പാപ്പാ ഫ്രാന്‍സിസ് ഫ്ളോറന്‍സിലെ സോഫിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും.
ദൈവത്തിന്‍റെ മുഖകാന്തി സഹോദരങ്ങളില്‍ ദര്‍ശിക്കാനുളള വീക്ഷണം വളര്‍ത്തേണ്ടത് വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണെന്ന് പാപ്പാ ഫ്രാന്‍സിസ്.
ഫ്ലോറന്‍സില്‍നിന്നും വന്ന സോഫിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോട്ഫ്ലോറന്‍സിലെ സോഫിയ യൂണിവേഴ്സിറ്റിയിലെ 100-ല്‍ അധികം വരുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മറ്റു പ്രവര്‍ത്തകരുടെയും പ്രതിനിധികളുടെ കൂട്ടായ്മയെ നവംബര്‍ 14-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.
(1) അറിവും, (2) ഉടമ്പടിയും, (3) സമൂഹത്തിലേയ്ക്കുള്ള പുറപ്പാടും നല്ല വിദ്യാഭ്യാസത്തിന്‍റെ മൂന്ന് അടയാളങ്ങളാണെന്നു പ്രസ്താവിച്ച പാപ്പാ, അവ ഓരോന്നായി യൂണിവേഴ്സിറ്റിയുടെ വിദ്യാഭ്യാസകൂട്ടായ്മയ്ക്ക് വിവരിച്ചു നല്കി.
(1) അറിവ് – ദൈവം അറിവിന്നുറവ്
അറിവിന്‍റെ (wisdom) ഉറവ ദൈവമാണ്. അത് ദൈവത്തില്‍നിന്നും പ്രസരിപ്പിക്കുന്നതിനാല്‍ അത് തുറവോടെ ഉള്‍ക്കൊള്ളുന്നവരുടെ മനസ്സ് പ്രകാശിതമാകുന്നു. അത് മനുഷ്യന്‍റെ നിഗൂഢതകളെയും സംശയങ്ങളെയും സന്ദേഹങ്ങളെയും, വ്യക്തിയുടെ ജീവിത ലക്ഷ്യങ്ങളെയും പ്രകാശിപ്പിക്കുന്നു. ക്രൈസ്തവന് ക്രിസ്തുവാണ് വിജ്ഞാനം, ഉത്ഥിതനായവന്‍ മനുഷ്യമനസ്സുകളെയും മാനവികതയെയും നന്മയിലും സത്യത്തിലും പ്രകാശിപ്പിക്കുന്നു. അതിനാല്‍ മനുഷ്യസമൂഹങ്ങളും സംസ്കാരങ്ങളും മതങ്ങളും കൈകോര്‍ത്തു നീങ്ങുകയും വിശ്വാസാഹോദര്യത്തിന്‍റെ കൂട്ടായ്മ വളര്‍ത്തുകയും വേണം.
“എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേയ്ക്കു വരുന്നുണ്ടായിരുന്നു” (യോഹ. 1, 9).
(2) ഉടമ്പടി – ദൈവ-മനുഷ്യ ഉടമ്പടി
ചരിത്രത്തിന്‍റെയും സൃഷ്ടിയുടെയും കേന്ദ്രം (Pact) ഉടമ്പടിയാണ്. തിരുവചനം വെളിപ്പെടുത്തുന്നത് ദൈവ-മനുഷ്യ ഉടമ്പടിയുടെ ചരിത്രമാണ്. അത് തലമുറകളും സംസ്കാരങ്ങളും ജനതകളും തമ്മിലുള്ള ഉടമ്പടിയുടെ ചരിത്രമാണ്. അതില്‍ മനുഷ്യരും മൃഗങ്ങളും, സസ്യജാലങ്ങളും ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളുമായുളള ഉമ്പടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അത് അവസാനം സുന്ദരവും വര്‍ണ്ണാഭവുമായ പൊതുഭവനം, ഭൂമിക്ക് രൂപംനല്കുന്നു. അങ്ങനെ ഈ പ്രപഞ്ചത്തിലെ സകലതും – ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു. സകലതും സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രതിച്ഛായയുമാണ്, അവിടത്തോടുള്ള മനുഷ്യന്‍റെ ഉടമ്പടി ചേരലാണത്. പരമായ സ്നേഹത്തിന്‍റെ കൂട്ടായ്മയിലുള്ള ത്രിത്വത്തിന്‍റെ മൂര്‍ത്തീഭാവമാണ് ദൈവം – ത്രിയേക ദൈവം! അവിടുന്ന് പ്രാപഞ്ചികമായ സകലത്തിനെയും വിശ്വസാഹോദര്യത്തില്‍ ഉള്‍ക്കൊള്ളുകയും സ്നേഹിക്കുകയും, തന്‍റെ ദൈവികതയോടു ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു.
(3) ജീവിതം ഒരു പുറപ്പാട്
അങ്ങനെ പരമമായി നമുക്കു ലഭിക്കുന്ന അറിവിന്‍റെ ഉടമ്പടി ഒരു പുറപ്പാടാണ് (exodus). അറിവു നേടിയ വെളിച്ചവുമായി ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ചുറ്റുപാടുകളിലേയ്ക്ക് ഇറങ്ങി പുറപ്പെടേണ്ടവരാണ് മനുഷ്യര്‍. തങ്ങളുടെ ജീവിത മുറിവകളോടും ആശകളോടും പ്രത്യാശകളോടുംകൂടെ സഹോദരങ്ങളില്‍ ദൈവത്തിന്‍റെ പ്രതിച്ഛായ കണ്ടെത്തുന്നതാണ് യഥാര്‍ത്ഥ ജീവിതം. അതിനാല്‍ ഹൃദയപൂര്‍വ്വവും, നല്ലമനസ്സോടെയും ശാരീരികമായ തയ്യാറെടുപ്പോടെയുംകൂടെ മാനവികതയുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും, മനുഷ്യരില്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ മുഖം കണ്ടെത്തുവാനുമുള്ള തുറവ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രൂപീകരണകാലത്തുതന്നെ മെനഞ്ഞെടുക്കാനാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
“അവിടുത്തേയ്ക്കുവേണ്ടി ത്യാഗപൂര്‍വ്വം നമുക്ക് പാളയത്തിനു പുറത്തേയ്ക്കിറങ്ങാം, അവിടുത്തെ പക്കലേയ്ക്കു പോകാം….” (ഹെബ്ര. 13, 13).