വാർത്തകൾ
🗞🏵 *സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ മന്ത്രിസഭാതീരുമാനം* കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉല്പാദനവും വിതരണവും, ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും .300 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും നിരോധിക്കും . നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപമുതല്‍ അരലക്ഷം രൂപവരെ പിഴശിക്ഷയുണ്ടാകും .
🗞🏵 *ഹെൽമെറ്റ് പരിശോധന കർശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ.* പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചു. ബോധവത്കരണത്തിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *പാലക്കാട് ജില്ലയിൽ പുതിയ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു.* വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനു പകരം പി. സുബ്രഹ്മണ്യത്തെ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അപേക്ഷ ക്ഷണിക്കാതെ പഴയ പാനലില്‍നിന്നാണ് ഇദ്ദേഹത്തിന്റെ നിയമനം.
🗞🏵 *സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സർക്കാരിന്റെ ആലോചനയിൽ ഇല്ലാത്ത കാര്യമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.* പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *153 ദിവസംകൊണ്ട് ദുബായിലെ മനോജ് വർഗീസും കുടുംബവും തീർത്തത് പുതിയ ചരിത്രം.* വിശുദ്ധ ബൈബിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തു പ്രതി തയാറാക്കിക്കൊണ്ടാണ് ഈ പ്രവാസി മലയാളികുടുംബം ഗിന്നസ് റിക്കാർഡിൽ എത്തിയിരിക്കുന്നത്.
🗞🏵 *രാജ്യത്തെ പഞ്ചസാര ഉത്പാദനം കുറഞ്ഞു.* ഈ മാസം 15 വരെയുള്ള കണക്കുകൾ പ്രകാരം ഉത്പാദനം 64 ശതമാനം താഴ്ന്ന് 4.85 ലക്ഷം ടണ്ണായി ചുരുങ്ങി.
🗞🏵 *ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പിൽ വീഡിയോകളിലൂടെ വൈറസുകളെത്താൻ സാധ്യതയുണ്ടെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്.*
🗞🏵 *കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ കണ്‍വീനറായി ആന്റോ ആന്റണിയെ സോണിയാ ഗാന്ധി നിയമിച്ചു.* കഴിഞ്ഞ ലോക്സഭയുടെ കാലത്ത് കണ്‍വീനറായിരുന്ന കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെ പുതിയ ചീഫ് വിപ്പായതിനെ തുടർന്നാണു പുതിയ നിയമനം. കേരളവുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ കോണ്‍ഗ്രസ്, യുഡിഎഫ് എംപിമാരുമായുള്ള ഏകോപനമാണ് കണ്‍വീനറുടെ പ്രധാന ചുമതല.
🗞🏵 *അയോധ്യ കേസിലെ ഉത്തരവിനെതിരേയുള്ള നിയമനടപടികളിൽ പിന്തുണ തേടി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.*
🗞🏵 *ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി നാളെ കാന്പസിലെത്തി വിദ്യാർഥി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരും.* അതേസമയം ഫീസ് വർധന ഉൾപ്പടെയുള്ള നടപടികൾ പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റെ ഐഷെ ഘോഷ് പറഞ്ഞു.
🗞🏵 *മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരായ സുദർശൻ പദ്മനാഭൻ, മിലിന്ദ്, ഹേമന്ദ്രൻ എന്നിവരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.* ഐഐടി ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയാണു ചോദ്യംചെയ്തത്.
🗞🏵 *മൂന്നു റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു കൈമാറിയെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.* വ്യോമസേന പൈലറ്റുമാർക്കും ടെക്നീഷ്യന്മാർക്കും ഫ്രാൻസിൽ പരിശീലനം നല്കാൻ ഈ വിമാനങ്ങൾ ഉപയോഗിക്കുകയാണ്. 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും 2016ൽ ഒപ്പുവച്ചത്. ഒക്ടോബർ എട്ടിന് ആദ്യ റഫാൽ വിമാനം ഇന്ത്യക്കു കൈമാറിയിരുന്നു.
🗞🏵 *ആസാമിൽ നടപ്പാക്കി വ്യാപക പരാതികൾക്കും ആശങ്കയ്ക്കും ഭീതിക്കും ഇടയാക്കിയ പൗരത്വ രജിസ്ട്രേഷൻ (എൻആർസി) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.* പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ബില്ലും അവതരിപ്പിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.
