തൊടുപുഴ: ഈസ്റ്റേണ്‍ കമ്ബനിയുടെ സുനിദ്ര കിടക്കനിര്‍മാണ യൂണിറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരു കോടി രൂപയുടെ നാശനഷ്ടം. കിടക്കകളും അനുബന്ധ സാധനങ്ങളും നിര്‍മാണയൂണിറ്റും അഗ്നിക്കിരയായി . തകര്‍ന്ന കെട്ടിടത്തിന്റെ നഷ്ടം ഇതുവരെയും കണക്കാക്കിയിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മണക്കാട്-പുതുപ്പരിയാരം റൂട്ടില്‍ അങ്കംവെട്ടിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന കിടക്കനിര്‍മാണ യൂണിറ്റിലെ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. തീ ആളിപ്പടരുന്നതുകണ്ട പ്രദേശവാസികള്‍ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.വി.രാജന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തീ നിയന്ത്രണാതീതമായിരുന്നു. പിന്നീട് മൂവാറ്റുപുഴ, മൂലമറ്റം, കലൂര്‍ക്കാട്, കോതമംഗലം എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി.ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് ഒടുവില്‍ തീ അണച്ചത്.രണ്ടായിരത്തോളം കിടക്കകള്‍ കത്തി നശിച്ചെന്ന് കമ്ബനി അറിയിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം .