ബാങ്കോക്ക്: കുടിയേറ്റമാണ് ഇന്നു ലോകം അഭിമുഖീകരിക്കുന്ന പ്രധാന ധാർമിക പ്രശ്നങ്ങളിലൊന്നെന്ന് ഫ്രാൻസിസ് മാർപാപ്പ.കുടിയേറ്റക്കാരെയും അഭയാർഥികളെയും തായ്ലൻഡിലെ പാവങ്ങളെയും മനുഷ്യക്കടത്തുകാരിൽ നിന്നു രക്ഷിക്കുന്നതിന് കൂടുതൽ ശ്രമം ഉണ്ടാവണമെന്ന് തായ്ലൻഡിൽ ത്രിദിന സന്ദർശനത്തിനെത്തിയ മാർപാപ്പ ഗവൺമെന്റ് ഹൗസിൽ സർക്കാർ ഉദ്യോഗസ്ഥരും സിവിൽ നേതാക്കളും നയതന്ത്രജ്ഞരും ഉൾപ്പെട്ട സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ബുധനാഴ്ച ബാങ്കോക്കിലെത്തിയെങ്കിലും ഇന്നലെയാണു മാർപാപ്പയ്ക്ക് ഔദ്യോഗികതലത്തിൽ സ്വീകരണം നൽകിയത്.

പ്രധാനമന്ത്രി ഛൻ ഓച ഉൾപ്പെടെയുള്ള നേതാക്കൾ ബാങ്കോക്ക് ഗവൺമെന്റ് ഹൗസിലെ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ചൂഷണത്തിനും അക്രമത്തിനും ഇരയാവുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മാർപാപ്പ ഓർമിപ്പിച്ചു.ഗവൺമെന്റ് ഹൗസിലെ ചടങ്ങിനുശേഷം മാർപാപ്പ തായ്ലൻഡിലെ ബുദ്ധമതക്കാരുടെ ആചാര്യൻ സോംഡെജുമായി കൂടിക്കാഴ്ച നടത്തി. ബുദ്ധവിഹാരത്തിലായിരുന്നു കൂടിക്കാഴ്ച. പിന്നീട് ഒരു ആശുപത്രിയിലും മാർപാപ്പ സന്ദർശനം നടത്തി. മാർപാപ്പയുടെ കസിൻ സിസ്റ്റർ സിവേരിയാണ് പരിഭാഷകയായി പ്രവർത്തിച്ചത്