സംസാരിക്കുന്നത് ഒരേ ഭാഷയില്‍. പക്ഷേ അവര്‍ക്ക് പരസ്പരം കാര്യം മനസിലാകുന്നില്ല. എന്തുകൊണ്ട് ഒരേ ഭാഷ പരസ്പരം സംസാരിച്ചിട്ടും പരസ്പരം കാര്യങ്ങള്‍ മനസിലാകുന്നില്ല. ഉദാഹരണങ്ങള്‍ പറയാം. ഭര്‍ത്താവിന്റെ ഭാഷ എപ്പോഴും ഭാര്യയ്ക്കും ഭാര്യയുടെ ഭാഷ ഭര്‍ത്താവിനും മനസിലാകുന്നില്ല. മാതാപിതാക്കളുടെ ഭാഷ മക്കള്‍ക്കും മക്കളുടെ ഭാഷ മാതാപിതാക്കള്‍ക്കും പലപ്പോഴും മനസിലാകുന്നില്ല. മേലധികാരിയുടെ ഭാഷ കീഴിലുള്ളവര്‍ക്കും കീഴിലുള്ളവരുടെ ഭാഷ മേലധികാരികള്‍ക്കും എപ്പോഴും മനസിലാകാറില്ല. അധ്യാപകരുടെ ഭാഷ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഭാഷ അധ്യാപകര്‍ക്കും പലപ്പോഴും മനസിലാകുന്നില്ല. ഒരു മതവിശ്വാസികളുടെ ഭാഷ മറ്റ് മതവിശ്വാസികള്‍ക്ക് മനസിലാകാതെ പോകുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പരസ്പരം ഭാഷ മനസിലാകാതെ പോകുന്ന അവസരങ്ങള്‍ ധാരാളമുണ്ട്. ഒരേ തൊഴില്‍ ചെയ്യുന്ന വിവിധ ബസുകളിലെ ജീവനക്കാര്‍ പരസ്പരം ഭാഷ മനസിലാകാത്തതുകൊണ്ട് ബസ്സ്റ്റാന്‍ഡില്‍ തല്ല് കൂടാറുണ്ടല്ലോ. ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പരസ്പരം ഭാഷ മനസിലാകാത്തതുകൊണ്ടാണല്ലോ. വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഭാഷ മനസിലാകാത്തതുകൊണ്ടാണല്ലോ നിരവധി സംഘര്‍ഷങ്ങളും യുദ്ധങ്ങളും നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങള്‍, പോരടിക്കുന്നവര്‍ക്ക് പരസ്പരം ഭാഷ മനസിലാകാത്തതുകൊണ്ടാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ ഭാഷ മനസിലാകുന്നില്ല എന്നത് വലിയൊരു പ്രശ്‌നമാണ്.
എപ്പോഴാണ് അഥവാ എന്തുകൊണ്ടാണ് ആളുകള്‍ക്ക് പരസ്പരം ഭാഷ മനസിലാകാത്തത് എന്നറിയാമോ? മനുഷ്യര്‍ ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അഥവാ ദൈവത്തിന്റെ ഒരേ ആത്മാവിനാല്‍ എല്ലാവരും നയിക്കപ്പെടാത്തപ്പോള്‍ എന്നാണ് ഉത്തരം. ആരും ദൈവഹിതം അനുസരിക്കാത്തവരും ദൈവാത്മാവിനാല്‍ നയിക്കപ്പെടാത്തവരും ആകുമ്പോള്‍ ഭാഷ മനസിലാകുകയില്ല. കാരണം ഓരോരുത്തരും ഓരോ അരൂപിയാല്‍ ആയിരിക്കും അപ്പോള്‍ നയിക്കപ്പെടുക. ബന്ധപ്പെട്ട കക്ഷികളില്‍ ഒരു കൂട്ടര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുകയും മറ്റ് കൂട്ടര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോഴും പരസ്പരം ഭാഷ മനസിലാകുകയില്ല. ദൈവഹിതത്തിന് വിരുദ്ധമായി ജനങ്ങള്‍ ബാബേല്‍ ഗോപുരം പണിയാന്‍ ശ്രമിച്ചപ്പോള്‍ മുതലാണ് മനുഷ്യര്‍ക്ക് പരസ്പരം ഭാഷ മനസിലാകാതെ പോയത് (ഉല്‍പത്തി അധ്യായം 11). ആ അവസ്ഥ ഇന്നും എത്രയോ സംസാരങ്ങളില്‍ തുടരുന്നു. യേശുവിന്റെ കാലത്തും ഈ പ്രശ്‌നം ഉണ്ടായിരുന്നു.