🗞🏵 *ശബരിമലയിലെ ഭരണ നിർവഹണത്തിനായി തിരുപ്പതി, ഗുരുവായൂർ ദേവസ്വം മാതൃകയിൽ പ്രത്യേക നിയമം കൊണ്ടുവരണമെന്നു സുപ്രീം കോടതി.* നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ശബരിമലയെ മറ്റു ക്ഷേത്രവുമായി താരതമ്യം ചെയ്യുന്നതു ശരിയല്ലെന്നു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
🗞🏵 *ചതിക്കുഴികൾ തിരിച്ചറിഞ്ഞു സംഘടിച്ചു പ്രതികരിക്കാൻ ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ പാലായിൽ ചേർന്ന കർഷക കണ്വൻഷൻ തീരുമാനിച്ചു.* പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ബിഷപ്സ് ഹൗസിൽ രൂപതയിലെ 17 ഫൊറോനകളിൽനിന്ന് ഒത്തുകൂടിയ ഇരുന്നൂറിലധികം വരുന്ന കർഷക പ്രതിനിധികളുടെ യോഗമാണ് പ്രക്ഷോഭത്തിനു തീരുമാനിച്ചത്.
🗞🏵 *കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാൻ മാർ മാത്യു വട്ടക്കുഴിയുടെ മൂന്നാം ചരമവാർഷികാചരണം നാളെ നടക്കും.* രാവിലെ 6.40ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെയും സഹായ മെത്രാൻ മാർ ജോസ് പുളിക്കലിന്റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക തിരുക്കർമങ്ങളും ഉണ്ടായിരിക്കും. വികാരി ജനറാൾമാരായ ഫാ. ജസ്റ്റിൻ പഴേപറന്പിൽ, റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോർജ് ആലുങ്കൽ എന്നിവർ സഹകാർമികരായിരിക്കും.
🗞🏵 *വനിതകള്‍ക്കു സിനിമ സംവിധാനം ചെയ്യാന്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള ചലച്ചിത്ര വികസന കോര്‍പറേഷന്റെ പദ്ധതിയിലേക്കു താരാ രാമാനുജം, ഐ.ജി. മിനി എന്നിവരുടെ സിനിമകള്‍ തെരഞ്ഞെടുത്തതിനെതിരേ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.*
🗞🏵 *പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇൻഫാമിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കാർഷികമേളയ്ക്ക് 27നു പാലായിൽ തുടക്കമാകും.* കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ, വികസന ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് ഡിസംബർ ഒന്നുവരെ കാർഷിക മേള ഒരുക്കിയിരിക്കുന്നത്.
🗞🏵 *ചിരട്ടപ്പാലിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ച് നൽകുന്ന മുറയ്ക്ക് ചിരട്ടപ്പാൽ കൂടി റബർ ഉത്പാദക ബോണസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതാണെന്നു കൃഷിമന്ത്രി വി.എസ് സുനിൽകുമാർ.* മാണി സി.കാപ്പന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് റബർ മേഖലയിൽ സിയാൽ മാതൃകയിൽ കന്പനി രൂപീകരിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *മസ്റ്ററിങ്ങിന്റെ പേരില്‍ ക്ഷേമപെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാഴ് വാ ക്കായി.* ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ഇന്ന് വീണ്ടും മസ്റ്ററിങ് തുടങ്ങിയെങ്കിലും സര്‍വര്‍ തകരാര്‍ വില്ലനായി. മണിക്കൂറുകള്‍ കാത്തുനിന്ന് തളരാനായിരുന്നു ഇന്നും വയോധികരുടെ വിധി
🗞🏵 *ശബരിമലയിൽ തീർത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് നോക്കുകൂലി ഈടാക്കി ദേവസ്വം ബോർഡ്.* ഓരോ യാത്രക്കും ഇരുന്നൂറ് രൂപ വീതം ഈടാക്കി ലക്ഷങ്ങളാണ് ബോര്‍ഡ് കൊയ്യുന്നത്. എന്നാല്‍ ജീവനക്കാർക്ക് താമസിക്കാൻ താൽകാലിക സൗകര്യം പോലും ഒരുക്കിയില്ല. ചുമട്ട് കൂലി വർധിപ്പിക്കണമെന്ന ആവശ്യവും തള്ളിക്കളഞ്ഞു.
