1. തായിലന്റിലെ ആതുരസേവനം

തായിലന്റില് രോഗീപരിചരണത്തില് ഏര്പ്പെട്ടിരിക്കുന്നവരുടെ കൂട്ടായ്മയെ വിശുദ്ധ ലൂയിസിന്റെ നാമത്തിലുള്ള ബാങ്കോക്കിലെ ആശുപത്രിയില് ഒരുമിച്ചുകാണാന് സാധിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് പാപ്പാ ഫ്രാന്സിസ് പ്രഭാഷണം ആരംഭിച്ചത്. കത്തോലിക്കാ സ്ഥാപനങ്ങളിലൂടെ തായ് ജനതയ്ക്കുചെയ്യുന്ന വലിയ ശുശ്രൂഷയെ പാപ്പാ അഭിനന്ദിച്ചു.

2. എവിടെ സ്നേഹപ്രവൃത്തി അവിടെ ദൈവവും

Ubi caritas, Deus ibi est, “എവിടെ സ്നേഹമുണ്ടോ അവിടെ ദൈവവും” – ആശുപത്രിയുടെ ആപ്തവാക്യം പാപ്പാ ആവര്ത്തിച്ചു. ഉപവി പ്രവൃത്തിയിലാണ് ക്രൈസ്തവര് ജീവിതത്തിന്റെ മാറ്റു തെളിയിക്കേണ്ടത്. ക്രൈസ്തവര് മിഷണറിമാര് മാത്രമല്ല. ക്രൈസ്തവ വിളിയുടെ വിശ്വസ്തത ജീവിതത്തില് തെളിയിക്കേണ്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തു പ്രബോധിപ്പിച്ചത്, “എന്റെ എളിയവര്ക്കായ് നിങ്ങള് ചെയ്തതെല്ലാം എനിക്കുതന്നെയാണു നിങ്ങള് ചെയ്തത്” (മത്തായി 25, 40). ക്രിസ്തുവിന്റെ പ്രേഷിതര് അല്ലെങ്കില് പ്രേഷിതസോദരര് അവിടുത്തെ മൗതിക സാഹോദര്യവും, ധ്യാനാത്മകമായ സാഹോദര്യവും – അതായത് സഹോദരങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചു പ്രവര്ത്തിക്കുന്നൊരു സാഹോദര്യമനോഭാവം വളര്ത്തിയെടുക്കേണ്ടതാണ്. ദൈവസ്നേഹത്തോടു ചേര്ന്നു നില്ക്കുന്നവര് സഹോദരങ്ങളുടെ സന്തോഷത്തില് ദൈവിക സംതൃപ്തി കണ്ടെത്തും (EG, 92).

3. കാരുണ്യപ്രവൃത്തികള്

രോഗീപരിചരണം ലളിതവും പ്രശംസനീയവുമായ ഉപവിപ്രവൃത്തിക്കുമപ്പുറം കാരുണ്യപ്രവൃത്തിയാണ്. തിട്ടപ്പെടുത്തിയ കാര്യക്രമങ്ങള്ക്കുമപ്പുറം നമ്മുടെ മുന്നില് വരുന്ന സഹോദരങ്ങളുടെ അടിയന്തിരാവശ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതാണ് കാരുണ്യപ്രവൃത്തി. അത് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്, “അത്യാഹിത വിഭാഗത്തില്” (Emergency) വരുന്ന രോഗികളെ ശ്രദ്ധിച്ചാല് മതിയാകും. അവിടെ അടിയന്തിരമായി വേണ്ടത് സ്നേഹത്തില്നിന്നും ഉതിര്ക്കൊള്ളുന്ന കാരുണ്യത്തിന്റെ പരിചരണമാണ്. അതിനാല് സൗഖ്യദാനം ശക്തമായ ലേപനമാണെന്നു പറയാം. വ്യക്തിയുടെ മനുഷ്യാന്തസ്സ് പുനരുദ്ധരിച്ച് അവനെയും അവളെയും ക്രിസ്തുസ്നേഹത്താല് കൈപിടിച്ചുയര്ത്തുന്ന പിന്തുണയ്ക്കുന്ന ശാരീരികവും ആത്മീയവുമായ കാരുണ്യ ലേപനമാണ് രോഗീപരിചരണം.