യേശുവും മനുഷ്യരുമായുള്ള സംസാരത്തില്‍ ഭാഷ മനസിലാകാതെ വന്ന പല അവസരങ്ങളുണ്ട്. യേശുവും യഹൂദപുരോഹിതരും നിയമജ്ഞരും തമ്മില്‍ പരസ്പരം ഭാഷ മനസിലാകാതെ നടത്തുന്ന നിരവധി സംഭാഷണങ്ങള്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ 2:13-22 ഭാഗത്തും ഭാഷ മനസിലാകാത്ത സംസാരം നാം വായിക്കുന്നു. ദൈവാലയത്തില്‍നിന്ന് യേശു കച്ചവടക്കാരെ പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിച്ചു. മേശകള്‍ തട്ടിമറിച്ചു. ഇതെല്ലാം കണ്ടപ്പോള്‍ യഹൂദര്‍ യേശുവിനോട് ചോദിച്ചു: ഇത് ചെയ്യാന്‍ നിനക്ക് അധികാരമുണ്ട് എന്നതിന് എന്ത് അടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദൈവാലയം നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും. അവര്‍ക്ക് യേശു പറഞ്ഞത് മനസിലായില്ല. അവര്‍ ചോദിച്ചു: 46 വത്സരംകൊണ്ട് പണിത ഈ ആലയം മൂന്നു ദിവസംകൊണ്ട് നീ പുനരുദ്ധരിക്കുമോ? യേശു ഉദ്ദേശിച്ചത് മരണത്തിന്റെ മൂന്നാം ദിവസത്തെ തന്റെ ഉയിര്‍പ്പിനെയാണ്. പക്ഷേ ആര്‍ക്കും കര്യം മനസിലായില്ല.
ഭാഷ മനസിലാകാത്തതിന്റെ ചരിത്രം ബാബേല്‍ ഗോപുരം പണിയാന്‍ തുടങ്ങുന്നിടത്ത് ആരംഭിക്കുന്നു. എന്നാല്‍ വ്യത്യസ്തമായ ഒരു കാഴ്ച പന്തക്കുസ്ത ദിവസം നാം കാണുന്നു. അന്ന് പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം പത്രോസ് അവിടെ കൂടിയ ആയിരക്കണക്കിന് യഹൂദരോട് സംസാരിച്ചു. പത്രോസ് ഒരു ഭാഷയില്‍ മാത്രമേ സംസാരിച്ചുള്ളൂ. പക്ഷേ, അവിടെ കൂടിയിരുന്ന 25 ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ മാതൃഭാഷയില്‍ പത്രോസിന്റെ പ്രസംഗം കേട്ടു (അപ്പ. പ്രവര്‍ത്തനം അധ്യായം 2). എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഉത്തരം ഇതാണ്: പരിശുദ്ധാത്മാവ് പറഞ്ഞയാളിന്റെയും കേട്ട ആളുകളുടെയും ഹൃദയങ്ങളെയും മനസുകളെയും ഒന്നിപ്പിച്ചു. അപ്പോള്‍ അറിയത്തില്ലാത്ത ഭാഷയില്‍ പറഞ്ഞിട്ടും കാര്യം മനസിലായി.
അപ്പോള്‍ അവിടെയാണ് പ്രശ്‌നം. അവിടെയാണ് പരിഹാരവും. പരിശുദ്ധാത്മാവിനാല്‍ ഹൃദയങ്ങളും മനസുകളും ഒന്നിപ്പിക്കാതെ വരുമ്പോള്‍ ആണ് ഭാഷ മനസിലാകാതെ പോകുന്നത്. എന്നാല്‍ എപ്പോള്‍ മനുഷ്യരുടെ ഹൃദയങ്ങളും മനസുകളും പരിശുദ്ധാത്മാവിനാല്‍ ഒന്നിപ്പിക്കപ്പെടുമോ അപ്പോള്‍ സംസാരം എല്ലാവര്‍ക്കും മനസിലാകും. നമുക്കിടയില്‍ ഭാഷ മനസിലാകാതെ പോകുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമല്ലേ? അതിനുള്ള പരിഹാരവും വ്യക്തമല്ലേ? എല്ലാ മനുഷ്യരും പരിശുദ്ധാത്മാവിനാല്‍ കൂടുതല്‍ നിറയണം. അതാണ് ലോകത്തില്‍ ഭാഷ മനസിലാകാതെ പോകുന്നതിനുള്ള പരിഹാരം. അതാണ് മനുഷ്യര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാറുവാനുള്ള പരിഹാരം. ഉദാഹരണത്തിന്, ദമ്പതികള്‍ ഒരേ ആത്മാവിനാല്‍ നയിക്കപ്പെട്ടാല്‍ അവര്‍ക്കിടയില്‍ ഐക്യം ഉണ്ടാകും. കുടുംബാംഗങ്ങള്‍ എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടാല്‍ കുടുംബത്തില്‍ ഐക്യം ഉണ്ടാകും. ഇതുപോലെ എല്ലാ ബന്ധങ്ങളിലും സംഭവിക്കും.
കര്‍ത്താവേ, അങ്ങയുടെ അരൂപിയെ അയക്കുക; അപ്പോള്‍ സകലതും നവീകരിക്കപ്പെടും; ഭൂമുഖം പുതുതാവുകയും ചെയ്യും. ബൈബിളിലെ ഈ പ്രാര്‍ത്ഥന നമുക്ക് ലോകത്തെ സമര്‍പ്പിച്ച് ആവര്‍ത്തിച്ച് ചൊല്ലാം.

ഫാ. ജോസഫ് വയലില്‍ CMI