🗞🏵 *കെപിസിസി ഭാരവാഹികളുടെ ജംബോ കമ്മിറ്റി രൂപീകരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ അഞ്ഞടിച്ചു ഡിസിസി പ്രസിഡന്റുമാർ.* കെപിസിസി തലത്തിൽ ജംബോ കമ്മിറ്റി രൂപീകരിക്കുന്നതു പാർട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്നു ഭൂരിഭാഗം ഡിസിസി പ്രസിഡന്റുമാരും പറഞ്ഞു.
🗞🏵 *ശബരിമലയിലെ ഭരണത്തിനു പ്രത്യേക സംവിധാനം വേണമെന്ന സുപ്രീംകോടതി പരാമർശത്തിനെതിരേ എതിർ സത്യവാങ്മൂലം നൽകുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.* 1949ലെ കവനന്റിന്റെ അടിസ്ഥാനത്തിലാണു ദേവസ്വം ബോർഡ് രൂപീകരിച്ചരിക്കുന്നത്. ഇതിനു വിരുദ്ധമായി പ്രത്യേക സംവിധാനം സാധ്യമല്ലെന്നു സുപ്രീംകോടതിയെ അറിയിക്കും.
🗞🏵 *ജനാധിപത്യമായ രീതിയിൽ സമരം ചെയ്ത ഷാഫി പറന്പിൽ എംഎൽഎയുടെ തല തല്ലിത്തകർത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.* നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിൻമേൽ പ്രസംഗിക്കവെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.
🗞🏵 *ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയിൽ പുരോഗതി.* ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർകർ ലതയെ സന്ദർശിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മരുന്നുകളോട് നല്ല രീതിയിൽ അവർ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ശബരിമല തീർഥാടകർക്കു സഹായമൊരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി.* ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗ ണ്ടർ പ്രവർത്തിപ്പിക്കുന്നത്.
🗞🏵 *ടെലികോം കമ്പനികള്‍ക്ക് ആശ്വാസമേകി സ്പെക്ട്രം ലേല കുടിശികയ്ക്കുള്ള മൊറട്ടോറിയം അംഗീകരിച്ച് കേന്ദ്രസർക്കാർ.* ടെലികോം കമ്പനികള്‍ സ്പെക്ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശിക അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ നിർദേശമാണ് അംഗീകരിച്ചത്. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയും അംഗീകാരം നൽകി.
🗞🏵 *കൗമാരക്കാരിയായ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുൻബെർഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം.* ലോകമെമ്പാടുമുള്ള സ്കൂൾ വിദ്യാർഥികളുമായി ചേർന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രെറ്റ നടത്തിയ പോരാട്ടങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
🗞🏵 *മണക്കാട് കിടക്കനിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം.* ഫാക്ടറിയുടെ ഒരു ഭാഗം കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
🗞🏵 *താജ്മഹലിന്റെ പരിസരത്ത് ഡ്രോൺ പറത്തിയ അഞ്ച് റഷ്യൻ പൗരന്മാർ കസ്റ്റഡിയിൽ.* ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയിൽ എടുത്തത്. മെഹ്താബ് ബാഗിൽ നിന്ന് ഇവർ വീഡിയോ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു.
🗞🏵 *അയോധ്യ, ശബരിമല വിധികളിൽ വിമർശനവുമായി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.* അയോധ്യാ കേസിലെ കോടതിവിധി ഭൂരിപക്ഷവാദത്തോടുള്ള സന്ധി ചെയ്യലാണ്. സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിന് പ്രധാന്യം നൽകിയെന്നും ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് വിമർശിച്ചു.
🗞🏵 *ജമ്മു കാഷ്മീരിലെ അനന്ത്നാഗിനു സമീപം ദേശീയപാതയിൽ ബോംബ് കണ്ടെത്തി.* ഇതേ തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവേ അടച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം, ജമ്മു-പൂഞ്ച് ദേശീയപാതയിലും ഐഇഡി ബോംബ് കണ്ടെത്തിയിരുന്നു.
