കട്ടപ്പന: ഹോസ്പിറ്റലർ ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് ഭാരത സഭാ സ്ഥാപകൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 14-ാം ശ്രാദ്ധം ഇന്ന് ആചരിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സീറോ മലബാർ സഭ കുരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് കബറിടത്തിലേക്ക് ആഘോഷമായ ജപമാല റാലിയും പ്രത്യേക പ്രാർഥനകളും തുടർന്ന് ശ്രാദ്ധസദ്യ.
ഫൊറോന വികാരി ഫാ.ജേക്കബ് ചാത്തനാട്ട്, ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയർ ബ്രദർ ജോണി പുല്ലാനിതുണ്ടത്തിൽ, ബ്രദർ ഷിജു നന്ദികാട്ട്, പോസ്റ്റുലേറ്റർ ഫാ. ഫ്രാൻസിസ് മണ്ണാപറന്പിൽ, സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി തോമസ്, സിസ്റ്റർ ലില്ലി തുടങ്ങിയവരുടെ നേതൃത്വത്തിലാണു ശ്രാദ്ധം.1969 നവംബർ 19ന് കട്ടപ്പനയിലെത്തി ആതുരശുശ്രൂഷ തുടങ്ങിയ ബ്രദർ പാവങ്ങൾക്കു വേണ്ടിയാണ് ജീവിച്ചത്. കട്ടപ്പന സെന്റ് ജോണ്‍സ് മിഷൻ ആശുപത്രി, അഗതികളുടെ ആശ്രയമായ പ്രതീക്ഷാ ഭവൻ, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് തുടങ്ങിയ അനവധി സ്ഥാപനങ്ങളാണ് അദ്ദേഹം ആരംഭിച്ചത്.2005 നവംബർ 21നാണ് ബ്രദർ ലോകത്തോടു വിടപറഞ്ഞത്. 2014 നവംബർ 22ന് ബ്രദറിനെ ദൈവദാസൻ പദവിയിലേക്കുയർത്തി. സെന്റ് ജോണ്‍സ് ആശുപത്രിക്കു സമീപത്തെ അദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാനായി നിരവധി വിശ്വാസികൾ എത്താറുണ്ട്.