട്ടി നേതാവ് മണിക് റാവു ആണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. അടുത്ത മുഖ്യമന്ത്രി ശിവസേനക്കാരനായിരിക്കും. എൻസിപി ഇതുവരെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല- അദ്ദേഹം പറഞ്ഞു.
🗞🏵 *രാജ്യത്ത് പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള.* 130 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പാർലമെന്റെന്നും ഇവിടുത്തെ മുഴുവൻ എംപിമാരും പ്ലാസ്റ്റികിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിമാർ ഉൾപ്പെടെയുള്ളവർ പ്ലാസ്റ്റിത് നിരോധനത്തിന് മുൻകൈയെടുത്താൻ രാജ്യം അതിവേഗം പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
🗞🏵 *സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്പെന്ഷന്.* പ്രിന്‍സിപ്പൽ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര് കെ.കെ. മോഹനനുമാണ് സസ്പെന്ഷന്.
🗞🏵 *മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ ചർച്ചകൾ നീളുന്നതിനിടെ സഖ്യ നീക്കത്തിനെതിരെ ബിജെപി വീണ്ടും രംഗത്ത്.* കോൺഗ്രസും ശിവസേനയും എൻസിപിയും ചേർന്നുള്ള ത്രികക്ഷി ഭരണമാണ് മഹാരാഷ്ട്രയിൽ ഉണ്ടാകുന്നതെങ്കിൽ അത് അധികകാലം നിലനിൽക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
🗞🏵 *ക്രിക്കറ്റ് ബാറ്റ് അബദ്ധത്തിൽ തലയുടെ പിൻവശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.* ചാരുംമൂട് ചുനക്കര സർക്കാർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി നവനീതാണ് മരിച്ചത്.
🗞🏵 *ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിച്ച ഷെഹല ഷെറിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച സന്ദർശിക്കും.* ജില്ലാ കോൺഗ്രസ് നേതാക്കളോടൊപ്പമാകും അദ്ദേഹം ഷെഹലയുടെ വീട് സന്ദർശിക്കുക.
🗞🏵 *ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പടെ ഏഴു പേർക്ക് പരിക്കേറ്റു.* അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തേത്തുടർന്ന് നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
🗞🏵 *മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദികളാണെന്ന പ്രസ്താവനയില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പിന്തുണ.* പി. മോഹനന്റെ പ്രസ്താവന മുസ്ലീം തീവ്രവാദത്തിനെതിരെയാണെന്നും അതിനെ മുസ്ലീം സമുദായത്തിനെതിരായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. മുസ്ലീം തീവ്രവാദത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
🗞🏵 *തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ 2020 ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ.* 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്സും പൊളിക്കും. 12ന് ഗോൾഡൻ കായലോരയും ജയിൻ കോറലും പൊളിക്കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
🗞🏵 *മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു തമിഴ്നാട് സർക്കാർ ഹൈക്കോടതിയിൽ.* സിബിഐയിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥർ ഇപ്പോഴത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിശദീകരണം നൽകിയത്. എൻഎസ്യുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
💧💧💧💧💧💧💧💧💧💧💧
*ഇന്നത്തെ വചനം*
ഇതറിഞ്ഞ് ജനങ്ങള്‍ അവന്‍െറ പിന്നാലെ ചെന്നു. അവന് അവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തു.
പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്ക്കുക.
അവന് പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്കണമെങ്കില് ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടുവരണം.
അവിടെ ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. അവന് ശിഷ്യന്മാരോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജനങ്ങളെ ഇരുത്തുവിന്‍.
അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി.
അപ്പോള്‍ അവന് ആ അ ഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിള മ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു.
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
ലൂക്കാ 9 : 11-17
💧💧💧💧💧💧💧💧💧💧💧
*വചന വിചിന്തനം*
നിങ്ങൾ തന്നെ ഭക്ഷണം അവർക്ക് കൊടുക്കുക
ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പമേ ഉള്ളൂ; ആളുകളാണെങ്കില്‍ അയ്യായിരത്തിന് മുകളിലും (9:13-14)! ഇതായിരുന്നു ശിഷ്യരുടെ ആകുലത. തങ്ങളുടെ മുമ്പിലുള്ള പ്രതിസന്ധി വളരെ വലുത്; കൈയ്യിലുള്ള പരിഹാരം വളരെ തുച്ഛവും.
ശിഷ്യരുടെ ശ്രദ്ധ പ്രശ്നത്തിന്റെ ബാഹുല്യത്തിലും സ്വന്തം കഴിവിന്റെ പരിമിതികളിലുമാണ്. നീയും പലപ്പോഴും പരാജയപ്പെടുന്നതിന്റെ കാരണം ഇതുതന്നെയാണ്. വിജയത്തിന്റെ സൂത്രവാക്യം മറ്റൊന്നാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെയുള്ള യേശുവില്‍ നീ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോള്‍ നിന്റെ കഴിവുകള്‍ അവസാനിക്കുന്നിടത്ത് യേശുവിന്റെ കഴിവ് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.
💧💧💧💧💧💧💧💧💧💧💧
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*