🗞🏵 *നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംഎൽഎമാർക്കെതിരേ സ്പീക്കറുടെ നടപടി.* നാല് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ ശാസിച്ചു. റോജി എം. ജോണ്‍, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്കെതിരേയാണ് നടപടി.
🗞🏵 *പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.* പൊളിക്കുന്നതിന് മുന്‍പ് മേൽപ്പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
🗞🏵 *കർണാടകത്തിൽ അയോഗ്യരാക്കപ്പെട്ട വിമത എംഎൽഎമാരുടെ ആസ്തിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വൻ വർധനയുണ്ടായതായി റിപ്പോർട്ട്.* ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികയിലാണ് ആസ്തി വർധനവിന്റെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
🗞🏵 *ഡയസിൽ കയറി പ്രതിഷേധം നടത്തിയ എംഎൽഎമാരെ സ്പീക്കർ ശാസിച്ച നടപടിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* കക്ഷി നേതാക്കളോട് ആലോചിക്കാതെയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നടപടി. സഭയ്ക്ക് നൽകിയ ഉറപ്പുകൾ അദ്ദേഹം ലംഘിച്ചു. സ്പീക്കർ കഴിഞ്ഞകാല നടപടികൾ മറക്കരുതെന്നും ചെന്നിത്തല വിമർശിച്ചു.
🗞🏵 *കാഷ്മീർ കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം.* സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ വിളിച്ചുവരുത്തിയാണ് കോടതി വിമർശനം നടത്തിയത്. കേസിലെ കക്ഷികൾക്ക് ജമ്മു കാഷ്മീരിലെ സാഹചര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് എന്തുകൊണ്ട് നൽകിയില്ലെന്ന് കോടതി ചോദിച്ചു.
🗞🏵 *സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ പാന്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ചികിത്സ നൽകാൻ വൈകിയെന്ന ആരോപണം നേരിട്ട അധ്യാപകനെതിരേ നടപടി.* ഷജിൽ എന്ന അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തു.
🗞🏵 *മഹാരാഷ്ട്രയിൽ ശിവസേന-കോണ്‍ഗ്രസ്-എൻസിപി സർക്കാർ രൂപീകരണത്തിന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ പച്ചക്കൊടി.* കോണ്‍ഗ്രസ്-എൻസിപി യോഗ തീരുമാനങ്ങൾ പ്രവർത്തക സമിതിയെ ധരിപ്പിച്ചതായും അനുകൂല തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ അറിയിച്ചു.
🗞🏵 *മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതിയിൽ ഉൾപ്പെടുത്തി.* സമിതിയിലെ ബിജെപി ക്വാട്ടയിലാണ് നിയമനം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് 21 അംഗ പാർലമെന്ററി ഉപദേശക സമിതിയുടെ മേധാവി.
🗞🏵 *ക്ലാസ് മുറിയിൽ പാന്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.* സുൽത്താൻ ബത്തേരിയിലെ സ്കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു. സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകർത്തത്.
🗞🏵 *മുല്ലപ്പെരിയാർ ഡാമിനെച്ചൊല്ലി ലോക്സഭയിൽ കേരള-തമിഴ്നാട് എംപിമാർ തമ്മിൽ വാക്പോര്.* ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഡാമിന്റെ സുരക്ഷ സംബന്ധിച്ച വിഷയം ഉന്നയിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽനിന്നുള്ള അംഗങ്ങൾ ബഹളം വച്ചു. ഇതിനെതിരേ കേരളത്തിൽ നിന്നുള്ള എംപിമാരും പ്രതിഷേധിച്ചു.
🗞🏵 *ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതി നിർവ്വഹണത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിറ്റ് എസ് എ ബോബ്ഡെ.* ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കൽ കാലാവധി മൂന്നു വർഷമെങ്കിലും ആക്കണമെന്ന അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ പ്രസ്താവനയ്ക്ക് പ്രതികരണമെന്നോണമാണ് ബോബ്ഡെ ഇക്കാര്യം പറഞ്ഞത്
🗞🏵 *സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) ആയിരത്തിലേറെ ഒഴിവുകൾ ഉണ്ടെന്ന് റിപ്പോർട്ട്.* അതേസമയം ഒഴിവുകൾ ഉടൻ നികത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെയുള്ള 5532 തസ്തികകളില്‍ 4503 പേര് മാത്രമേ നിലവില്‍ സര്‍വീസിലുള്ളൂ. ശേഷിക്കുന്നത് 1029 ഒഴിവുകളാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.
