തിരുവനന്തപുരം: നിയമസഭയില്‍ തന്റെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുത്ത് സ്പീക്കര്‍. സഭയുടെ മര്യാദകള്‍ ലംഘിച്ചെന്ന കാരണം കാണിച്ച്‌ പ്രതിപക്ഷ എം.എല്‍.എമാരായ റോജി.എം.ജോണ്‍, കെ.സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്ക് താന്‍ ശാസന നല്‍കുന്നുവെന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സഭയില്‍ പറഞ്ഞത്. കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്ബിലിനെ മര്‍ദിച്ച സംഭവത്തിലാണ് എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചത്.
സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്റെ കര്‍ത്തവ്യമാണെന്നും സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചട്ടവിരുദ്ധമായ പ്രവൃത്തികളില്‍ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തിയില്‍ നടപടി അംഗീകരിക്കണമെന്നും സ്പീക്കര്‍ അറിയിച്ചു.അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും പൊലിസുകാര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് നടുത്തളത്തിലറങ്ങി നിന്നിരുന്ന നാല് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയത്. കെ.എസ്.യു മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവമാണ് എം.എല്‍.എമാരെ പ്രകോപിപ്പിച്ചത്.