വയനാട്: പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവം നടന്ന സ്കൂളിൽ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗൽ സർവീസ് ചെയർപേഴ്സണും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവം നടന്ന ക്ലാസ് റൂമും സ്കൂളിന്റെ മറ്റ് പരിസരങ്ങളും ജില്ലാ ജഡ്ജി സന്ദർശിച്ചു.സംഭവത്തേക്കുറിച്ച് ഹൈക്കോടതി ജഡ്ജി തന്നെ വിളിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് താൻ നേരിട്ടെത്തിയതെന്നും ജില്ലാ ജഡ്ജി പറഞ്ഞു. സ്കൂളിലെത്തിയ പ്രധാന അധ്യാപകൻ ഉൾപ്പടെയുള്ളവരെ ജഡ്ജി വിമർശിക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരോടും എത്താൻ പറഞ്ഞിരുന്നതാണല്ലോ എന്നും എന്തു കൊണ്ടെത്തിയില്ല എന്നും അദ്ദേഹം ആരാഞ്ഞു. ഒരു കുട്ടിയുടെ മരണം എന്ന രീതിയിൽ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരവസ്ഥ എന്ന് കാണാൻ അധ്യാപകർക്കാകണം എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് കളക്ട്രേറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സ്കൂളിന്റെ പ്രധാന അധ്യാപകനോട് യോഗത്തിന് നിർബന്ധമായും എത്തണമെന്നു നിർദേശിച്ച ജില്ലാ ജഡ്ജി സംഭവത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം: ജില്ലാ ജഡ്ജി എ.ഹാരിസ് സ്കൂളിലെത്തി പരിശോധന നടത്തി