🗞🏵 *കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്* . കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക സുരക്ഷാ ഏജൻസികൾ സംസ്ഥാന തലത്തിൽ നിരവധി വർഷങ്ങളായി ഉയർത്തിക്കാട്ടുന്നതാണ്. 2010 ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി ആർ പി എഫ് സൈനികർ കൊല്ലപ്പെട്ട കേസിൽ പങ്കാളിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ദീപക്ക് പോലും കേരളത്തിലെത്തിയത് മറ്റുള്ളവർക്ക് ഭീകരവാദ പരിശീലനം നൽകാനാണ്.
🗞🏵 *സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കുകയും പെന്ഷന് 25000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.* സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും 10 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ചെലവഴിക്കുന്നു. ആകെയുള്ള റവന്യു വരുമാനത്തിന്റെ 24ശതമാനവും പെന്ഷന് നല്കാന് വേണ്ടി മാറ്റി വെയ്ക്കേണ്ട സ്ഥിതിയാണെന്നും പി.സി. ജോര്‍ജ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു
🗞🏵 *വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ഷെയ്ൻ നിഗം ലംഘിച്ചെതിനാൽ താരത്തെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടന്ന തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.* പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്.
🍅🍅🍏🍅🍅🍏🍅🍅🍏🍅🍅
*ഇന്നത്തെ വചനം*
യേശുവിനെ അവര്‍ കയ്യാഫാസിന്‍െറ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.
അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?
അവര്‍ പറഞ്ഞു: ഇവന് തിന്മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇവനെ നിനക്ക് ഏല്പിച്ചു തരുകയില്ലായിരുന്നു.
പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിന്‍. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞവചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്‍െറ ജനങ്ങളും പുരോഹിതപ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്പിച്ചു തന്നത്. നീ എന്താണു ചെയ്തത്?
യേശു പറഞ്ഞു: എന്‍െറ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന് എന്‍െറ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍െറ രാജ്യം ഐഹികമല്ല.
പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്കാന്. സത്യത്തില്‍നിന്നുള്ളവന്‍ എന്‍െറ സ്വരം കേള്‍ക്കുന്നു.
യോഹന്നാന് 18 :27- 37
🍅🍅🍏🍅🍅🍏🍅🍅🍏🍅🍅
*വചന വിചിന്തനം*
ഇന്നത്തെ സുവിശേഷത്തിൽ കർത്താവ് വളരെ വ്യക്തമായി പറയുന്ന കാര്യമാണ് കർത്താവിൻറെ രാജ്യം ഐഹികമല്ല ഈ ലോകത്തിൽ ഭൗതീക മാനദണ്ഡങ്ങളിൽ പണിതുയർത്തേണ്ടതല്ല കർത്താവിന്റെ സാമ്രാജ്യം. അത് നിത്യതയുടെ സാമ്രാജ്യമാണ് .അതിനു വേണ്ടത് നിത്യതയുടെ മാനദണ്ഡങ്ങളുമാണ്.
നമ്മൾ പലപ്പോഴും മറ്റ് ഭൗതിക സാമ്രാജ്യങ്ങളോടു കിടപിടിക്കുവാനുള്ള പരിശ്രമത്തിൽ സഭയെ ആ തരത്തിൽ വളർത്തുവാനായിട്ട് വളരെയധികം സമയവും ഊർജ്ജവും വ്യയം ചെയ്യുകയാണ് .
എന്നാൽ ആത്യന്തിമായി കർത്താവിന്റ സാമ്രാജ്യം നിത്യതയിൽ ആണെന്ന് മനസ്സിലാക്കി അതിനായി സമയം ചെലവഴിക്കാൻ ആണ് നമ്മൾ പരിശ്രമിക്കുകയും ചെയ്യേണ്ടത് .
🍅🍅🍏🍅🍅🍏🍅🍅🍏🍅🍅
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*