കോട്ടയം:ഉഴവൂരില്‍ ആറാം ക്ലാസുകാരിയെ അമ്മ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. കാനത്തില്‍ എം.ജി കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) മകള്‍ സൂര്യ രാമനെയാണ് (11) കഴുത്തില്‍ തോര്‍ത്ത് ചുറ്റിയ നിലയില്‍ വാടക വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അമ്മ സാലിയെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവര്‍ക്കു മനോദൗര്‍ബല്യമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.അരീക്കര ശ്രീനാരായണ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.
ഇവര്‍ കരുതി കൂട്ടി ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. പെണ്‍കുട്ടിയെ ഇന്നലെ സ്‌കൂളിലേക്കും അയച്ചിരുന്നില്ല. ഇത് പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് കണക്കു കൂട്ടുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിനാണു സംഭവം പുറത്തറിഞ്ഞത്. സൂര്യയുടെ സഹോദരന്‍ സ്‌കൂളില്‍ പോയി മടങ്ങി വന്നപ്പോള്‍ സാലി വീട്ടില്‍ കയറ്റാന്‍ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടി ബഹളം വെച്ചു.തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.സുരേഷിനെ വിവരം അറിയിച്ചു. സുരേഷും സമീപവാസികളും എത്തിയപ്പോള്‍ സൂര്യ ഉറങ്ങിയെന്നാണു സാലി പറഞ്ഞത്. പരിശോധനയില്‍ മുറിയിലെ കട്ടിലില്‍ സൂര്യയെ കണ്ടെത്തി. അനക്കമില്ലാതെ കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാലിയുടെ ഭര്‍ത്താവ് നെച്ചിപ്പുഴൂര്‍ കാനാട്ട് കൊച്ചുരാമന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.