മുംബൈ: സാമൂഹികപ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവുമായ മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദുചെയ്യാനൊരുങ്ങി മുംബൈ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ്. നര്‍മദ സമരപരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പേരിലാണ് നടപടിക്കൊരുങ്ങുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്ബോള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നതാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബര്‍ 18ന് മേധാ പട്കര്‍ക്ക് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
ഒന്‍പത് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളതെന്നാണ് നോട്ടീസില്‍ പറയുന്നത്. വിവരങ്ങള്‍ മറച്ചുവച്ചാണ് മേധാ പട്കര്‍ പാസ്‌പോര്‍ട്ട് എടുത്തതെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ സഞ്ജീവ് ഝാ നല്‍കിയ പരാതിയിലാണ് നടപടി.അതേസമയം, അപേക്ഷ നല്‍കുമ്ബോള്‍ തനിക്കെതിരെ കേസുകളൊന്നും നിലനിന്നിരുന്നില്ലെന്ന് താന്‍ ആര്‍.പി.ഒയ്ക്ക് മറുപടി നല്‍കിയെന്ന് മേധാ പട്കര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.എന്നാല്‍ എല്ലാ കേസുകളുമായും ബന്ധപ്പെട്ട രേഖകള്‍ തന്റെ പക്കലില്ലെന്നും മേധാപട്ക്കര്‍ പറഞ്ഞു. നര്‍മദ ബച്ചാവോ ആന്തോളന്റെ സമരകാലത്ത് 1985 ല്‍ എടുത്ത കേസുകളാണിതെന്നും അവര്‍ വിശദീകരിച്ചു.’തനിക്ക് മാത്രമായുള്ള കേസുകളല്ല ഇതൊന്നും. സമരത്തില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തിനെതിരെ എടുക്കപ്പെട്ട കേസുകളാണിത്’ അവര്‍ പറഞ്ഞു.
പരാതി കിട്ടിയതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചു. കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ മാത്രമെ ആയിട്ടുള്ളൂവെന്നും കോടതിയിലെത്തിയിട്ടില്ലെന്നുമാണ് അവര്‍ വിശദീകരിച്ചത്. ഇക്കാര്യത്തെക്കുറിച്ച് മധ്യപ്രദേശ് ഡിജിപിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും പാസ്‌പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.മോദി സര്‍ക്കാരിന്റെ നയങ്ങളുടെ കടുത്ത വിമര്‍ശകയാണ് മേധാപട്ക്കര്‍. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണത്തെയും നര്‍മദ അണക്കെട്ടിന്റെ ഉയരം കൂട്ടിയതിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.