ഈശോസഭാംഗം ഫാദര് റെന്സോ ലൂക്കാ

നവംബര് 23-മുതല് 26-വരെ നീളുന്ന ജപ്പാന് അപ്പോസ്തോലിക യാത്രയില് സ്പാനിഷിലുള്ള പ്രഭാഷണങ്ങള് ജാപ്പാനീസിലേയ്ക്ക് തത്സമയം പരിഭാഷപ്പെടുത്തുന്നതിനാണ് പാപ്പാ ഫ്രാന്സിസ് ബ്യൂനസ് ഐരസില് ഈശോസഭയിലെ വൈദിക വിദ്യാര്ത്ഥികളുടെ റെക്ടറായിരിക്കുമ്പോള് പഠിപ്പിച്ചിട്ടുള്ള ഫാദര് റെന്സോ ലൂക്കായെ തിരഞ്ഞെടുത്തത്. ഫാദര് ഇപ്പോള് ജപ്പാനില് ഈശോസഭയുടെ പ്രവിഷ്യന് സുപ്പീരിയറായി ടോക്കിയോ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുകയാണ്. സെമിനാരി വിദ്യാര്ത്ഥിയായിരിക്കെ തന്നെ പഠിപ്പിക്കുക മാത്രമല്ല, തന്റെ പ്രൊവിഷ്യല് സുപ്പീരിയറുമായിരുന്നു അര്ജന്റീനയില് പാപ്പാ ഫ്രാന്സിസെന്നും നവംബര് 18-ന് വത്തിക്കാന് വാര്ത്താ വിഭാഗത്തിനു നല്കിയ ടെലിഫോണ് അഭിമുഖത്തില് ഫാദര് റെന്സോ വ്യക്തമാക്കി.

ദ്വിഭാഷിയുടെ “ടെന്ഷന്”

ജാപ്പാനീസും സ്പാനിഷും പോര്ച്ചുഗീസും ഇംഗ്ലിഷും വശമുള്ള തനിക്ക് പാപ്പാ ഫ്രാന്സിസിന്റെ അല്ലെങ്കില് തന്റെ സുപ്പീരിയറായിരുന്ന ഹോര്ഹെ ബര്ഗോളിയോയുടെ അനൗപചാരികതയും സ്നേഹവും അടുത്തറിയാമെങ്കിലും, ആഗോളസഭാദ്ധ്യക്ഷന് എന്ന നിലയില് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള് തത്സമയം പരിഭാഷപ്പെടുത്തണം, അതും വലിയ ജനാവലിയോട് എന്നു ചിന്തിക്കുമ്പോള് അല്പം പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് നവംബര് 18-ന് വത്തിക്കാന് വാര്ത്താവിഭാഗത്തിനു നല്കിയ ടെലിഫോണ് അഭിമുഖത്തില് ഫാദര് റെന്സോ പങ്കുവച്ചു.

അനൗപചാരികമായ ശൈലി

രണ്ടു പ്രാവശ്യം വത്തിക്കാനില് വന്നു കണ്ടപ്പോഴെല്ലാം പാപ്പാ ഫ്രാന്സിസ് കാണിച്ച സ്വാഭാവികത നിറഞ്ഞ പെരുമാറ്റവും സംസാരവും സാഹോദര്യത്തിന്റേതായിരുന്നു. തന്നെ കണ്ടമാത്രയില് “ഹോളെ റെന്സോ…” (Hello Renzo…!) എന്നു സ്പാനിഷില് പഴയതുപോലെ ഉറക്കെ വിളിച്ചതും;താനും മറുപാടിയായി “ഹോളെ ഹോര്ഹെ…” (Hai George…!) എന്ന് ഔപചാരികതകളൊന്നും ഇല്ലാതെ അഭിസംബോധനചെയ്തതും പിരിമുറുക്കത്തിന് അല്പം അയവുനല്കുന്ന ഓര്മ്മകളാണെന്ന് ഫാദര് റെന്സോ അഭിമുഖത്തില് വെളിപ്പെടുത്തി.

ഒരു ശിഷ്യന്റെ വിശ്വസ്തതയും സൂക്ഷ്മതയും

തിട്ടപ്പെടുത്തിയിട്ടുള്ള ആകെ 10ഔദ്യോഗിക പ്രഭാഷണങ്ങളാണ് ജപ്പാനില് ഉള്ളതെങ്കിലും, അവസരോചിതമായി ആരോടും പ്രതികരിക്കുന്ന പാപ്പാ ഫ്രാന്സിസിന്റെ ഓരോ വാക്കുകള്ക്കും വരികള്ക്കും ഒരു ശിഷ്യനും പൂര്വ്വകാല വിദ്യാര്ത്ഥിയും എന്ന പോലെ സൂക്ഷമതയോടെ താന് കാതോര്ക്കുമെന്ന് 35വര്ഷം ജപ്പാനില് മിഷണറിയായി പ്രവര്ത്തിച്ചിട്ടുള്ള ഫാദര് റെന്സോ ദി ലൂക്കാ തുറന്നു പ്രസ്താവിച്ചു.