4. പ്രേഷിത സോദരങ്ങള്

രോഗീപരിചരണം ഭാരിച്ചതും, അതില് വ്യാപൃതരായിരിക്കുന്നവരെ പരിക്ഷീണിതരാക്കുന്നതുമാണെങ്കിലും, നാം പതറാത്ത പ്രേഷിത സഹോദരങ്ങളാണ്. രോഗീപരിചരണം ഒരു ജോലി എന്നതിനെക്കാള് ശുശ്രൂഷയാണ്. ഇന്ന് ആയിരങ്ങള് വ്യാപൃതരായിരിക്കുന്ന കത്തോലിക്കാ ആശുപത്രികളിലെയും ആതുരാലയങ്ങളിലെയും രോഗീപരിചരണം കരുതലിന്റെയും ശുശ്രൂഷയുടെയും മഹത്തായ ജീവിതസാക്ഷ്യമാണ്. പ്രത്യേകിച്ച് പ്രായമായവര്ക്കുവേണ്ടിയും,കുട്ടികള്ക്കുവേണ്ടിയും, വ്രണിതാക്കളായ സഹോദരങ്ങള്ക്കുവേണ്ടിയും അവിടങ്ങളില് ചെയ്യുന്ന സ്നേഹമുള്ള ശുശ്രൂഷയും പരിചരണവും ജീവിതസാക്ഷ്യത്തിന്റെ സമര്പ്പണമാണ്.

5. ശുശ്രൂഷകരിലെ സഭയുടെ പ്രതീകം

വിശുദ്ധ ലൂയിസിന്റെ നാമത്തിലുള്ള 120-Ɔο വാര്ഷികം ആചരിക്കുന്ന ബാങ്കോക്കിലെ ആശുപത്രി ശുശ്രൂഷയില് സ്വയം സമര്പ്പിതയാകുന്ന സഭയുടെയും പ്രതീകമാണ്. വേദനിക്കുന്നവര്ക്കും പാവങ്ങള്ക്കുമായി ക്രിസ്തുവിന്റെ സൗഖ്യദാനവും സ്നേഹവും പങ്കുവയ്ക്കുന്ന മഹത്തായ ശുശ്രൂഷാജീവിതമാണിത്.

6. ക്രിസ്തുവിന്റെ പീഡകളില് പങ്കുചേരാം!

രോഗപീഡകള്ക്കും,മാനുഷികവേദനകള്ക്കും മരണത്തിനും മുന്നില് നാം പകച്ചുപോവുകയും, ചിലപ്പോള് നിരാശരാവുകയും, നിസ്സഹായരായി നോക്കിനില്ക്കുകയും ചെയ്യുന്നു. നാം വേദനയോടെ കരയുന്നു. അപ്പോഴെല്ലാം കുരിശിലെ ക്രിസ്തുവിനെ ഓര്മ്മിക്കാം. കുരിശിലെ ഏകാന്ത നിമിഷങ്ങളില് അവിടുന്നു പിതാവിനെ ഉറക്കെ വിളിച്ചു, കരഞ്ഞു. വേദനകളില് ക്രിസ്തുവിന്റെ കുരിശിനോടു പ്രാര്ത്ഥനാപൂര്വ്വം നമുക്കും ചേര്ന്നുനില്ക്കാം!

രോഗങ്ങളിലും വേദനയുടെ നിമിഷങ്ങളിലും ക്രിസ്തുവിന്റെ കുരിശിനോടു ചേര്ന്നു നില്ക്കുന്നവര്ക്ക് അവരുടെ ബലഹീനതകളിലും മുറിവുകളിലും അവിടുത്തെ കുരിശിന്റെശക്തി ലഭിക്കും. അവിടുന്നു തന്റെ പീഡകളില് അവഹേളിതനായെങ്കിലും ഒളിച്ചിരുന്നില്ല, ഒഴിഞ്ഞു മാറിയുമില്ല (ഏശയ 30, 20). അവിടുന്ന് മനുഷ്യരെപ്പോലെ, മനുഷ്യരുടെകൂടെ, മനുഷ്യരുടെ മുന്നില് നിന്ദനവും, പീഡനങ്ങളും, വേദനയും മരണത്തോളം ഓരോ നിമിഷവും സഹിച്ചു.

7. ഉപസംഹാരം

നമ്മുടെയും വേദനകളില് കന്യകാനാഥയുടെ കാരുണ്യകടാക്ഷത്തിനായി പ്രാര്ത്ഥിക്കാം. തന്റെ സംരക്ഷണത്തിന്റ പുറംകുപ്പായം കാരുണ്യത്തിന്റെ അമ്മ നമ്മുടെമേല് വിരിയിക്കട്ടെ! രോഗികളെയും പരിചാരികരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ ഫ്രാന്സിസ് അവസാനമായി ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്ത്ഥിക്കാന് മറന്നുപോകരുതെന്നും അഭ്യര്ത്ഥിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.