ബാങ്കോക്ക്: മൂന്നുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ തായ്ലൻഡിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്കു ഹൃദ്യമായ വരവേല്പ്. ഇന്നാണ് ഔദ്യോഗിക സ്വീകരണം.
വിമാനത്താവളത്തിൽ മാർപാപ്പയെ വരവേൽക്കാൻ അദ്ദേഹത്തിന്റെ കസിനും സലേഷ്യൻ സന്യാസിനി സഭാംഗവുമായ സിസ്റ്റർ അനാറോസാ സിവേരിയും എത്തിയിരുന്നു. എഴുപത്തേഴുകാരിയായ സിസ്റ്റർ സിവേരി 1960 മുതൽ തായ്ലൻഡിലെ വിവിധ സ്കൂളുകളിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയാണ്. തായ്ലൻഡിൽ മാർപാപ്പയുടെ പരിഭാഷക സിസ്റ്റർ സിവേരിയാണ്.
പതിനൊന്നു മണിക്കൂർ വിമാനയാത്രയ്ക്കുശേഷമാണ് മാർപാപ്പ ഇന്നലെ ഉച്ചയോടെ ബാങ്കോക്കിലെത്തിയത്. തായ്ലൻഡിലെ പതിനൊന്നു രൂപതകളെ പ്രതിനിധീകരിച്ച് 11 കുട്ടികൾ അദ്ദേഹത്തെ പുഷ്പഹാരം നൽകി സ്വീകരിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി സോംകിഡും ഉദ്യോഗസ്ഥരും എത്തി. ബിഷപ്പുമാരും വൈദികരും വിമാനത്താവളത്തിൽ മാർപാപ്പയെ വരവേല്ക്കാനെത്തിയിരുന്നു.ചടങ്ങിനുശേഷം വിശ്രമിക്കാനായി മാർപാപ്പ അപ്പസ്തോലിക് നുൺഷ്യേച്ചറിലേക്ക്(എംബസി) പോയി. ഇന്ന് പ്രധാനമന്ത്രി ഛൻ ഓച, ബുദ്ധമതക്കാരുടെ ആചാര്യൻ സോംദെജ്, മഹാ വജ്രലോംഗോൺ രാജാവ് എന്നി വരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ശനിയാഴ്ച മാർപാപ്പ ത്രിദിന സന്ദർശനത്തിനായി ജപ്പാനിലേക്കു പോകും. അണുബോംബാക്രമണത്തിനിരയായ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ സന്ദർശനം നടത്തും. ചെറുപ്പത്തിൽ ജപ്പാനിൽ മിഷനറിയായി പോകാൻ ആഗ്രഹിച്ചയാളാണു ഫ്രാൻസിസ് മാർപാപ്പ.മാർപാപ്പയുടെ മുപ്പത്തിരണ്ടാമത് വിദേശപര്യടനമാണിത്. ഏഷ്യൻ രാജ്യങ്ങളായ ഫിലിപ്പീൻസ്, ശ്രീലങ്ക, മ്യാൻമർ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ അദ്ദേഹം മുന്പ് സന്ദർശനം നടത്തിയിട്ടുണ്ട്.